റിഷഭിന്റെ അടി കണ്ട് ഇഷാന്ത് ഞെട്ടി !

Posted on: March 26, 2019 10:04 am | Last updated: March 26, 2019 at 10:05 am


മുംബൈ: കഴിഞ്ഞ ഐ പി എല്‍ സീസണില്‍ കാര്യമായി പരിഗണിക്കപ്പെടാതെ പോയ പേസ് ബൗളറാണ് ഇഷാന്ത് ശര്‍മ. ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ മാത്രം ഒതുങ്ങിപ്പോയ ഇഷാന്ത് കൗണ്ടി ക്രിക്കറ്റിലെ പരിചയവുമായി തിരിച്ചെത്തിയപ്പോള്‍ ഐ പി എല്‍ താരലേലത്തില്‍ മേല്‍വിലാസമുണ്ടാക്കി. ഡല്‍ഹി കാപിറ്റല്‍സ് ഇഷാന്തിനെ സ്വന്തമാക്കി.
സീസണില്‍ ഏറ്റവും മികച്ച പ്രകടനം ലക്ഷ്യമിട്ട് മുംബൈ ഇന്ത്യന്‍സിനെതിരെ കളിക്കാനിറങ്ങിയ ഇഷാന്ത് ശരിക്കും ഞെട്ടി.

കാരണം, തന്റെ ടീം അംഗമായ റിഷഭ് പന്തിന്റെ വെടിക്കെട്ട് ബാറ്റിംഗ് തന്നെ. മുംബൈയുടെ പേരു കേട്ട ബൗളിംഗ് നിരയെ നിലം തൊടീക്കാതെയാണ് റിഷഭ് കൈകാര്യം ചെയ്തത്. പിച്ച് ബാറ്റ്‌സ്മാന്‍മാരുടെ പറുദീസയാണെന്ന് റിഷഭ് നേരിട്ട ഓരോ പന്തിലും ബോധ്യപ്പെടുത്തുമ്പോള്‍ ഇഷാന്തിന്റെ നെഞ്ചിടിപ്പേറ്റി. രോഹിത് ശര്‍മ, ക്വിന്റന്‍ ഡി കോക് ഉള്‍പ്പടെയുള്ള ബാറ്റ്‌സ്മാന്‍മാര്‍ക്കെതിരെ പന്തെറിയുമ്പോള്‍ താനും അടിവാങ്ങുമെന്ന ടെന്‍ഷന്‍ ഇഷാന്തിനെ വേട്ടയാടി.
എന്നാല്‍, മികച്ച കൗണ്ടി സീസണ്‍ ആസ്വദിച്ച ഇഷാന്ത് സ്വയം മനസിനെ ബലപ്പെടുത്തി. അത് ഫലം കണ്ടു. മുംബൈയുടെ ഓപണര്‍മാരായ രോഹിത് ശര്‍മയേയും ക്വുന്റന്‍ ഡി കോകിനെയും ഇഷാന്ത് പുറത്താക്കി.
നാല് ഓവറില്‍ 34 റണ്‍സിന് രണ്ട് വിക്കറ്റെടുത്ത് ഡല്‍ഹി പേസര്‍ തിളങ്ങി.