Connect with us

Ongoing News

മിതാലി- രമേശ് പവാര്‍ ഉടക്കില്‍ പുതിയ ട്വിസ്റ്റ്

Published

|

Last Updated

മുംബൈ: മുതിര്‍ന്ന താരം മിതാലി രാജുമായി ഉടക്കിയ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം താത്കാലിക പരിശീലകന്‍ രമേശ് പവാറുമായുള്ള കരാര്‍ ദീര്‍ഘിപ്പിക്കേണ്ടതില്ലെന്ന് ബിസിസിഐ തീരുമാനിച്ചു. പവാറിന് പകരക്കാരനെ തേടി ബിസിസിഐ അപേക്ഷ ക്ഷണിച്ചു. നേരത്തെ തുഷാര്‍ അറോറയുടെ പകരക്കാരനായി നിയമിക്കപ്പെട്ട രമേശ് പവാറിന്റെ കാലാവധി വെള്ളിയാഴ്ച വരെയായിരുന്നു. ഇത് ദീര്‍ഘിപ്പിക്കേണ്ടെന്നാണ് ബിസിസിഐ തീരുമാനം. മിതാലി രാജിനെ ട്വന്റി20 ലോകകപ്പ് സെമി ഫൈനല്‍ മത്സരത്തില്‍ പുറത്തിരുത്തിയ തീരുമാനം വലിയ വിവാദത്തിനാണ് തിരി കൊളുത്തിയത്. ലോകകപ്പില്‍ തുടര്‍ച്ചയായി രണ്ട് മത്സരങ്ങളില്‍ അര്‍ധ സെഞ്ച്വറി നേടിയ മിതാലിയെ പുറത്തിരുത്തിയതിന് പിന്നില്‍ ബിസിസിഐയില്‍ സ്വാധീനമുള്ള മുംബൈയിലെ ഒരു ഉന്നതന്റെ ഇടപെടലിനെ തുടര്‍ന്നാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതും ബിസിസിഐയെ ചൊടിപ്പിച്ചു.

രമേശ് പവാറും കോച്ചിംഗ് സ്റ്റാഫ് ഡയാന എദുല്‍ജിയും തന്റെ കരിയര്‍ ഇല്ലാതാക്കാന്‍ ശ്രമിച്ചുവെന്നും തന്നെ അപമാനിച്ചുവെന്നും മിതാലി രാജ് ആരോപിച്ചിരുന്നു. തുടര്‍ന്ന് ബിസിസിഐ പവാറില്‍ നിന്ന് വിശദീകരണം തേടി. മിതാലി പിടിവാശിക്കാരിയാണെന്നും ഓപണറാക്കിയില്ലെങ്കില്‍ വിരമിക്കുമെന്ന് മിതാലി ഭീഷണിപ്പെടുത്തിയെന്നും രമേശ് പൊവാര്‍ ബിസിസിഐക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ മറുപടി നല്‍കി. മിതാലിയുമായുള്ള പ്രൊഫഷണല്‍ ബന്ധത്തില്‍ ഉലച്ചില്‍ തട്ടിയിരുന്നു. മിതാലിയുമായി പൊരുത്തപ്പെട്ടു പോവുക അസാധ്യമായിരുന്നു. ടീം കൂട്ടായ്മയില്‍ നിന്ന് അകന്നു നില്‍ക്കുന്ന പ്രകൃതമാണ് മിതാലിയുടേതെന്നും രമേശ് പറഞ്ഞു. രമേശ് പൊവാറിന്റെ ഉന്നയിച്ച ആരോപണങ്ങള്‍ തന്റെ രാജ്യസ്‌നേഹത്തെ ചോദ്യം ചെയ്യുന്നതാണെന്നും എന്റെ ജീവിതത്തിലെ ഇരുണ്ട ദിവസമാണ് ഇതെന്നും മിതാലി തിരിച്ചടിച്ചു. ഇരുപത് വര്‍ഷമായി രാജ്യത്തിന് വേണ്ടി കളിച്ചതും കളിയോടുള്ള പ്രതിബദ്ധതയും കഴിവും കഠിനാധ്വാനവും വിയര്‍പ്പും ചോദ്യം ചെയ്യപ്പെടുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ലോകകപ്പില്‍ അയര്‍ലന്‍ഡിനും പാക്കിസ്ഥാനുമെതിരെ അര്‍ധസെഞ്ച്വറി നേടിയ മിതാലി പ്ലെയര്‍ ഓഫ് ദ മാച്ച് ആയിരുന്നു. ഈ മികവ് പരിഗണിക്കാതെ ഇംഗ്ലണ്ടിനെതിരെ പുറത്തിരുത്തിയ നടപടിയാണ് വിവാദമായത്. ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും ഈ തീരുമാനമെടുത്തതില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. മത്സരം ഇന്ത്യ തോറ്റതോടെ മിതാലി രാജിനെ പുറത്തിരുത്തിയത് തെറ്റായ നടപടിയായെന്ന് ക്രിക്കറ്റ് വൃത്തങ്ങളില്‍ ചൂടേറിയ ചര്‍ച്ചക്ക് വഴിവെച്ചു.

Latest