ഐക്യസംഘം കൊണ്ടുവന്നതും കൊണ്ടുപോയതും

1922നു മുമ്പും ശേഷവും കേരളത്തിലെ മതസൗഹാര്‍ദവും മതസഹിഷ്ണുതയും പരിശോധിച്ചാല്‍ ഐക്യസംഘം ഉണ്ടാക്കിയ സാമൂഹിക നവോത്ഥാനത്തിന്റെ കഥയറിയാം. ഒരു അമുസ്‌ലിമിനോട് ചിരിക്കുന്നതു പോലും പാപമായിക്കരുതുന്ന വിദ്വേഷത്തിന്റെ മതമാണ് ഐക്യസംഘത്തിലൂടെ സലഫിസം കേരളത്തിനു പഠിപ്പിക്കാന്‍ ശ്രമിച്ചത്. തെരുവുകളില്‍ കലഹിക്കാനുള്ള വിഷയമായി മതത്തെ മാറ്റിയതും ഇസ്‌ലാം എന്നാല്‍ ഒരു വലിയ ബഹളമാണെന്ന സന്ദേശം പൊതുസമൂഹത്തിനു ലഭിച്ചതും ഐക്യസംഘത്തിന്റെ വരവിന് ശേഷമാണ്. ഒന്നിപ്പിക്കാന്‍ വന്നവരുടെ പിന്‍മുറക്കാര്‍ ഇപ്പോള്‍ തല്ലിപ്പിരിഞ്ഞ് പലതായി ചിന്നിച്ചിതറുന്നതും കേരളം കണ്ടുകൊണ്ടിരിക്കുന്നു. ഐക്യസംഘം ഉണ്ടാക്കിയ സാമൂഹിക മാറ്റങ്ങള്‍ ഈ സമുദായത്തിന്റെ നാനാവിധമായ വളര്‍ച്ചയേയും മുന്നേറ്റത്തേയും തകര്‍ത്തുവെന്നു പറഞ്ഞാല്‍ അതാകും മികച്ച ശരി.
Posted on: January 18, 2019 11:21 am | Last updated: January 18, 2019 at 12:17 pm

മക്തിതങ്ങള്‍, വക്കം മൗലവി തുടങ്ങിയവര്‍ ഉയര്‍ത്തിക്കൊണ്ടുവന്ന നവോത്ഥാന മൂല്യങ്ങളെ കേരള മുസ്‌ലിം ഐക്യസംഘം അതിന്റെ പൂര്‍ണതയില്‍ എത്തിച്ചുവെന്നാണ് ഇപ്പോള്‍ ചിലര്‍ പറയുന്നത്. മുസ്‌ലിം സമുദായത്തെ മതപരമായും സാമൂഹികമായും വിദ്യാഭ്യാസ പരമായും ഈ സംഘം പത്തുവര്‍ഷം കൊണ്ട് പരിവര്‍ത്തിപ്പിച്ചുകളഞ്ഞുവത്രെ! നേരാണോ? എങ്കില്‍ ആ ചരിത്രം കൂലങ്കുശമായി തന്നെ ഒന്നു പരിശോധിക്കണമല്ലോ.
എന്തായിരുന്നു ഐക്യസംഘം, എന്തിനായിരുന്നു ഐക്യസംഘം, ആരായിരുന്നു ഈ സംഘത്തിന്റെ അവതാരകര്‍? കൊടുങ്ങല്ലൂര്‍ ഏറിയാട് ദേശങ്ങളിലെ മണപ്പാടന്മാര്‍, നമ്പൂരിവീട്ടുകാര്‍, പുത്തന്‍വീട്ടുകാര്‍, കാര്യേഴത്തുകാര്‍ തുടങ്ങിയ അതിസമ്പന്നരായ ചില മുസ്‌ലിം പ്രമാണിമാരും മലബാര്‍ കലാപം കത്തിപ്പടര്‍ന്നപ്പോള്‍ തെക്കോട്ട് ഓടിരക്ഷപ്പെട്ട കെ എം മൗലവി, ഇ കെ മൗലവി, മാഹിന്‍ ഹമദാനി തുടങ്ങിയ ചില മൗലവിമാരും ചേര്‍ന്നാണ് ഏറിയാട്ട് വെച്ച് 1922ല്‍ ഐക്യസംഘം രൂപവത്കരിക്കുന്നത്. സംഘത്തിലെ ഈ രണ്ട് പക്ഷത്തിനും രണ്ടുതരം താത്പര്യങ്ങളാണ് ഉണ്ടായിരുന്നത്.
