സൈമണ്‍ ബ്രിട്ടോ അന്തരിച്ചു

Posted on: December 31, 2018 6:48 pm | Last updated: January 1, 2019 at 5:37 pm

തൃശൂര്‍: സിപിഎം നേതാവ് സൈമണ്‍ ബ്രിട്ടോ (64) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പുസ്തക രചനയുമായി ബന്ധപ്പെട്ട് തൃശൂരിലായിരുന്നു അദ്ദേഹം. 2006 മുതല്‍ 2012 വരെ ആംഗ്ലാ ഇന്ത്യന്‍ പ്രതിനിധിയായി നാമനിര്‍ദേശം ചെയ്യപ്പെട്ടു. ക്യാമ്പസ് രാഷ്ട്രീയത്തിന്റെ ഇരയായിരുന്നു സൈമണ്‍ ബ്രിട്ടോ. 1983ല്‍ കുത്തേറ്റതിനെ തുടര്‍ന്ന് അരക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ടു. തുടര്‍ന്ന് വീല്‍ചെയറിലായിരുന്നു ജീവിതം. സ്‌പൈനല്‍ കോര്‍ഡിനേറ്റ മുറിവാണ് അദ്ദേഹത്തിന്റെ ജീവിതം വീല്‍ചെയറിലാക്കിയത്. സീന ഭാസ്‌കറാണ് ഭാര്യ. ഒരു മകളുണ്ട്.

പ്രഭാഷകനായും എഴുത്തുകാരനായും തിളങ്ങിയ അദ്ദേഹം വിദ്യാര്‍ഥികളുടെ ആവേശമായിരുന്നു. രണ്ട് നോവലുകള്‍ എഴുതിയിട്ടുണ്ട്. എറണാകുളത്തിനടുത്ത് പോഞ്ഞിക്കരയില്‍ നിക്കോളാസ് റോഡ്രിഗ്‌സിന്റെയും ഇറിന്‍ റോഡ്രിഗ്‌സിന്റെയും മകനായി 1954 മാര്‍ച്ച് 27നാണ് സൈമണ്‍ ബ്രിട്ടോ ജനിച്ചത്. പച്ചാളം സെന്റ് ജോസഫ് എച്ച്.എസ്, എറണാകുളം സെന്റ് ആല്‍ബര്‍ട്ട്‌സ് കോളജ്, ബീഹാറിലെ മിഥില യൂനിവേഴ്‌സിറ്റി, തിരുവനന്തപുരം ലോ അക്കാദമി, എറണാകുളം ലോ കോളജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം.

എസ്എഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റ്, കേരള ഗ്രന്ഥശാല സംഘം സംസ്ഥാന പ്രതിനിധി. കേരള യൂനിവേഴ്‌സിറ്റി സ്റ്റുഡന്റ് കൗണ്‍സില്‍ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. സൈമണ്‍ ബ്രിട്ടോയുടെ വിയോഗത്തില്‍ സിപിഎം അനുശോചിച്ചു.