സിഒടി നസീറിനെതിരായ ആക്രമണം ഒറ്റപ്പെട്ട സംഭവം;മുതലെടുപ്പിന് ശ്രമിക്കരുത്: മുഖ്യമന്ത്രി

Posted on: June 11, 2019 11:25 am | Last updated: June 11, 2019 at 1:12 pm

തിരുവനന്തപുരം: വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സിഒടി നസീറിന് നരെയുണ്ടായ ആക്രമണം ഒറ്റപ്പെട്ട സംഭവമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് മറുപടി പറയവെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. കേസില്‍ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നസീറിന്റെ മൊഴി മൂന്ന് തവണ രേഖപ്പെടുത്തി. മൂന്ന് തവണയും മൊഴി നസീറിനെ വായിച്ച് കേള്‍പ്പിച്ചു. അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയിട്ടില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

എംഎല്‍എ ഓഫീസിലേക്ക് വിളിച്ച് വരുത്തി എഎന്‍ ഷംസീര്‍ ഭീഷണിപ്പെടുത്തിയെന്ന് സിഒടി നസീര്‍ ആരോപിച്ചിരുന്നു. എഎന്‍ ഷംസീറിനെതിരായി സിഒടി നസീറിന്റെ ആരോപണങ്ങളും ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്ന കാര്യങ്ങളും പ്രതിപക്ഷം  ഓര്‍മിപ്പിച്ചെങ്കിലും മറുപടി പറയാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. സംഭവത്തെ രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കരുതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. മെയ് 18 ന് രാത്രി 8 മണിയോടെ തലശ്ശേരി കയ്യത്ത് റോഡില്‍ വച്ചാണ് സി ഒ ടി നസീര്‍ ആക്രമിക്കപ്പെട്ടത്.