Connect with us

National

സംഘര്‍ഷാവസ്ഥ അയഞ്ഞാല്‍ അഭിനന്ദനെ വിട്ടയക്കാമെന്ന് പാക്കിസ്ഥാന്‍

Published

|

Last Updated

ഇസ്ലാമാബാദ്: വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ വിട്ടയക്കുന്ന കാര്യം പരിഗണിക്കുമെന്ന് പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി. ഇന്ത്യ- പാക് ബന്ധം മെച്ചപ്പെടുത്താന്‍ ഏത് നടപടിക്കും പാക്കിസ്ഥാന്‍ തയ്യാറാണ്. നിലവിലെ സംഘര്‍ഷാവസ്ഥക്ക് അയവ് വരുത്താന്‍ സാധിക്കുമെന്നുണ്ടെങ്കില്‍ പാകിസ്ഥാന്റെ കസ്റ്റഡിയിലുള്ള ഇന്ത്യന്‍ പൈലറ്റിനെ വിട്ടയക്കുന്നതും ഞങ്ങള്‍ പരിഗണിക്കും. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്നദ്ധത അറിയിക്കുന്ന പക്ഷം അദ്ദേഹത്തോട് സംസാരിക്കാന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ തയ്യാറാണെന്നും ഖുറേഷി വ്യക്തമാക്കി. പാകിസ്ഥാന്‍ മാധ്യമമായ ജിയോ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

അഭിനന്ദന്‍ വര്‍ധമാന്റെ മോചനത്തിനായി ഇന്ത്യ നയതന്ത്ര നീക്കങ്ങള്‍ ശക്തമാക്കിയതിന് പിന്നാലെയാണ് പാക് ഭരണകൂടം നിലപാട് വ്യക്തമാക്കിയത്. ജനീവ കരാര്‍ പാലിച്ച് യുദ്ധത്തടവുകാരനായ പൈലറ്റിനെ വിട്ടുനല്‍കണമെന്നും നയതന്ത്ര സഹായം ലഭ്യമാക്കണമെന്നും പാക് വിദേശകാര്യമന്ത്രാലയത്തോട് പാക്കിസ്ഥാനിലെ ഇന്ത്യ ഹൈക്കമ്മീഷന്‍ ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു.

ഇന്ത്യന്‍ വ്യോമസേനാ ഉദ്യോഗസ്ഥന്റെ പരുക്കേറ്റ ദൃശ്യങ്ങള്‍ പാക്കിസ്ഥാന്‍ പുറത്തുവിട്ടത് അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളുടെയും ജനീവ കണ്‍വെന്‍ഷന്റെയും മാനദണ്ഡങ്ങളുടെ ലംഘനമാണെന്ന് വിദേശകാര്യ മന്ത്രാലയം പാക്കിസ്ഥാനെ അറിയിച്ചു. പാക്കിസ്ഥാന്‍ ആക്ടിംഗ് ഹൈക്കമ്മീഷണര്‍ സയ്യിദ് ഹൈദര്‍ ഷായെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തിയാണ് ഇക്കാര്യം അറിയിച്ചത്.

Latest