ഡല്‍ഹി കരോള്‍ബാഗ് തീപ്പിടിത്തം: ഹോട്ടല്‍ ഉടമ അറസ്റ്റില്‍

Posted on: February 17, 2019 10:23 am | Last updated: February 17, 2019 at 6:54 pm

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കരോള്‍ബാഗില്‍ മലയാളികള്‍ ഉള്‍പ്പെടെ 17 പേരുടെ മരണത്തിനിടയാക്കിയ തീപ്പിടിത്തമുണ്ടായ സംഭവത്തില്‍ അര്‍പിത് പാലസ് ഹോട്ടല്‍ ഉടമ രാകേഷ് ഗോയല്‍ അറസ്റ്റില്‍. ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. സംഭവത്തില്‍ ഇയാള്‍ക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തിരുന്നു.

എറണാകുളം ചേരാനെല്ലൂര്‍ പണേലില്‍ സ്വദേശികളായ നളിനിയമ്മ (83), മക്കളായ വിദ്യാസാഗര്‍ (59), ജയശ്രീ (53) എന്നിവരാണ് തീപ്പിടിത്തത്തില്‍ മരിച്ച മലയാളികള്‍. ബന്ധുവിന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനായി ഡല്‍ഹിലെത്തിയതായിരുന്നു ഇവര്‍.

അഗ്നിശമന സേനാ വിഭാഗം നാല് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനം നടത്തിയാണ് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചത്. ജനറേറ്റര്‍ ഓണ്‍ ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഉണ്ടായ അമിത വൈദ്യുതി പ്രവാഹം മൂലം മുറിയിലെ എ സി പൊട്ടിത്തെറിച്ച് തീ പടര്‍ന്നതെന്നാണ് കരുതുന്നത്.