Connect with us

Gulf

വിദഗ്ധ ചികിത്സക്ക് സുമയ്യക്ക് നാട്ടില്‍ പോകണം; സുമനസുകളുടെ സഹായം തേടുന്നു

Published

|

Last Updated

ദുബൈ: മക്കളെ പോറ്റാന്‍ ജീവിതോപാധി തേടി യു എ ഇയിലെത്തിയ കൊല്ലം സ്വദേശി സുമയ്യ(39)ക്ക് അടിയന്തര ചികിത്സ വേണം. അതിനായി എത്രയും പെട്ടെന്ന് നാടണയണം. പക്ഷേ, രോഗബാധിതയായി ദുബൈയില്‍ കിടപ്പിലാണ്. മൂന്ന് കുട്ടികളുടെ മാതാവാണ് ഇവര്‍. അതിനായി സുമനസുകളുടെ സഹായം തേടുകയാണിവര്‍.
കോഴിക്കോട് കൊടുവള്ളിയിലാണ് സുമയ്യയുടെ കുടുംബം ഇപ്പോള്‍ താമസിക്കുന്നത്. അവിടേക്കാണ് പോകേണ്ടത്. ഒരു മാസം മുന്‍പ് ജോലിക്കിടെ രക്തസമ്മര്‍ദം കൂടുകയും ഇടതുകൈ അടക്കം ശരീരത്തിന്റെ ഒരു ഭാഗം ചലനശേഷി നഷ്ടപ്പെടുകയുമായിരുന്നു. കൂടാതെ വായയുടെ ഒരു ഭാഗവും കോടിപ്പോയി. ദുബൈ ആശുപത്രിയില്‍ ദിവസങ്ങളോളം ചികിത്സിച്ചെങ്കിലും ഭേദമായില്ല. സുഹൃത്തിന്റെ മുറിയിലാണ് ഇപ്പോള്‍ താമസം.
മൂന്ന് മക്കളായ ശേഷം ഭര്‍ത്താവ് ഉപേക്ഷിച്ചതിനെ തുടര്‍ന്ന് 12 വര്‍ഷം മുന്‍പാണ് സുമയ്യ യു എ ഇയിലെത്തിയത്. പ്രീഡിഗ്രി വരെ പഠിച്ച ഇവര്‍ ദുബൈ കേന്ദ്രീകരിച്ച് ഫ്രീലാന്‍സായി പബ്ലിക് റിലേഷന്‍സ് ജോലികള്‍ ചെയ്തുവരികയായിരുന്നു. ഒട്ടേറെ പേര്‍ക്ക് സഹായം ചെയ്തിട്ടുണ്ടെന്ന് സുമയ്യയെ അറിയുന്നവര്‍ ചൂണ്ടിക്കാട്ടി. അടുത്തിടെ അര്‍ബുദ ബാധിതര്‍ക്ക് വിഗ് നിര്‍മിക്കാനായി തന്റെ നീളന്‍ തലമുടിയും മുറിച്ചുനല്‍കുകയുണ്ടായി.

നാലു വര്‍ഷമായി പ്രമേഹ രോഗിയാണ്. മൂന്ന് മാസം മുന്‍പ് രക്തസമ്മര്‍ദവും പ്രമേഹവും കൂടിയതോടെ ജോലി ചെയ്യുക പ്രയാസകരമായിത്തീര്‍ന്നു. ഇതോടെ നാട്ടില്‍ പഠിക്കുന്ന മക്കള്‍ക്ക് ചെലവിനുള്ള പണവും അയക്കാന്‍ പറ്റാത്ത അവസ്ഥയും വന്നുചേര്‍ന്നു.
18കാരനായ രണ്ടാമത്തെ മകന് ചെറുകുടല്‍ ഇല്ലാത്തതിനാല്‍ നിത്യരോഗിയാണ്. അവന് മരുന്നിനുള്ള പണം പോലും അയക്കാന്‍ സാധിക്കുന്നില്ലെന്ന് സുമയ്യ ദുഃഖത്തോടെ പറയുന്നു. നേരത്തെ മാസംതോറും വെല്ലൂര്‍ ആശുപത്രിയില്‍ കൊണ്ടുപോയി പരിശോധന നടത്തിയിരുന്നു. കഴിഞ്ഞ കുറേ മാസങ്ങളായി ഇതു നടക്കുന്നില്ല. വീടു നിര്‍മാണം പാതിവഴിയിലായതിനാല്‍ വാടക വീട്ടില്‍ മക്കള്‍ ഒറ്റയ്ക്ക് കഴിയുന്നതും നിരാലംബയായ ഈ വീട്ടമ്മയെ അലട്ടുന്നു.
സുമയ്യക്ക് യു എ ഇയില്‍ ഏതാണ്ട് 55,000 ദിര്‍ഹത്തിന്റെ കടബാധ്യതകളുണ്ട്. കടം വീട്ടാതെ നാട്ടിലേക്ക് പോകാനാകില്ല എന്നതാണ് ഏറ്റവും വലിയ പ്രതിസന്ധി. വെള്ളം, വൈദ്യുതി ബില്ലടക്കാത്തതിനാലും വാടക നല്‍കാത്തതിനാലും നേരത്തെ താമസിച്ചിരുന്ന മുറിയില്‍ നിന്ന് ഇറങ്ങേണ്ടിവന്നു.
സാമൂഹിക പ്രവര്‍ത്തകന്‍ ജമാല്‍ കോഴിക്കോട്, ബഷീര്‍ സെയ്ദ് എടശ്ശേരി എന്നിവരുടെ സഹായത്തോടെയാണ് ഇപ്പോള്‍ കഴിയുന്നത്. വിവരങ്ങള്‍ക്ക്: 050-1198501

Latest