രോഗ ഉറവിടം തേടി അന്വേഷണം; തൃശൂരിലും തൊടുപുഴയിലെ കോളജ്‌ പരിസരവും നിരീക്ഷണത്തില്‍

Posted on: June 3, 2019 11:20 am | Last updated: June 3, 2019 at 2:31 pm

കൊച്ചി: എറണാകുളത്ത് നിപ സംശയത്തെ തുടര്‍ന്ന് വിദ്യാര്‍ഥി ചികിത്സയില്‍ കഴിയുന്നതിനിടെ രോഗത്തിന് കാരണമായ ഉറവിടം തേടിയും അന്വേഷണം ആരംഭിച്ചു. ചികിത്സയിലുള്ള വിദ്യാര്‍ഥി കഴിഞ്ഞ ഒന്നര മാസത്തിനിടെ താമസിച്ച ഇടുക്കി തൊടുപുഴ കേന്ദ്രീകരിച്ചും തൃശൂര്‍ ജില്ല കേന്ദ്രീകരിച്ചുമാണ് കൂടുതല്‍ ജാഗ്രത.

തൊടുപുഴയിലെ കോളജില്‍ പഠിക്കുന്ന വിദ്യാര്‍ഥിയണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. കോളജിലെ ഹോസ്റ്റലിലല്ല, സമീപത്ത് ഒരു വീട് വാടകക്ക് എടുത്താണ് ചികിത്സയിലുള്ള വിദ്യാര്‍ഥി താമസിക്കുന്നത്. മറ്റ് നാല് സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു ഇവിടെ താമസം. ഇവര്‍ താമസിക്കുന്ന വീടും പരസിരത്തുമെല്ലാം നിരീക്ഷണം ശക്തമാക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി.

പഠനത്തിന്റെ ആവശ്യമായുള്ള തൊഴില്‍ പരിശീലനത്തിന്റെ ഭാഗമായി വിദ്യാര്‍ഥി തൃശൂരിലെത്തിയിരുന്നു. ഈ സമയത്ത് തന്നെ വിദ്യാര്‍ഥിക്ക് പനിയുണ്ടായിരുന്നു. 22 പേരോടൊപ്പമാണ് വിദ്യാര്‍ഥി തൃശൂരിലെത്തിയത്. ഇതില്‍ വിദ്യാര്‍ഥിക്കൊപ്പം നിന്ന ആറ് പേരാണ് നിരീക്ഷണത്തില്‍. എന്നാല്‍ ഇവര്‍ക്കാര്‍ക്കും പനിയില്ലെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും തൃശൂര്‍ ഡി എം ഒ ഡോ. കെ ജെ റീന അറിയിച്ചു.