സുരക്ഷാ പരിശോധന: വിമാനത്താവളങ്ങളിൽ ബോഡി സ്കാനറുകൾ

Posted on: June 9, 2019 8:01 am | Last updated: June 9, 2019 at 1:02 pm

കൊച്ചി: സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി രാജ്യത്തെ 84 വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ ശരീരം മുഴുവനായി സ്‌കാൻ ചെയ്യാൻ പറ്റുന്ന നൂതന മെഷീനുകൾ സ്ഥാപിക്കുന്നു. സുരക്ഷാ പരിശോധനകൾക്ക് അധികം സമയം ഉപയോഗിക്കാതിരിക്കുന്നതിനാണ് പുതിയ സംവിധാനം നടപ്പിലാക്കാൻ അധികൃതർ ലക്ഷ്യം വെക്കുന്നത്. ഭീകരാക്രമണവും കള്ളക്കടത്തും രാജ്യത്ത് വർധിക്കുന്ന സാഹചര്യത്തിൽ കേരളത്തിലെ നാല് വിമാനത്താവളം ഉൾപ്പെടെയുള്ളിടങ്ങളിൽ ശരീരം മുഴുവൻ സ്‌കാൻ ചെയ്യാൻ കഴിയുന്ന ബോഡി സ്‌കാനറുകൾ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്.

അടുത്ത വർഷം മാർച്ച് മാസത്തോടെ ആദ്യ ഘട്ടം നടപ്പിലാക്കാൻ കഴിയുന്ന വിധത്തിലാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. സുരക്ഷാ സംവിധാനങ്ങളുടെ ഭാഗമായി ബോഡി സ്‌കാനറുകൾ സ്ഥാപിക്കുന്നത് സംബന്ധിച്ച് ബ്യുൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യുരിറ്റി (ബി എ സി എസ്) വിഭാഗം വിമാനത്താവളങ്ങൾക്ക് പ്രത്യേക സർക്കുലർ അയച്ചിട്ടുണ്ട്. ഇത് ഉപയോഗിക്കുന്നതിനുള്ള മാനദണ്ഡങ്ങളും സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്. കയർ ഫ്രെയിം മെറ്റൽ ഡിറ്റക്ടർ, ഹാൻഡ് സ്‌കാൻഡ് സ്‌കാനറുകൾ, പേപ്പർ ഡൗൺ സേർച്ച് തുടങ്ങിയവയാണ് യാത്രക്കാരുടെ ശരീരത്തിൽ ലോഹ നിർമിത വസ്തുക്കൾ ഉണ്ടോയെന്നറിയാൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾ. എന്നാൽ ഈ ഉപകരണങ്ങൾ ഉപയോഗിച്ച് ലോഹ നിർമിതമല്ലാത്ത ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും കണ്ടുപിടിക്കാൻ കഴിയില്ല. ഈ സാഹചര്യത്തിലാണ് പരിശോധനകൾ കൂടുതൽ എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെ ബോഡി സ്‌കാനർ മെഷീനുകൾ സ്ഥാപിക്കുന്നത്.

അതീവ ജാഗ്രത പാലിക്കേണ്ട 28 വിമാനത്താവളങ്ങളിലാണ് ആദ്യ ഘട്ടത്തിൽ മെഷീൻ സ്ഥാപിക്കുക. ബാക്കി 56 വിമാനത്താവളങ്ങളിൽ 2021 മാർച്ച് മാസത്തോടെ ഇവ സ്ഥാപിക്കും. ആദ്യ ഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്ന വിമാനത്താവളങ്ങളിൽ നെടുമ്പാശ്ശേരിയും ഉൾപ്പെടും. സംസ്ഥാനത്തെ മറ്റ് മൂന്ന് വിമാനത്താവളങ്ങളിൽ രണ്ടാം ഘട്ടത്തിലായിരിക്കും മെഷീൻ സ്ഥാപിക്കുക. ഒരു ബോഡി സ്‌കാനർ മെഷീൻ സ്ഥാപിക്കുന്നതിന് രണ്ട് കോടിയിലധികം രൂപ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. മുമ്പ് ഇത്തരം മെഷീനുകൾ സ്ഥാപിക്കുന്നത് സംബന്ധിച്ച് ഗൗരവമായ ആലോചനകൾ നടന്നിരുന്നെങ്കിലും വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാകുമെന്ന് ചൂണ്ടിക്കാട്ടി ഒഴിവാക്കുകയായിരുന്നു. എന്നാൽ രാജ്യത്തെ വിമാനത്താവളങ്ങളിൽ തുടർച്ചയായി സുരക്ഷാ ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് ഇപ്പോൾ അടിയന്തരമായി ഇവ സ്ഥാപിക്കാനുള്ള തീരുമാനം കൈക്കൊണ്ടിട്ടുള്ളത്. പല വിദേശ രാജ്യങ്ങളിലെ വിമാനത്താവളങ്ങളിലും ഇത് നേരത്തേ തന്നെ ഉപയോഗത്തിലുണ്ട്. പരിശോധനക്കായി യാത്രക്കാർ ജാക്കറ്റ്, കട്ടിയുള്ള വസ്ത്രങ്ങൾ, ചെരിപ്പുകൾ, ബെൽറ്റുകൾ തുടങ്ങിയ മെറ്റീരിയലുകൾ മാറ്റിവെക്കേണ്ടി വരും. ഗർഭിണികൾ ഉൾപ്പെടെയുള്ള യാത്രക്കാരെ ഇത്തരത്തിൽ വിശദമായ പരിശോധനകൾക്ക് വിധേയമാക്കണമെന്നും സർക്കുലറിൽ ചൂണ്ടിക്കാണിക്കുന്നു.

മൾട്ടി മീറ്റർ തരംഗ സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തിലാണ് സ്‌കാനറുകൾ പ്രവർത്തിക്കുന്നത്. ഇത്തരം നൂതന മെഷീനുകൾ സ്ഥാപിക്കുന്നതോടെ വിമാനത്താവളങ്ങളിൽ കൂടുതൽ സുരക്ഷ ഉറപ്പാക്കുന്നതിനും യാത്രക്കാർക്ക് ബുദ്ധിമുട്ടില്ലാതെ പരിശോധന നടത്തുന്നതിനും കഴിയും.