ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതി ഇന്നറിയാം. വൈകീട്ട് അഞ്ച് മണിക്കാണ് പ്രഖ്യാപനം. മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ പ്രഖ്യാപനം നടത്തും.
തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതോടെ രാജ്യമാകെ തിരഞ്ഞെടുപ്പ് ചട്ടം നിലവില്‍ വരും. ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം അരുണാചല്‍ പ്രദേശ്, ആന്ധ്രാപ്രദേശ്, സിക്കിം, ഒഡീഷാ എന്നീ സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കും. ഇതു കൂടാതെ രാഷ്ട്രപതി ഭരണം നിലവിലുള്ള ജമ്മു കശ്മീരിലും നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ സാധ്യതയുണ്ട്.
കഴിഞ്ഞദിവസം തിരഞ്ഞെടുപ്പ് കമ്മീഷന്‍ അവലോകന യോഗം ചേര്‍ന്നിരുന്നു. ഏപ്രില്‍, മെയ് മാസങ്ങളിലായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക. 2014 ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം മാര്‍ച്ച് അഞ്ചിനാണ് നടന്നത്.