മുസ്‌ലിം പ്രാമാണിമാര്‍ക്ക് സാമ്പത്തിക താത്പര്യങ്ങളുണ്ടായിരുന്നു – പലിശ ‘ഹലാലാ’യിക്കിട്ടിയല്ലോ! പ്രമാണിത്തവും ആഢ്യത്വവും പ്രദര്‍ശിപ്പിക്കാനുള്ള വേദികളായിരുന്നു മറ്റൊരാവശ്യം. ഐക്യസംഘത്തിന്റെ പത്ത് വാര്‍ഷികമഹാമേളകള്‍ ഈ പ്രമാണിത്ത പ്രകടനത്തിന്റെ വേദികളായിരുന്നു. വക്കംമൗലവി ഈജിപ്തില്‍ നിന്ന് കട്ടുകടത്തിക്കൊണ്ടുവന്ന മതയുക്തിവാദം എന്നു പറയാവുന്ന ഈജിപ്ഷ്യന്‍ സലഫിസം പ്രചരിപ്പിക്കുകയായിരുന്നു മൗലവിമാരുടെ ലക്ഷ്യം. ഈ രണ്ട് തത്പരകക്ഷികള്‍ ചേര്‍ന്ന് ഐക്യസംഘത്തെ പത്ത് വര്‍ഷക്കാലം ഉത്സവമാക്കി എന്ന് പറഞ്ഞാല്‍ പച്ച നേരാണ്. അതിലപ്പുറം വല്ല നവോത്ഥാനവും മുസ്‌ലിം സമുദായത്തില്‍ ഐക്യസംഘക്കാര്‍ നടത്തിയോ എന്നാണ് പരിശോധിക്കേണ്ടത്.
മൂന്ന് തലത്തില്‍ സമുദായത്തെ പരിവര്‍ത്തിപ്പിച്ചുവെന്നാണല്ലോ സംഘത്തിന്റെ ചരിത്രം പറയുന്നത്-
1) മതപരം
2) സാമൂഹികം
3) വിദ്യാഭ്യാസപരം
ഇതില്‍ ഒന്നാമത്തേതാണ് അടിസ്ഥാനപരം. എന്തായിരുന്നു ഐക്യസംഘത്തിന്റെ മതപരമായ അജന്‍ഡ? സംഘത്തിന്റെ ചരിത്രത്തില്‍ നിന്നു തന്നെ നമുക്കതു വായിക്കാം:
1923ല്‍ വക്കം മൗലവിയുടെ അധ്യക്ഷതയില്‍ ഏറിയാട്ട് ചേര്‍ന്ന ഒന്നാം സമ്മേളനത്തിന്റെ ഒന്നാം പ്രമേയം ഇങ്ങനെ:
‘….ആ സമ്മേളനത്തില്‍വെച്ച് കൊടികുത്ത്, ചന്ദനക്കുടം തുടങ്ങിയ അനാചാരങ്ങള്‍ മുസ്‌ലിംകള്‍ നടത്തരുതെന്ന പ്രമേയം ഐകകണ്‌ഠേന പാസാക്കി.’ (കെ എം മൗലവി ജീവചരിത്രം. പുറം: 145)
‘ഖബറാരാധനയെ (ഖബ്ര്‍ സിയാറത്ത്) ശക്തിയുക്തം എതിര്‍ത്തുകൊണ്ടാണ് ഐക്യസംഘം രംഗത്തു വന്നത്.’ (ശബാബ് വാരിക. വാ:32, ല:32)

‘കേരള മുസ്‌ലിംകള്‍ക്കിടയില്‍ ഉണ്ടായിരുന്ന ചന്ദനക്കുടം പള്ളിയിലേക്കു കൊണ്ടുപോകല്‍, കൊടിയേറ്റം തുടങ്ങിയ അനാചാരങ്ങളെ ധ്വംസിക്കാനായിരുന്നു ഐക്യസംഘം പ്രവര്‍ത്തിച്ചിരുന്നത്. ഇവര്‍ക്ക് പ്രചോദനം നല്‍കിയിരുന്നത് അറേബ്യയിലെ നജ്ദി അബ്ദുല്‍വഹാബിന്റെ നേതൃത്വത്തില്‍ ഉണ്ടായ മുസ്‌ലിം നവീകരണ പ്രസ്ഥാനമായിരുന്നു.’

