തിരൂരങ്ങാടി ഖാസി ഖലീൽ തങ്ങളുടെ സ്ഥാനാരോഹണം ഇന്ന്

Posted on: March 21, 2019 11:54 am | Last updated: March 21, 2019 at 12:01 pm
സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി

തിരൂരങ്ങാടി: തിരൂരങ്ങാടിയിലെ പുതിയ ഖാസിയായി സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി ഇന്ന് സ്ഥാനമേൽക്കും.
തിരൂരങ്ങാടി വലിയ ജുമുഅത്ത് പള്ളിയിൽ നടക്കുന്ന ഖാസി സ്ഥാനാരോഹണ ചടങ്ങിൽ ഇന്ത്യൻ ഗ്രാന്‍ഡ്‌ മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ, സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി തങ്ങൾ മലേഷ്യ, പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ, പി എസ് കെ തങ്ങൾ തലപ്പാറ, സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി ചേളാരി, സയ്യിദ് ശിഹാബുദ്ദീൻ ബുഖാരി, സയ്യിദ് ഹബീബുറഹ്മാൻ ബുഖാരി, താനാളൂർ അബ്ദു മുസ്‌ലിയാർ, മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാർ, പൊന്മള മൊയ്തീൻ കുട്ടി ബാഖവി, വണ്ടൂർ അബ്ദുർറഹ്‌മാൻ ഫൈസി സംബന്ധിക്കും. 1300 വർഷത്തിലധികം പഴക്കമുള്ളതും കേരളത്തിലെ മുസ്‌ലിം ആരാധനാലയങ്ങളിൽ വളരെ പ്രാധാന്യമർഹിക്കുന്നതുമായ തിരൂരങ്ങാടി വലിയ ജുമുഅത്ത് പള്ളി കമ്മിറ്റിയാണ് തിരൂരങ്ങാടിയിലെ ഖാസിമാരെ നിയമിക്കുന്നത്.

നാലര പതിറ്റാണ്ട് കാലത്തെ പാരമ്പര്യമുള്ള ഖാസി പരമ്പരയാണ് തിരൂരങ്ങാടി ഖാസിമാരുടേത്. യമനിൽനിന്ന് വന്ന അബ്ദുർറഹ്മാൻ അദനിയുടെ മകനും പൊന്നാനി ശൈഖ് സൈനുദ്ധീൻ മഖ്ദൂമിന്റെ പൗത്രനുമായ അലി ഹസ്സൻ മുസ്‌ലിയാരാണ് തിരൂരങ്ങാടിയിലെ പ്രഥമ ഖാസി. അദ്ദേഹത്തിനു ശേഷം പല പ്രമുഖരും തിരൂരങ്ങാടി ഖാസിമാരായിട്ടുണ്ട്. കേരളത്തിലെ ഖാസി പരമ്പരയിൽ ഏറ്റവും ഉന്നതമായ സ്ഥാനമാണ് തിരൂരങ്ങാടി ഖാസിക്കുള്ളത്. കേരള സംസ്ഥാന രൂപവത്കരണത്തിന് മുമ്പ് തന്നെ 1880 ലെ ഖാസി ആക്ട് പ്രകാരം തിരൂരങ്ങാടിയിലെ ഖാസിമാരെ ഗവൺമെന്റ് നിയമനം നൽകി അംഗീകരിച്ചു വരുന്നുണ്ട്. കേരള സർക്കാർ നിലവിൽ വന്നതിന് ശേഷം കേരള സർക്കാറും ഈ ആക്ട് പിന്തുടരുന്നു.
സയ്യിദ് ഇബ്‌റാഹീം ഖലീൽ അൽ ബുഖാരി തങ്ങളെ ഖാസിയായി അംഗീകരിച്ചു കൊണ്ട് സർക്കാർ ഗസറ്റ് വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ കേന്ദ്ര മുശാവറ അംഗവും കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറിയും മലപ്പുറം, കോഴിക്കോട്, തൃശൂർ, എറണാകുളം ജില്ലകളിലെ നിരവധി മഹല്ലുകളിൽ ഖാസിയുമാണ് സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽബുഖാരി.