സബ് കലക്ടര്‍ക്കെതിരായ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എസ് രാജേന്ദ്രന്‍ എംഎല്‍എ

Posted on: February 10, 2019 7:20 pm | Last updated: February 10, 2019 at 10:41 pm

മൂന്നാര്‍: ദേവികുളം സബ് കലക്ടര്‍ രേണു രാജിനെതിരെ നടത്തിയ പരാമര്‍ശത്തില്‍ ഖേദപ്രകടനുവുമായി എസ് രാജേന്ദ്രന്‍ എംഎല്‍എ. തന്റെ പരാമര്‍ശങ്ങള്‍ സബ് കലക്ടറെ വേദനിപ്പിച്ചുവെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു. അതേ സമയം മൂന്നാറിലെ കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട തന്റെ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.നിര്‍മാണം തടയാന്‍ ഉദ്യോഗസ്ഥരെത്തിയാല്‍ എതിര്‍ക്കുമെന്നും എംഎല്‍എ വ്യക്തമാക്കി.

റവന്യുവകുപ്പിന്റെ നടപടി തടസപ്പെടുത്തിയ എംഎല്‍എക്കെതിരെ സബ് കലക്ടര്‍ തിങ്കളാള്ച കോടതിയില്‍ സത്യവാങ്മൂലം നല്‍കാനിരിക്കെയാണ് ഖേദപ്രകടനവുമായി എംഎല്‍എ രംഗത്തെത്തിയിരിക്കുന്നത്. സബ്കലക്ടര്‍ക്കെതിരായ പരാമര്‍ശം വിവാദമായ സാഹചര്യത്തില്‍ സിപിഎം രാജേന്ദ്രനോട് വിശദീകരണം തേടിയിരുന്നു. മൂന്നാര്‍ പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്‌സിന്റെ നിര്‍മാണം തടയാനെത്തിയ റവന്യു സംഘത്തെ എസ് രാജേന്ദ്രന്‍ തടയുകയും സബ് കലക്ടര്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയതുമാണ് വിവാദമായത്. സംഭവത്തില്‍ സബ് കലക്ടറെ അനുകൂലിച്ച് റവന്യു മന്ത്രി രംഗത്തെത്തിയിരുന്നു.