(മുഹമ്മദ് അബ്ദുറഹ്മാന്‍ ജീവചരിത്രം. പു:267)
‘അറേബ്യയിലെ ഇബ്‌നു അബ്ദില്‍വഹാബ്, ഈജിപ്തിലെ മുഹമ്മദ് അബ്ദു, റശീദ് രിള തുടങ്ങിയ പരിഷ്‌കര്‍ത്താക്കളുടെ പാതയാണ് ഐക്യസംഘം ഏറെക്കുറെ സ്വീകരിച്ചിരുന്നത്…ഇബ്‌നു അബ്ദില്‍വഹാബിന്റെ ആശയങ്ങളോടു സദൃശ്യം കണ്ടതിനാല്‍ എതിരാളികള്‍ ഐക്യസംഘക്കാരെ ‘വഹാബിസംഘം’ എന്നു വിശേഷിപ്പിക്കുമായിരുന്നു.’
(ശബാബ്. വാ: 32, ല:32)

‘സാധാരണ മുസ്‌ലിംകള്‍ക്കിടയില്‍ കാര്യമായ സ്വാധീനം നേടാന്‍ അവര്‍ക്കു (സംഘത്തിന്) കഴിഞ്ഞില്ല. കാലാകാലങ്ങളിലായി ആചരിച്ചു വന്നിരുന്ന ആചാരാനുഷ്ഠാനങ്ങളെ എതിര്‍ത്തുവെന്നതും യാഥാസ്ഥിക പണ്ഡിതന്മാര്‍ക്ക് സാധാരണക്കാര്‍ക്കിടയില്‍ ഉണ്ടായിരുന്ന സ്വാധീനവും ഇതിനു കാരണമായി.’ (ശബാബ്. വാ:32 ല:32)
‘കൊടുങ്ങല്ലൂര്‍ക്കാര്‍ അധികവും പ്രമാണിത്തമുള്ള കുടുംബങ്ങളോ അവരെ ചുറ്റിപ്പറ്റിക്കഴിയുന്ന ആശ്രിത കുടുംബങ്ങളോ ആയിരുന്നു. നിഷ്പക്ഷ സംഘത്തിന്റെ കാലം മുതല്‍ തന്നെ സമ്പന്ന കുടുംബങ്ങളെല്ലാം ഇതുമായി സഹകരിച്ചിരുന്നു. അതുകൊണ്ടു തന്നെ ഈ കുടുംബങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ ആ കാലത്ത് ആളുകള്‍ തയാറായിരുന്നില്ല. പലരുടെ ഉള്ളിലും എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു, എന്നാല്‍ അതു പുറത്തു പറയാന്‍ വേദികള്‍ ഉണ്ടായിരുന്നില്ല.’ (ശബാബ്. വാ: 32, ല:32 അഡ്വ.ഹബീബ് മണപ്പാടുമായുള്ള അഭിമുഖത്തില്‍ നിന്ന്)
‘പ്രസ്ഥാനത്തിനെതിരെ യാഥാസ്ഥിതികര്‍ രംഗത്തെത്തിയെങ്കിലും സാമൂഹികവും സാമ്പത്തികവുമായി മണപ്പാടിനുള്ള ഔന്നത്യത്തെ സ്‌നേഹത്തോടെയും ഭയത്തോടെയും നോക്കിക്കണ്ടിരുന്ന അവര്‍ അമര്‍ഷം ഉള്ളിലൊതുക്കി പിന്‍വലിയാന്‍ നിര്‍ബന്ധിതരായി.’
