അലോക് വര്‍മക്ക് ക്ലീന്‍ചിറ്റ്; അഴിമതി നടത്തിയതിന് തെളിവില്ലെന്ന് ജസ്റ്റിസ് എ കെ പട്‌നായിക്

Posted on: January 12, 2019 10:10 am | Last updated: January 12, 2019 at 12:50 pm

ന്യൂഡല്‍ഹി: സിബിഐ മുന്‍ ഡയറക്ടര്‍ അലോക് വര്‍മക്ക് ക്ലീന്‍ചിറ്റുമായി ജസ്റ്റിസ് എ കെ പട്‌നായിക്. അലോക് വര്‍മക്കെതിരെ അഴിമതിക്ക് തെളിവില്ലെന്നും വര്‍മയെ മാറ്റാന്‍ തിടുക്കം കാട്ടേണ്ടതില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സിവിസി റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ താന്‍ കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിവിസി അന്വേഷണത്തിന് നേതൃത്വം നല്‍കിയത് പട്‌നായിക് ആയിരുന്നു.
പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള ഉന്നതതല സമിതി സി ബി ഐ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് നീക്കിയതിന് പിന്നാലെ അലോക് വര്‍മ സര്‍വീസില്‍ നിന്ന് രാജിവെച്ചിരുന്നു. സി ബി ഐയില്‍ ബാഹ്യ ഇടപെടലുകള്‍ ഉള്‍പ്പെടെ നടക്കുന്നുവെന്ന ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ത്തിയതിന് പിന്നാലെയാണ് രാജി. സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടതുള്‍പ്പെടെ ചൂണ്ടിക്കാട്ടി കേന്ദ്ര പേഴ്‌സനല്‍ ആന്‍ഡ് ട്രെയിനിംഗ് മന്ത്രാലയ ഡയറക്ടര്‍ സി ചന്ദ്രമൗലിക്ക് വര്‍മ രാജിക്കത്ത് നല്‍കി. ഈ മാസം 31ന് സര്‍വീസ് കാലാവധി പൂര്‍ത്തിയാക്കാനിരിക്കെയാണ് അദ്ദേഹം രാജിവെച്ചത്. കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ (സി വി സി) അന്വേഷണ റിപ്പോര്‍ട്ടില്‍ വിശദീകരണം നല്‍കാന്‍ സെലക്ട് കമ്മിറ്റി അവസരം നല്‍കിയില്ലെന്ന് അലോക് വര്‍മ രാജിക്കത്തില്‍ ചൂണ്ടിക്കാട്ടി.

കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശപ്രകാരം നിര്‍ബന്ധിത അവധിയില്‍ പ്രവേശിച്ച അലോക് വര്‍മ, സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്നാണ് സി ബി ഐ ഡയറക്ടര്‍ സ്ഥാനത്ത് തിരിച്ചെത്തിയത്. സര്‍വീസില്‍ തിരിച്ചെത്തി രണ്ട് ദിവസം പിന്നിടുന്നതിന് മുമ്പാണ് അലോക് വര്‍മയെ സി ബി ഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി ഫയര്‍ സര്‍വീസ്, സിവില്‍ ഡിഫന്‍സ് ആന്‍ഡ് ഹോം ഗാര്‍ഡ് ഡയറക്ടറായി നിയമിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ പ്രതിനിധിയായ ജസ്റ്റിസ് എ കെ സിക്രി, ലോക്‌സഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരടങ്ങിയ സെലക്ട് കമ്മിറ്റി തീരുമാന പ്രകാരമാണ് വര്‍മയെ സി ബി ഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കിയത്. ഖാര്‍ഗെയുടെ വിയോജനക്കുറിപ്പോടെയായിരുന്നു തീരുമാനം. പുതിയ പദവി ഏറ്റെടുക്കില്ലെന്ന് വ്യക്തമാക്കിയാണ് വര്‍മ രാജിവെച്ചത്.

റാഫേല്‍ യുദ്ധവിമാന ഇടപാട് ഉള്‍പ്പെടെ കേന്ദ്ര സര്‍ക്കാറിനെ പ്രതിരോധത്തിലാക്കുന്ന സുപ്രധാന വിഷയങ്ങളില്‍ സി ബി ഐ അന്വേഷണം നടത്താനിരിക്കെയാണ് ഒക്‌ടോബറില്‍ അര്‍ധരാത്രി അലോക് വര്‍മക്കും സി ബി ഐയിലെ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനക്കുമെതിരെ ചേരിപ്പോരിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുക്കുന്നത്.
കേന്ദ്രഭരണ പ്രദേശങ്ങളടങ്ങുന്ന കേഡറിലൂടെ 22ാം വയസ്സിലാണ് അലോക് വര്‍മ സിവില്‍ സര്‍വീസിന്റെ ഭാഗമാകുന്നത്. ആന്‍ഡമാന്‍ നിക്കോബാര്‍, പോണ്ടിച്ചേരി, മിസോറാം, ഡല്‍ഹി എന്നിവിടങ്ങളിലെ പോലീസ് മേധാവി, ഡല്‍ഹി ജയില്‍ ഡി ജി പി എന്നീ പദവികള്‍ വഹിച്ച ശേഷമാണ് സി ബി ഐ തലപ്പത്ത് എത്തിയത്. അധികാരത്തിലിരുന്ന ഒരു സ്ഥലങ്ങളിലും വര്‍മക്കെതിരെ അഴിമതി ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിട്ടില്ല.