അനധികൃതമായി റോഡ് മുറിച്ച് കടന്നാല്‍ കുടുങ്ങും

Posted on: December 6, 2018 4:37 pm | Last updated: December 6, 2018 at 4:37 pm

ഷാര്‍ജ: അനധികൃതമായി റോഡ് മുറിച്ചു കടക്കുന്നവര്‍ക്കെതിരെ മുന്നറിയിപ്പുമായി ഷാര്‍ജ പോലീസ്. കാല്‍നട യാത്രക്കാര്‍ക്ക് പ്രത്യേകമായി അനുവദിച്ച ഇടങ്ങളില്‍ കൂടിയ അല്ലാതെ റോഡ് മുറിച്ചുകടന്നാല്‍ 400 ദിര്‍ഹം പിഴ ലഭിക്കും. ഇത്തരക്കാരെ പോലീസ് കൂടുതലായി നിരീക്ഷിക്കും. നിയമ ലംഘനം ആവര്‍ത്തിച്ചാല്‍ പിഴ കൂടുതല്‍ ലഭിക്കുമെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട് പോലീസ് പ്രത്യേക ബോധവല്‍ക്കരണ ലഘുലേഖകള്‍ വിതരണം ചെയ്തു.

അതേസമയം നിശ്ചിത സ്ഥലങ്ങളിലൂടെ കാല്‍നട യാത്രക്കാര്‍ക്ക് കടന്നുപോകാന്‍ സൗകര്യമൊരുക്കാത്ത വാഹനങ്ങള്‍ക്ക് 500 ദിര്‍ഹം പിഴയും ആറ് ബ്ലാക് പോയിന്റുകളും എര്‍പെടുത്തും. കാല്‍നട യാത്രക്കാര്‍ക്കായി നിശ്ചയിച്ച ഭാഗങ്ങളില്‍ വാഹനം പാര്‍ക്ക് ചെയ്താല്‍ 500 ദിര്‍ഹം പിഴ ഏര്‍പെടുത്തുമെന്നും ഷാര്‍ജ പോലീസ്ഗതാഗത ബോധവത്കരണ വിഭാഗം ഡയറക്ടര്‍ മേജര്‍ അബ്ദുല്‍ റഹിമാന്‍ ഖാദിര്‍ വ്യക്തമാക്കി. കാല്‍നടക്കാര്‍, റോഡുകള്‍ മുറിച്ചു കടക്കുമ്പോള്‍ അശ്രദ്ധയോടെ റോഡിലൂടെ ഓടരുത്. വേഗതയില്‍ വരുന്ന വാഹനങ്ങള്‍ തട്ടി അപകട മരണങ്ങള്‍ക്ക് വരെ ഇത്തരം നിയമ ലംഘനങ്ങള്‍ വഴിയൊരുക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗതയില്‍ കൂടുതല്‍ വാഹനങ്ങള്‍ക്ക് അനുമതിയുള്ള റോഡുകളില്‍ കര്‍ശനമായും അനധികൃതമായ ഇടങ്ങളിലൂടെ റോഡ് മുറിച്ചു കടക്കരുത്. പിഴകള്‍ ഒഴിവാക്കുക എന്നത് മാത്രമല്ല. നമ്മുടെ ജീവന്‍ വിലപ്പെട്ടതാണെന്ന ബോധവല്‍കരണവും കാമ്പയില്‍നിലൂടെ മുന്നോട്ടുവെക്കുന്നുണ്ട്. ഗതാഗത സുരക്ഷിത്വം ഉറപ്പാക്കുന്നതിന് വാഹനമോടിക്കുന്നവര്‍ക്കും കാല്‍ നടയാത്രക്കാര്‍ക്കും ഒരുപോലെ ഉത്തരവാദിത്വമുണ്ട്. കാമ്പയിന്‍ ട്രാഫിക് നിയമങ്ങള്‍ ബോധവല്‍കരിക്കുന്നതിനും സുരക്ഷാ അവബോധം വര്‍ധിപ്പിക്കുന്നതിനുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.