(ബക്കര്‍ മേത്തല 2010 ഫെബ്ര.28. തേജസ് ആഴ്ചവട്ടം)
ഈ ഉദ്ധരണികളെല്ലാം ഐക്യസംഘത്തിന്റെയും സലഫിസത്തിന്റെയും ആധികാരിക ചരിത്ര രേഖകളില്‍ നിന്നാണ്. ഐക്യസംഘം എന്തായിരുന്നുവെന്നും ആരെയാണ് അത് പ്രതിനിധാനം ചെയ്തിരുന്നതെന്നും സമുദായത്തിന്റെ പൊതുധാര എങ്ങനെ പ്രതികരിച്ചുവെന്നും മേല്‍ ഉദ്ധരണികളില്‍ നിന്നും വ്യക്തമാണ്. കെ എം മൗലവിയുടെ ജീവചരിത്രം എഴുതിയിരിക്കുന്നത് സലഫി ചരിത്രകാരനായ കെ കെ മുഹമ്മദ് അബ്ദുല്‍ കരീമാണ്. 250ല്‍പ്പരം പേജ് വരുന്ന ഈ പുസ്തകം 1985ല്‍, തിരൂരങ്ങാടിയിലെ ‘അല്‍കാത്തിബ്’ പബ്ലിക്കേഷന്‍സാണ് പ്രസിദ്ധീകരിച്ചത്.
മുഹമ്മദ് അബ്ദുര്‍റഹ്മാന്റെ ജീവചരിത്രമാകട്ടെ ഇതിനേക്കാള്‍ ആധികാരികമാണ്. എന്‍ പി മുഹമ്മദും കെ എ കൊടുങ്ങല്ലൂരും അടങ്ങുന്ന പ്രഗത്ഭരായ ടീമാണ് ഇത് തയ്യാറാക്കിയത്. ‘ശബാബ്’ ഏതാണെന്നു പറയേണ്ടതില്ലല്ലോ കേരളത്തിലെ സലഫി പ്രസ്ഥാനങ്ങളുടെ ജിഹ്വകളിലൊന്ന്. സുന്നിപക്ഷ ചരിത്രകാരന്മാരെ ഇവിടെ ഉദ്ധരിക്കുന്നേയില്ല.
അപ്പോള്‍ ഇതാണ് കാര്യം!

ഐക്യസംഘത്തിന്റെ മതനവീകരണ ലക്ഷ്യം കലര്‍പ്പില്ലാത്ത ശുദ്ധസലഫിസമായിരുന്നു! എന്നാലതങ്ങു നേരെചൊവ്വെ പറഞ്ഞുകൂടായിരുന്നോ? സലഫിസം ഒരു മഹത്തായ ആശയമാണെങ്കില്‍ അതിങ്ങനെ കട്ടുകടത്തണോ? ഒളിച്ചുകടത്തണോ? പുതിയ കാലത്ത് മാത്രമല്ല; പഴയ കാലത്തും ഒളിയജന്‍ഡകളിലൂടെയാണു ലോകത്ത് പലയിടത്തും സലഫിസം കടന്നുകൂടിയത്.
