ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമം: പ്രത്യേക നിയമ നിർമാണം വേണം- കാന്തപുരം

Posted on: March 31, 2019 5:55 pm | Last updated: March 31, 2019 at 5:55 pm
ഹൈദരാബാദ് ജാമിഅ നിസാമിയയിൽ സംഘടിപ്പിച്ച സമാധാന സമ്മേളനത്തിൽ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ
മുഖ്യപ്രഭാഷണം നടത്തുന്നു

ഹൈദരാബാദ്: രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ തടയാൻ നിയമ നിർമാണം നടത്തണമെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ആവശ്യപ്പെട്ടു. ഗ്രാൻഡ് മുഫ്തിയായി ചുമതലയേറ്റ ശേഷം ആദ്യമായി ഹൈദരാബാദിൽ എത്തിയ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർക്ക് ആദരമായി പ്രശസ്ത ഇസ്‌ലാമിക കലാലയമായ ജാമിഅ നിസാമിയയിൽ സംഘടിപ്പിച്ച സമാധാന സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

മത ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയുന്ന കാര്യത്തിൽ രാജ്യത്ത് നിലവിലുള്ള പൗരാവകാശ സംരക്ഷണ നിയമങ്ങളും ഇന്ത്യൻ ശിക്ഷാ നിയമങ്ങളും അപര്യാപ്തമായി.
ന്യൂനപക്ഷങ്ങൾക്കെതിരെ വ്യാപകമായി നടന്നുകൊണ്ടിരിക്കുന്ന പല അധിക്ഷേപങ്ങളെയും അക്രമങ്ങളെയും നിലവിലെ നിയമങ്ങൾ അതിക്രമങ്ങളായി അംഗീകരിക്കുക പോലും ചെയ്യുന്നില്ല.

അതേസമയം രാഷ്ട്രീയ-സാമൂഹിക പശ്ചാത്തലങ്ങൾ മാറുന്നതിനനുസരിച്ച് ന്യൂനപക്ഷങ്ങൾക്കെതിരായ അക്രമങ്ങളും വ്യത്യസ്തവും വിപുലവുമായ പുതിയ രൂപ ഭാവങ്ങൾ കൈവരിക്കുകയാണ്. അതിക്രമങ്ങൾ കൂടുന്നുണ്ടെങ്കിലും അതിന്റെ പേരിൽ ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം കുറഞ്ഞു വരുന്ന ഭീതിദമായ അവസ്ഥയാണുള്ളത്. ഈ സാഹചര്യത്തിൽ ദളിത്-ആദിവാസി വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയാനുള്ള നിയമത്തിന്റെ മാതൃകയിൽ ന്യൂനപക്ഷ സംരക്ഷണത്തിന് പുതിയ നിയമം കൊണ്ടുവരണം.

രാഷ്ട്രീയ പാർട്ടികൾ ഇക്കാര്യം അവരുടെ തിരഞ്ഞെടുപ്പ് മാനിഫെസ്‌റ്റോകളിൽ ഉൾപ്പെടുത്തി മത ന്യൂനപക്ഷങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിക്കണം. ന്യൂസിലാൻഡിലെ പള്ളികളിൽ നടന്ന അക്രമ സംഭവങ്ങളും അതിനോട് അവിടുത്തെ സർക്കാർ സ്വീകരിച്ച സമീപനങ്ങളും തീവ്രവാദവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ സ്വഭാവം തന്നെ മാറ്റുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
നേരത്തേ ജാമിഅ നിസാമിയ ക്യാന്പസിൽ എത്തിയ ഗ്രാൻഡ് മുഫ്തിയെ ശൈഖുൽ ജാമിഅ യുടെ നേതൃത്വത്തിൽ അധ്യാപകരും വിദ്യാർഥികളും ചേർന്ന് സ്വീകരിച്ചാനയിച്ചു. തുടർന്നു നടന്ന സമാധാന സമ്മേളനത്തിൽ നിസാമിയ ചാൻസലർ മുഫ്തി ഖലീൽ അഹ്മദ് അധ്യക്ഷത വഹിച്ചു. ഹൈദരാബാദ് മുഫ്തി മൗലാനാ അസിമുദ്ദീൻ ഉദ്ഘാടനം ചെയ്തു. ശൈഖ് മുഹമ്മദ് ഖാലിദ് അസ്ഹരി , സയ്യിദ് വാഹിദ് അലി നിസാമി, എൻ അലി അബ്ദുല്ല, ഡോ. അബൂബക്കർ നിസാമി എന്നിവർ പ്രസംഗിച്ചു. ജാമിഅ നിസാമിയയും മർകസും തമ്മിൽ പരസ്പര അക്കാദമിക് സഹകരണത്തിനും സമ്മേളനത്തിൽ ധാരണയായി.