ബാലഭാസ്‌കറിന്റെ മരണം: സി സി ടി വി ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് പ്രകാശന്‍ തമ്പി കൊണ്ടുപോയെന്ന് മൊഴി

Posted on: June 7, 2019 2:33 pm | Last updated: June 7, 2019 at 7:08 pm

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ അന്വേഷണം നടത്തുന്ന സംഘത്തിന് ജ്യൂസ് കടയുടെ ഉടമയില്‍ നിന്ന് ലഭിച്ചത് നിര്‍ണായക മൊഴി. അപകട ദിവസം ബാലഭാസ്‌കറും കുടുംബവും കടയില്‍ വന്നിരുന്നുവെന്നും ഇതിന്റെ ദൃശ്യങ്ങളടങ്ങുന്ന സി സി ടി വിയുടെ ഹാര്‍ഡ് ഡിസ്‌ക്, സ്വര്‍ണക്കടത്തു കേസിലെ പ്രതിയും ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പോലീസ് സംശയിക്കുന്നയാളുമായ പ്രകാശന്‍ തമ്പി എടുത്തുകൊണ്ടുപോയെന്നുമാണ് മൊഴി.

ബാലഭാസ്‌കര്‍ അപകടത്തില്‍ പെടുമ്പോള്‍ വാഹനമോടിച്ചിരുന്നതായി സംശയിക്കുന്ന തൃശൂര്‍ സ്വദേശി അര്‍ജുനും കേസിലെ മറ്റൊരു പ്രതിയായ ജിഷ്ണുവും നാട്ടില്‍ നിന്ന് മുങ്ങിയതായി നേരത്തെ അന്വേഷണ സംഘത്തിനു വിവരം ലഭിച്ചിരുന്നു. അപകട സമയത്ത് കാറോടിച്ചത് ആരായിരുന്നുവെന്നതിലെ ആശയക്കുഴപ്പം തീര്‍ക്കാന്‍ ക്രൈം ബ്രാഞ്ച് അര്‍ജുനെ ചോദ്യം ചെയ്യാനിരിക്കുകയായിരുന്നു. പൂന്തോട്ടം ആശുപത്രി ഉടമ ഡോ. രവീന്ദ്രനാഥിന്റെ മകനാണ് ജിഷ്ണു. രവീന്ദ്രനാഥിന്റെ സാമ്പത്തിക ഇടപാടുകളും ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. അസമിലുണ്ടെന്ന് കരുതുന്ന അര്‍ജുനെ ഉടന്‍ തിരുവനന്തപുരത്തെ ക്രൈം ബ്രാഞ്ച് ഓഫീസില്‍ ഹാജരാക്കണമെന്ന് അന്വേഷണ സംഘം വീട്ടുകാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ബാലഭാസ്‌കറാണ് വണ്ടിയോടിച്ചിരുന്നതെന്നാണ് അര്‍ജുന്‍ പോലീസിനു നല്‍കിയിരുന്ന മൊഴി. എന്നാല്‍ ബാലഭാസ്‌കര്‍ പിന്‍സീറ്റിലായിരുന്നുവെന്നാണ് അപകട സമയത്ത് കാറിലുണ്ടായിരുന്ന ഭാര്യ ലക്ഷ്മിയും അപകടം നടന്ന സ്ഥലത്ത് ആദ്യം ഓടിയെത്തിയ സമീപവാസിയും വെളിപ്പെടുത്തിയിരുന്നത്. ഇതിലെ ദുരൂഹത നീക്കാനാണ് ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്. വാഹനമോടിച്ചത് അര്‍ജുന്‍ ആയിരുന്നു എന്ന നിഗമനത്തിലാണ് ക്രൈം ബ്രാഞ്ച്.

ഇതിനിടെ, തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് പിടികൂടിയതോടെ കേസന്വേഷണം കൂടുതല്‍ ഊര്‍ജിതമാക്കുകയായിരുന്നു. അപകട ദിവസം ബാലഭാസ്‌കര്‍ എത്തിയ ക്ഷേത്രത്തിലും ലോഡ്ജുകളിലും അന്വേഷണ സംഘം ഇന്നലെ എത്തി ജീവനക്കാരില്‍ നിന്നും മറ്റും മൊഴിയെടുത്തു. ലോഡ്ജിലും ക്ഷേത്രത്തിലും എത്തുമ്പോഴും തിരികെ പോകുമ്പോഴും അര്‍ജുനാണ് വാഹനമോടിച്ചിരുന്നതെന്ന് ഇവര്‍ മൊഴി നല്‍കിയിട്ടുണ്ട്.

അമിത വേഗതയിലാണ് ബാലഭാസ്‌കറിന്റെ ഇന്നോവ കാര്‍ സഞ്ചരിച്ചിരുന്നതെന്ന വിവരവും പുറത്തു വന്നിട്ടുണ്ട്. തൃശൂരില്‍ നിന്ന് പുറപ്പെട്ട കാര്‍ പുലര്‍ച്ചെ 1.08നാണ് ചാലക്കുടിയിലൂടെ കടന്നുപോയത്. ചാലക്കുടിയിലെ സ്പീഡ് കാമറയില്‍ ഇതു തെളിഞ്ഞിട്ടുണ്ട്. 3.45ഓടെ കാര്‍ തിരുവനന്തപുരത്തെ പള്ളിപ്പുറത്തെത്തി. 231 കിലോമീറ്റര്‍ ദൂരം രണ്ടര മണിക്കൂര്‍ കൊണ്ടാണ് പിന്നിട്ടതെന്നത് ഇത് വ്യക്തമാക്കുന്നു.ഇതിനിടയില്‍ ബാലഭാസ്‌കറും കുടുംബവും കൊല്ലത്ത് അഞ്ചു മിനുട്ട് ചെലവഴിക്കുകയും ചെയ്തിരുന്നു.