ഐക്യസംഘത്തിന്റെയും സലഫിസത്തിന്റെയും അജന്‍ഡകളില്‍ മേല്‍പ്പറഞ്ഞതല്ലാത്ത മുഴുത്ത ഇനങ്ങള്‍ വേറെയുമുണ്ട്. സ്ത്രീ പള്ളിപ്രവേശം, മലയാളം ഖുതുബ, നബിദിന മൗലിദ് വിരോധം, തവസ്സുല്‍, ഇസ്തിഗാസ…. ഈ പട്ടിക നീണ്ടതാണ്. കേരളത്തിലെ പാരമ്പര്യ മുസ്‌ലിം വിശ്വാസികളെ ഒരു നൂറുതവണ നരകത്തിലേക്കു തള്ളാന്‍ മാത്രം വിഭവങ്ങളുണ്ട് സലഫിസത്തിന്റെ ശിര്‍ക്ക് ഭാണ്ഡത്തില്‍. ഐക്യസംഘത്തിന്റെ പത്ത് വര്‍ഷം പോകട്ടെ; സലഫിസത്തിന്റെ മൊത്തം തൊണ്ണൂറ് വര്‍ഷത്തെ പരിശ്രമം കൊണ്ട് ഈ അജന്‍ഡയില്‍ വല്ലതും നടപ്പായോ? ഇവര്‍ എതിര്‍ത്തു ഇല്ലാതാക്കാന്‍ ശ്രമിച്ചതു വല്ലതും ഇല്ലാതായോ? ഞാന്‍ ഉപന്യസിക്കുന്നില്ല; നവോത്ഥാനം പറയുന്നവരുടെ മുന്‍കയ്യില്‍ അതൊക്കെ ഒരു സോഷ്യല്‍ ഓഡിറ്റിംഗിന് വിധേയമാക്കട്ടെ!
1922നു മുമ്പും ശേഷവും കേരളത്തിലെ മതസൗഹാര്‍ദവും മതസഹിഷ്ണുതയും പരിശോധിച്ചാല്‍ ഐക്യസംഘം ഉണ്ടാക്കിയ സാമൂഹിക നവോത്ഥാനത്തിന്റെ കഥയറിയാം. ഒരു അമുസ്‌ലിമിനോട് ചിരിക്കുന്നതു പോലും പാപമായിക്കരുതുന്ന വിദ്വേഷത്തിന്റെ മതമാണ് ഐക്യസംഘത്തിലൂടെ സലഫിസം കേരളത്തിനു പഠിപ്പിക്കാന്‍ ശ്രമിച്ചത്. തെരുവുകളില്‍ കലഹിക്കാനുള്ള വിഷയമായി മതത്തെ മാറ്റിയതും ഇസ്‌ലാം എന്നാല്‍ ഒരു വലിയ ബഹളമാണെന്ന സന്ദേശം പൊതുസമൂഹത്തിനു ലഭിച്ചതും ഐക്യസംഘത്തിന്റെ വരവിന് ശേഷമാണ്.

ഒറ്റ മനസ്സോടെ ഒന്നിച്ചുനിന്നിരുന്ന കേരള മുസ്‌ലിംകള്‍ക്കിടയില്‍ ഭിന്നിപ്പിന്റെ വിഷവിത്ത് പാകിയത് ഐക്യസംഘം എന്നു പേരിട്ട അനൈക്യസംഘത്തിന്റെ വരവോടെയാണ്. 22നു മുമ്പ് കേരള മുസ്‌ലിംകള്‍ക്ക് ഒരു നേതൃത്വമേ ഉണ്ടായിരുന്നുള്ളൂ, ഒരു നാട്ടില്‍ ഒരു മഹല്ല് ജമാഅത്ത് മാത്രമേ ഉണ്ടായിരുന്നുള്ളൂ, പള്ളികളും മതപാഠശാലകളും കൂട്ടായ്മകളും ഒന്നേ ഉണ്ടായിരുന്നുള്ളൂ. ഐക്യസംഘത്തിന്റെ വരവോടെ ഈ ഒരുമ തകര്‍ന്നു. ഒന്നിപ്പിക്കാന്‍ വന്നവരുടെ പിന്‍മുറക്കാര്‍ ഇപ്പോള്‍ തല്ലിപ്പിരിഞ്ഞു പലതായി ചിന്നിച്ചിതറുന്നതും കേരളം കണ്ടുകൊണ്ടിരിക്കുന്നു. ഐക്യസംഘം ഉണ്ടാക്കിയ സാമൂഹിക മാറ്റങ്ങള്‍ ഈ സമുദായത്തിന്റെ നാനാവിധമായ വളര്‍ച്ചയേയും മുന്നേറ്റത്തേയും തകര്‍ത്തുവെന്നു പറഞ്ഞാല്‍ അതാകും മികച്ച ശരി.
(തുടരും)
ഒ എം തരുവണ ഫോണ്‍- 919400 501168