Kerala
ഹജ്ജ് യാത്രക്കൂലി ഇളവ് സംസ്ഥാന ഹജ്ജ് കമ്മിറ്റി നടത്തിയ നിരന്തര ശ്രമത്തിന്റെ ഫലം: സി മുഹമ്മദ് ഫൈസി

കോഴിക്കോട്: മതപരമായ തീര്‍ത്ഥാടക ആവശ്യങ്ങള്‍ക്കുള്ള ചാര്‍ട്ടേഡ് വിമാനങ്ങളിലെ യാത്രാനിരക്കിന്റെ ജിഎസ്ടി പതിനെട്ടില്‍ നിന്ന് അഞ്ചാക്കി കുറച്ചതിനാല്‍ വരും വര്‍ഷങ്ങളില്‍ ഹജ്ജ് വിമാനയാത്രാ നിരക്ക് ഗണ്യമായി കുറയുമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി. കേന്ദ്ര ജിഎസ്ടി കൗണ്‍സിലിന്റെ തീരുമാനത്തെ സംസ്ഥാന ഹജ്ജ് കമ്മിറ്റി സ്വാഗതം ചെയ്തു. സംസ്ഥാന ഹജ്ജ് കമ്മിറ്റി നടത്തിയ നിരന്തര ശ്രമത്തിന്റെ ഫലമാണ് തീരുമാനമെന്ന് സി മുഹമ്മദ് ഫൈസി അറിയിച്ചു.
Read also: ജിഎസ്ടി അഞ്ച് ശതമാനമാക്കി; ഹജ്ജ് യാത്രാകൂലി 13 ശതമാനം കുറയും
ഹജ്ജ് തീര്‍ഥാടകരുടെ വിമാനടിക്കറ്റിന്‍മേലുള്ള ജിഎസ്ടി നിരക്ക് അഞ്ച് ശതമാനമായി കുറയ്ക്കാന്‍ ഡല്‍ഹിയില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗമാണ് തീരുമാനമെടുത്തത്. ഇതോടെ ഹജ്ജ് യാത്രാക്കൂലിയില്‍ 13 ശതമാനം കുറവ് വരും. ഹജ്ജ് യാത്രികരേയുമായി പോകുന്ന ചാര്‍ട്ടേഡ് വിമാനങ്ങളെ സാധാരണ വിമാനങ്ങളായി കണക്കാക്കി ജിഎസ്ടി ഈടാക്കാനാണ് യോഗത്തില്‍ തീരുമാനമായതെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്ക് സിറാജ്‌ലൈവിനോട് വ്യക്തമാക്കിയിരുന്നു..
സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴിയുള്ള തീര്‍ഥാടകരെ നിലവില്‍ ചാര്‍ട്ടേഡ് വിമാനത്തിലാണ് കൊണ്ടുപോകുന്നത്. ചാര്‍ട്ടേഡ് വിമാനത്തില്‍ പോകുന്നവരുടെ നിരക്ക് നിലവില്‍ 18 ശതമാനമാണ്. ഈ വിമാനങ്ങളെ സാധാരണ വിമാനമായി കണക്കാക്കുന്നതോടെ നിരക്ക് അഞ്ച് ശതമാനത്തിലേക്ക് കുറയുമെന്ന് മന്ത്രി വ്യക്തമാക്കി. ആരാധാനാവശ്യത്തിന് പോകുന്ന എല്ലാ യാത്രക്കാരുടെയും ടിക്കറ്റ് നിരക്കിന്‍മേലുള്ള ജിഎസ്ടി അഞ്ച് ശതമാനമാക്കാനും കൗണ്‍സില്‍ തീരുമാനിച്ചിട്ടുണ്ട്. സ്വകാര്യ ഗ്രൂപ്പുകള്‍ വഴി പോകുന്ന ഹജ്ജ് തീര്‍ഥാടകരുടെ നിരക്ക് നിലവില്‍ തന്നെ അഞ്ച് ശതമാനമാണ്.