സംസ്ഥാനത്ത് 53,299 സർവീസ് വോട്ടുകൾ

Posted on: April 15, 2019 1:04 pm | Last updated: April 15, 2019 at 1:04 pm

കൊട്ടാരക്കര: സംസ്ഥാനത്ത് സർവീസ് വോട്ട് ചെയ്യുന്നത് 53,299 വോട്ടർമാർ. സൈനിക – അർധ സൈനിക വിഭാഗങ്ങളിൽ ജോലി ചെയ്യുന്നവർക്കാണ് സർവീസ് വോട്ട് ചെയ്യാൻ അവസരമുള്ളത്. ചൊവ്വാഴ്ച വൈകിട്ട് മൂന്നോടെ ഇവർക്കുള്ള ബാലറ്റുകളും അനുബന്ധ പേപ്പറുകളും ഇലക്ട്രോണിക് മാധ്യമം വഴി അയച്ചു. വോട്ടർമാർ ഈ മാസം 16ന് മുന്പായി ഇത് ഡൗൺലോഡ് ചെയ്ത് അതാത് വകുപ്പ്തല മേധാവിയുടെ സാക്ഷ്യപ്പെടുത്തലോടെ ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസർമാർക്ക് നൽകണം.

തപാൽ മാർഗമാണ് ഇത് അയച്ചുകൊടുക്കേണ്ടത്. തപാൽ ചിലവ് നൽകേണ്ടതില്ല. സംസ്ഥാനത്ത് മാവേലിക്കര ലോക്‌സഭാ മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ സർവീസ് വോട്ടർമാരുള്ളത്. 7035 പേരാണ് ഇവിടെ സർവീസ് വോട്ട് രേഖപ്പെടുത്തേണ്ടത്. പൊന്നാനിയിലാണ് കുറവ്. അവിടെ 395 പേർക്കാണ് സർവ്വീസ് വോട്ടുള്ളത്. കാസർകോട്- 3110, കണ്ണൂർ- 4406, വടകര – 2676, വയനാട്-1860, കോഴിക്കോട്-2669, മലപ്പുറം- 666, പാലക്കാട്- 2328, ആലത്തൂർ – 2322, തൃശൂർ- 711, ചാലക്കുടി- 721, എറണാകുളം- 638, ഇടുക്കി- 933, കോട്ടയം- 1322, ആലപ്പുഴ- 5296, പത്തനംതിട്ട – 4154, കൊല്ലം- 4084, ആറ്റിങ്ങൽ- 4069, തിരുവനന്തപുരം- 3904 എന്നിങ്ങനെയാണ് സർവീസ് വോട്ടുള്ള ഉദ്യോഗസ്ഥർ. 16ന് ശേഷം ഡൗൺലോഡ് ചെയ്യുന്ന ബാലറ്റുകൾ സ്വീകരിക്കാൻ കഴിയില്ല. വോട്ടെണ്ണുമ്പോൾ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ളവർ നൽകുന്ന പോസ്റ്റൽ വോട്ടുകൾക്കൊപ്പമുള്ള കൗണ്ടറിലാണ് പ്രത്യേകമായി സർവീസ് വോട്ടുകൾ എണ്ണുന്നത്.

ആദ്യ വോട്ട് അരുണാചൽ പ്രദേശിൽ നിന്ന്

കൊട്ടാരക്കര: 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ വോട്ട് അരുണാചൽ പ്രദേശിലാണ് രേഖപ്പെടുത്തിയത്. ഇൻഡോ- തിബറ്റൻ ബോർഡർ പോലീസ് തലവൻ ഡി ഐ ജി സുധാകർ നടരാജനാണ് രാജ്യത്തെ ആദ്യ സർവീസ് വോട്ട് ചെയ്തത്. ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലമായതിനാൽ സർവീസ് വോട്ട് രേഖപ്പെടുത്താനും ഇവർക്ക് ആദ്യ അവസരമൊരുങ്ങി.