മലാക്കയില്‍ രണ്ട് കുട്ടികള്‍ വെന്ത് മരിച്ച തീപ്പിടുത്തത്തിന് കാരണം ഗ്യാസ് ചോര്‍ച്ചയെന്ന് സൂചന

Posted on: December 7, 2018 11:25 am | Last updated: December 7, 2018 at 12:26 pm

വടക്കാഞ്ചേരി : തെക്കുംകര പഞ്ചായത്തിലെ മലാക്കയില്‍ വീട്ടിലെ കിടപ്പുമുറിയിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ടു കുട്ടികള്‍ വെന്തുമരിച്ച സംഭവത്തിന് കാരണം പാചക വാതകം ചോര്‍ന്നതെന്ന് സംശയം. കുട്ടികള്‍ ഉറങ്ങിക്കിടന്ന മുറിയോട് ചേര്‍ന്നാണ് ഗ്യാസ് സ്റ്റൗവ്് വെച്ചിരുന്നതെന്നാണ് അറിയുന്നത്. ഇക്കാര്യത്തില്‍ സ്ഥിരീകരണത്തിനായി ഐഒസി അധിക്യതര്‍ ഇവിടെയെത്തി പരിശോധന നടത്തും.

ആച്ചക്കോട്ടില്‍ ഡാന്‍സേഴ്‌സ് ജോയുടെ മക്കളായ ഡാന്‍ഫിലീസ്(10)സലസ്മിയ(ഒന്നര വയസ്്) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി പത്തേ മുക്കാലോടെയാണ് സംഭവം. കുട്ടികള്‍ ഉറങ്ങിയിരുന്ന മുറിക്കുള്ളില്‍ നിന്നാണ് പൊട്ടിത്തെറി ഉണ്ടായതെന്ന് കരുതുന്നു.

പൊള്ളലേറ്റ് ഡാന്‍ഡേഴ്‌സ് ജോ(46) , ഭാര്യ ബിന്ദു(36), മൂത്ത മകള്‍ സലസ് നിയ(12) എന്നിവരെ ത്യശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മുറിയില്‍ ഉറങ്ങിക്കിടന്നിരുന്ന കുട്ടികളെ പുറത്തേക്കെടുക്കാന്‍ കഴിയുന്നതിന് മുമ്പ് വീടിനുള്ളില്‍ തീ ആളിപ്പടരുകയായിരുന്നു. രണ്ടു കുട്ടികളും കട്ടിലില്‍ വെന്തു മരിച്ച നിലയിലായിരുന്നു. വീടിന് തീപ്പിടിച്ചപ്പോള്‍ ഡാന്‍ഡേഴ്‌സ് ജോ മുറ്റത്ത് കാറ് കഴുകുകയായിരുന്നു. ബിന്ദു അടുക്കളയിലും മൂത്തമകള്‍ സലസ് നിയ ടിവി കാണുകയുമായിരുന്നു. തീ ആളിപ്പടരുന്നതിനിടെ ഡാന്‍ഡേഴ്‌സ് ജോ മുറിക്കുള്ളിലേക്ക് ഓടിക്കയറി മൂത്ത മകളെ രക്ഷിച്ചു. ബിന്ദു അടുക്കള വാതില്‍ വഴി രക്ഷപ്പെട്ടുവെങ്കിലും തീ ആളിപ്പടര്‍ന്നതോടെ മറ്റ് രണ്ട് കുട്ടികളെ രക്ഷിക്കാനായില്ല.