Connect with us

National

പശ്ചിമ ബംഗാളില്‍ ബി ജെ പി രഥയാത്രക്കു ഹൈക്കോടതി അനുമതി

Published

|

Last Updated

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ രഥയാത്രക്കു അനുമതി നല്‍കി കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവ്. വര്‍ഗീയ സംഘര്‍ഷ സാധ്യത മുന്‍നിര്‍ത്തി മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ രഥയാത്രക്കു അനുമതി നിഷേധിച്ചിരുന്നു.

ചില ഉപാധികളോടെയാണ് യാത്രക്ക് കോടതി അനുമതി നല്‍കിയിട്ടുള്ളത്. രഥയാത്ര കടന്നുപോകുന്ന ജില്ലകളിലെ പോലീസ് അധികാരികളെ സംഘാടകര്‍ 12 മണിക്കൂറിനു മുമ്പ് വിവരം അറിയിക്കണം. യാത്ര സമാധാനപരമായിരിക്കുമെന്ന് പോലീസ് കമ്മീഷണര്‍ ഉറപ്പു വരുത്തണം. സംസ്ഥാന സര്‍ക്കാറിന്റെ നിയന്ത്രണങ്ങള്‍ക്കു വിധേയമായാണു യാത്ര നടത്തേണ്ടത്. നിയമ ലംഘനമൊന്നും ഉണ്ടാകുന്നില്ലെന്ന് സര്‍ക്കാര്‍ ഉറപ്പാക്കുകയും വേണം.

ഹൈക്കോടതിയുടെ ഉത്തരവിനെതിരെ ഡിവിഷന്‍ ബഞ്ചിനെ സമീപിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഹൈക്കോടതി ഉത്തരവിനെ ബി ജെ പി സ്വാഗതം ചെയ്തു. രഥയാത്ര തടയാന്‍ ആവുന്നത്ര ശ്രമിച്ച മമത സര്‍ക്കാറിനേറ്റ കനത്ത പ്രഹരമാണ് ഉത്തരവെന്ന് ബി ജെ പി നേതാക്കള്‍ പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പു പ്രചാരണാര്‍ഥം മൂന്നു രഥങ്ങളിലായി 42 പാര്‍ലിമെന്റ് മണ്ഡലങ്ങളില്‍ പര്യടനം നടത്തി കൊല്‍ക്കത്തയില്‍ യാത്ര അവസാനിപ്പിക്കും വിധമാണ് ബെ ജെ പി പദ്ധതി തയാറാക്കിയിട്ടുള്ളത്. പ്രധാന മന്ത്രി നരേന്ദ്ര മോദിയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായും രഥയാത്രയില്‍ പങ്കെടുക്കുമെന്നാണ് അറിയുന്നത്.

Latest