ആശ്വാസ വാക്കുകളുമായി കൊല്ലപ്പെട്ടവരുടെ വീട്ടില്‍ റവന്യൂ മന്ത്രിയെത്തി

Posted on: February 21, 2019 10:32 am | Last updated: February 21, 2019 at 12:52 pm

കാസര്‍കോട്: പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ സന്ദര്‍ശിച്ചു. കൊല്ലപ്പെട്ട കൃപേഷിന്റെ വീട്ടിലാണ് മന്ത്രി ആദ്യമെത്തിയത്. മന്ത്രിയെ കണ്ടതോടെ കൃപേഷിന്റെ പിതാവ് കൃഷ്ണന്‍ പൊട്ടിക്കരഞ്ഞു. പിന്നീട് മന്ത്രി കൊല്ലപ്പെട്ട ശരത് ലാലിന്റെ വീട് സന്ദര്‍ശിച്ചു.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം അതിദാരുണമാണെന്നും ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാന്‍ പാടില്ലെന്നും മന്ത്രി പറഞ്ഞു.

മേഖലയില്‍ സമാധാനം പുനസ്ഥാപിക്കുന്നതിന് എല്ലാവരുമായും ചര്‍ച്ച നടത്തും. സംഭവത്തെ ആദ്യം തന്നെ ഞാന്‍ അപലപിച്ചിരുന്നു. രാഷ്ടീയ പ്രശ്‌നവുമായി ഇതിനെ കൂട്ടിക്കുഴക്കരുത്. ഉണ്ടാകാന്‍ പാടില്ലാത്ത സംഭവമാണ് ഉണ്ടായതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.