പത്ത് വയസ്സുകാരന് ക്രൂര മർദനം; രണ്ട് പേർ അറസ്റ്റിൽ

Posted on: March 31, 2019 10:57 am | Last updated: March 31, 2019 at 10:57 am


മട്ടാഞ്ചേരി: പത്ത് വയസ്സുകാരനെ ക്രൂരമായി മർദിച്ച സംഭവത്തിൽ അയൽവാസിയേയും സുഹൃത്തിനേയും മട്ടാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. പനയപ്പിള്ളി പുളിമൂട്ടിൽ പറമ്പിൽ രഞ്ജിത്ത് (25), ഷാരോ ൺ(23)എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പനയപ്പിള്ളി പുളിമൂട്ടിൽ പറമ്പിൽ ഫിലോമിനയുടെ മകൻ ഡെൽവിൻ ഫ്രാൻസിസിനെയാണ് ഇവർ ക്രൂരമായി മർദിച്ചത്.

മർദനത്തിൽ കുട്ടിയുടെ നട്ടെല്ലിന് ക്ഷതമേറ്റിട്ടുണ്ട്. ഇടത് കാലിന്റെ ചിരട്ടക്ക് പൊട്ടലുമേറ്റു. ഡെൽവിന്റെ മാതാവ് പ്രതികളിലൊരാളുടെ വീടിന് സമീപം അലക്കിയ തുണി വിരിച്ചതിന്റെ വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്ന് പറയുന്നു. വ്യാഴാഴ്ച വൈകീട്ട് അഞ്ച് മണിയോടെ ട്യൂഷൻ ക്ലാസിൽ നിന്ന് മടങ്ങി വരികയായിരുന്ന ഡെൽവിനെ ഓടിച്ചിട്ട് പിടിച്ച് മർദിക്കുകയായിരുന്നു. മർദനത്തെ തുടർന്ന് കുട്ടിയെ കരുവേലിപ്പടി ആശുപത്രിയിൽ എത്തിച്ചെങ്കിലും നില വഷളായതിനെ തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.