Connect with us

Gulf

അബുദാബിയില്‍ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്

Published

|

Last Updated

അബുദാബി: അബുദാബിയില്‍ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവെന്ന് അധികൃതര്‍. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളെ അപേക്ഷിച്ചു 2018ല്‍ അവിശ്വസനീയമായ വളര്‍ച്ച പ്രകടിപ്പിച്ചതായി അബുദാബി സാംസ്‌കാരിക-വിനോദസഞ്ചാര വകുപ്പ് അറിയിച്ചു. ലോകനിലവാരമുള്ള പരിപാടികളുടെ ആതിഥേയത്വം, പ്രത്യേക ടൂറിസം മേഖലകളിലെ മെച്ചപ്പെടുത്തലുകള്‍, അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍, സാംസ്‌കാരിക പ്രദര്‍ശനങ്ങളുടെ ഗണ്യമായ വികസനം എന്നിവയാണ് കാരണം.

കഴിഞ്ഞ വര്‍ഷം ഒരു കോടി 27 ലക്ഷം വിനോദ സഞ്ചാരികളാണ് അബുദാബി സന്ദര്‍ശിച്ചത്. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ചു ഏറ്റവും ഉയര്‍ന്ന എണ്ണമാണിത്. 2016ന്റെ ആരംഭം മുതല്‍ തലസ്ഥാനത്തെ ഹോട്ടല്‍ അതിഥികളുടെ എണ്ണത്തില്‍ 13.62 ശതമാനം വര്‍ധിച്ചു. ആഗോള തലത്തില്‍ ഒരു സാംസ്‌കാരിക നഗരമാക്കി അബുദാബിയെ ഉയര്‍ത്താനുള്ള നടപടികള്‍ പുരോഗമിക്കുന്നതായും സാംസ്‌കാരിക വകുപ്പ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

അബുദാബി ടൂറിസം മേഖലയിലെ എല്ലാ മേഖലകളിലും വന്‍തോതിലുള്ള പുരോഗതി കൈവരിച്ചിട്ടുണ്ട്. സാംസ്‌കാരിക, ബിസിനസ്സ്, കുടുംബശ്രീ, ആരോഗ്യ മേഖലകളടക്കമുള്ളവ ഇതില്‍ ഉള്‍പെടുന്നു. ക്രൂയിസ് സെക്ടര്‍ വഴി 350,000 സന്ദര്‍ശകരാണ് 2018ല്‍ അബുദാബിയിലെത്തിയത്.