Connect with us

National

അഭിനന്ദന്‍ വാഗ അതിര്‍ത്തിയിലെത്തി; അല്‍പസമയത്തിനകം ഇന്ത്യക്ക് കൈമാറും

Published

|

Last Updated

ഡല്‍ഹി: പാക്കിസ്ഥാന്‍ കസ്റ്റഡിയിലായ വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വാഗ അതിര്‍ത്തിയിലെത്തി. അല്‍പസമയത്തിനകം ഇന്ത്യക്ക് കൈമാറും. അഭിനന്ദന്‍ വര്‍ത്തമാനെ സ്വീകരിക്കാന്‍ വാഗാ അതിര്‍ത്തി ഒരുങ്ങി. നൂറുകണക്കിന് പേരാണ് ദേശീയ പതാകയും ഹാരങ്ങളുമായി ചരിത്രമുഹൂര്‍ത്തത്തിനായി കാത്തിരിക്കുന്നത്.

അല്‍പസമയത്തിനകം അഭിനന്ദനെ ഇന്ത്യക്ക് കൈമാറും. വാഗയില്‍ വച്ച് ഗ്രൂപ്പ് കമാന്‍ഡര്‍ ജെ ഡി കുര്യന്റെ നേതൃത്വത്തിലുള്ള വ്യോമസേനാ സംഘം അഭിനന്ദനെ സ്വീകരിക്കും. അഭിനന്ദനെ തിരികെ കൊണ്ടു വരാന്‍ വ്യോമസേനയുടെ പ്രത്യേക വിമാനം ലാഹോറിലേക്ക് അയക്കാം എന്ന് ഇന്ത്യ അറിയിച്ചെങ്കിലും ഈ നിര്‍ദേശം പാകിസ്ഥാന്‍ തള്ളുകയായിരുന്നു. പഞ്ചാബിലെ വാഗാ അതിര്‍ത്തി വഴി അഭിനന്ദനെ മടക്കി അയക്കാം എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. അഭിനന്ദനെ നേരിട്ട് വ്യോമമമാര്‍ഗം ഡല്‍ഹിയിലെത്തിക്കാമെന്നായിരുന്നു ഇന്ത്യയുടെ നിലപാട്.

അതേസമയം, അട്ടാരി- വാഗാ അതിര്‍ത്തിയിലെ ഇന്നത്തെ പതാക താഴ്ത്തല്‍ (ബീറ്റിംഗ് റിട്രീറ്റ്) ചടങ്ങ് ബോര്‍ഡര്‍ സെക്യൂരിറ്റ് ഫോഴ്‌സ് (ബിഎസ്എഫ്) റദ്ദാക്കി. അഭിനന്ദന്‍ വര്‍ത്തമാനെ ഇന്ന് കൈമാറുന്ന സാഹചര്യത്തിലാണ് ചടങ്ങ് ഒഴിവാക്കിയത്. ഡെപ്യൂട്ടി കമ്മീഷണര്‍ ശിവ് ദുലര്‍ സിംഗാണ് ഇക്കാര്യം അറിയിച്ചത്.

അഭിനന്ദിനെ സ്വീകരിക്കാനായി പിതാവ് എസ് വര്‍ധമാന്‍, മാതാവ് ഡോ. ശോഭ എന്നിവര്‍ വാഗാ അതിര്‍ത്തിയിലെത്തിയിട്ടുണ്ട്. ഉന്നത സൈനിക ഉദ്യോഗസ്ഥരും ഇവിടെ എത്തിക്കഴിഞ്ഞു. ഇന്ത്യന്‍ അതിര്‍ത്തിയില്‍ എത്തിയാല്‍ ഉടന്‍ തന്നെ അഭിനന്ദനെ ഡല്‍ഹിയിലേക്ക് കൊണ്ടും പോകുമെന്നാണ് വിവരം. ഡല്‍ഹിയില്‍ വച്ച് മെഡിക്കല്‍ പരിശോധനകള്‍ അടക്കം പല നടപടികളും പൂര്‍ത്തിയാക്കിയ ശേഷമാവും അഭിനന്ദനെ കുടുംബത്തിനൊപ്പം വിടുക.

നയതന്ത്ര സമ്മര്‍ദങ്ങള്‍ക്കൊടുവിലാണ് പാക്കിസ്ഥാന്റെ പിടിയിലായി മൂന്നാം ദിവസം തന്നെ അഭിനന്ദനെ മോചിപ്പിക്കാനായത്. ഇന്നലെ, പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനാണ് അഭിനന്ദന്‍ വര്‍ദ്ധമാനെ വിട്ടയക്കാന്‍ തീരുമാനിച്ച വിവരം അറിയിച്ചത്.

Latest