Connect with us

National

പ്രധാന മന്ത്രി പദം കിട്ടിയില്ലെങ്കിലും പ്രശ്‌നമില്ല; നിര്‍ണായക കരുനീക്കങ്ങളുമായി കോണ്‍ഗ്രസ്

Published

|

Last Updated

ന്യൂഡല്‍ഹി: കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപവത്കരിക്കുന്നതുമായി ബന്ധപ്പെട്ട് നിര്‍ണായക പ്രഖ്യാപനവുമായി കോണ്‍ഗ്രസ്. ടി ആര്‍ എസിനു പിന്നാലെ ബിജു ജനതാദളിനെ (ബി ജെ ഡി)യും ഒപ്പം നിര്‍ത്തി എന്‍ ഡി എ സര്‍ക്കാറിനെ താഴെയിറക്കുന്നതിനുള്ള കരുനീക്കങ്ങളാണ് നടത്തുന്നത്. ബി ജെ ഡി അധ്യക്ഷന്‍ നവീന്‍ പട്‌നായിക്കുമായി സംസാരിക്കാന്‍ മധ്യപ്രദേശ് കമല്‍നാഥിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

പ്രധാന മന്ത്രി പദം കിട്ടിയില്ലെങ്കിലും പ്രശ്‌നമില്ലെന്നും എന്‍ ഡി എ വീണ്ടും അധികാരത്തില്‍ വരുന്നത് തടയുക എന്നതിനാണ് പ്രാധാന്യം നല്‍കുന്നതെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. “ഞങ്ങള്‍ നിലപാട് നേരത്തെ വ്യക്തമാക്കിക്കഴിഞ്ഞതാണ്. കോണ്‍ഗ്രസിന് അനുകൂലമായ അഭിപ്രായ സമന്വയം രൂപംകൊണ്ടാല്‍ നേതൃത്വം പാര്‍ട്ടി ഏറ്റെടുക്കും. എന്നാല്‍, എന്‍ ഡി എ അധികാരത്തിലെത്താതിരിക്കുക എന്നതായിരിക്കും പ്രധാന ലക്ഷ്യം. മറ്റാരും പ്രധാന മന്ത്രിയാകരുതെന്ന കടുത്ത നിലപാട് സ്വീകരിച്ച് പ്രശ്‌നങ്ങളുണ്ടാക്കാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ല.”-ആസാദ് വിശദമാക്കി.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയം ഉറപ്പാണെങ്കില്‍ പ്രധാന മന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസ് എന്തിനാണ് ഭയക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. ഇതിനുള്ള മറുപടി കൂടിയായാണ് ആസാദ് പാര്‍ട്ടി നിലപാട് വ്യക്തമാക്കിയത്. പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യമായ മഹാഘട്ബന്ധനിലെ കക്ഷികള്‍ തമ്മില്‍ അഭിപ്രായൈക്യമില്ലെന്നും ഓരോ സഖ്യകക്ഷിയുടെയും തലവന്മാര്‍ പ്രധാന മന്ത്രി പദം ആഗ്രഹിക്കുന്നവരാണെന്നുമാണ് ബി ജെ പി ആരോപിക്കുന്നത്.

130 കോടി ജനങ്ങളുടെ തീരുമാനം കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ പാര്‍ട്ടികളും അംഗീകരിക്കുമെന്നും മെയ് 23ന് ശേഷം കോണ്‍ഗ്രസിനെ പ്രതിപക്ഷം എന്നു വിളിക്കേണ്ടി വരില്ലെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാലയും പറഞ്ഞു.

Latest