Connect with us

Kerala

അമേഠിയില്‍ കാലിടറിയ രാഹുല്‍ ഗാന്ധിയെ നെഞ്ചോട് ചേര്‍ത്ത് വയനാടന്‍ ജനത; ഭൂരിപക്ഷം 4,31,770

Published

|

Last Updated

കോഴിക്കോട്: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് അമേഠിയില്‍ കാലിടറിയെങ്കിലും വയനാടന്‍ ജനത അദ്ദേഹത്തെ നെഞ്ചോട് ചേര്‍ത്തെന്നതിന് അദ്ദേഹത്തിന് ലഭിച്ച മൃഗീയ ഭൂരിപക്ഷം തന്നെയാണ് തെളിവ്. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷവുമായാണ് വയനാട് മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി ജയിച്ചു കയറിയത്. 4,31,770 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷമാണ് ഇവിടെ രാഹുലിന് ലഭിച്ചത്. 7,06,367 വോട്ടുമായി സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ വോട്ട് നേടിയ സ്ഥാനാര്‍ഥിയെന്ന പദവിയും വയനാട് രാഹുലിന് ചാര്‍ത്തി നല്‍കി.

പ്രധാന എതിരാളി സിപിഐയിലെ പിപി സുനീര്‍ 2,74,597 വോട്ട് നേടിയപ്പോള്‍ ബിഡിജെഎസിന്റെ തുഷാര്‍ വെള്ളാപ്പള്ളിക്ക് 78,816 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. രാഹുലിന്റെ കേരളത്തിലേക്കുള്ള വരവ് വയനാട്ടില്‍ മാത്രമല്ല സംസ്ഥാനത്തൊട്ടാകെ യുഡിഎഫിന് ഗുണകരമായിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ തെളിയിക്കുന്നുണ്ട്. അതേ സമയം അമേഠിയില്‍ രാഹുലിന് കനത്ത തോല്‍വി ഏറ്റ് വാങ്ങേണ്ടി വന്നു. എതിര്‍ സ്ഥാനാര്‍ഥിയും ബിജെപി നേതാവുമായ സ്മൃതി ഇറാനി നാല്‍പ്പതിനായിരത്തിലധികം വോട്ടുകള്‍ക്കാണ് രാഹുലിനെ പരാജയപ്പെടുത്തിയിരിക്കുന്നത് .

Latest