Connect with us

Gulf

പള്ളിയിയില്‍ കുഴഞ്ഞുവീണയാളെ സഹായിച്ച മലയാളിക്ക് സംഭവിച്ചത് ! പണം നഷ്ടപ്പെട്ടു; പേഴ്‌സ് തിരിച്ചുകിട്ടി

Published

|

Last Updated

ദുബൈ: പള്ളിയിലെത്തിയ ആള്‍ കുഴഞ്ഞു വീഴുന്നത് കണ്ട് സഹായിക്കവേ പേഴ്സും രേഖകളും നഷ്ടപ്പെട്ട മലയാളിക്ക് പണം ഒഴികെയുള്ള രേഖകളുള്ള പേഴ്‌സ് തിരിച്ചുകിട്ടി. കഴിഞ്ഞ ബുധനാഴ്ച മഗ്‌രിബ് നമസ്‌കാര സമയത്ത് ദുബൈ സത്‌വയിലെ അബൂബക്കര്‍ മസ്ജിദില്‍ വെച്ചായിരുന്നു പേഴ്‌സ് നഷ്ടമായത്. ദുബൈയില്‍ ഇന്റീരിയര്‍ ഡിസൈനിംഗ് കമ്പനി നടത്തിവരുന്ന തലശ്ശേരി സ്വദേശി മുനീര്‍ പാലക്കണ്ടിക്കാണ് മൂവായിരത്തോളം ദിര്‍ഹവും രേഖകളും അടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടിരുന്നു. നിസ്‌കാരം തുടങ്ങിയതു കണ്ട് തിടുക്കത്തില്‍ കയറുന്നതിനിടെയാണ് വാതിലിനടുത്ത് പാക്കിസ്ഥാനി എന്ന് തോന്നിക്കുന്ന ഒരാള്‍ നെഞ്ചില്‍ കൈവെച്ച് കുഴഞ്ഞു വീഴുന്നത് കണ്ടത്. ഉടനെ മുനീര്‍ ഇയാളെ താങ്ങിയെടുത്ത് നിലത്ത് കിടത്താന്‍ ശ്രമിച്ചു.

ഈ സമയം ഇയാള്‍ വേദന സഹിക്കാന്‍ പറ്റാത്ത വിധം വെപ്രാളപ്പെടുകയും കാലില്‍ പിടിച്ചു വലിക്കുന്നുണ്ടായിരുന്നു. ഇതുകണ്ട് മറ്റു രണ്ടുമൂന്ന് കൂടി വന്ന് ഇയാളെ പരിചരിക്കാന്‍ സഹായിച്ചു. കൂട്ടത്തിലുണ്ടായിരുന്നൊരാള്‍ മുനീറിനോട് അകത്തു കയറി നിസ്‌കാരത്തില്‍ പങ്കുചേരാനും ഇയാളെ ഞങ്ങള്‍ നോക്കിക്കോളാമെന്നും ആംഗ്യരൂപത്തില്‍ പറഞ്ഞു.
നിസ്‌കാരം കഴിഞ്ഞു വേഗത്തില്‍ വന്നു നോക്കിയപ്പോള്‍ കുഴഞ്ഞു വീണ ആളെയും സഹായത്തിനെത്തിയ ആളുകളെയും അവിടെ കണ്ടില്ല. ആശുപത്രിയില്‍ കൊണ്ടുപോയിരിക്കാമെന്നാണ് വിചാരിച്ചത്. പിന്നീടാണ് പോക്കറ്റിലുണ്ടായിരുന്ന പേഴ്‌സ് നഷ്ടപ്പെട്ടതറിയുന്നത്. തിരിച്ചുവന്ന് പള്ളിയില്‍ തിരയുന്നതിനിടെ മറ്റു രണ്ടു ആളുകള്‍ കൂടി സമാന അനുഭവവുമായി എത്തിയിരുന്നു. അസുഖം അനുഭവിച്ച് പണം തട്ടുന്ന കവര്‍ച്ചാസംഘമാണെന്ന് മനസ്സിലായതോടെ മുനീര്‍ ബര്‍ ദുബൈ പോലീസില്‍ പരാതി നല്‍കി. സമൂഹ മാധ്യമങ്ങള്‍ വഴിയും വിവരം പങ്കുവെച്ചു.

എമിറേറ്റ്‌സ് ഐ ഡി, ഡ്രൈവിംഗ് ലൈസന്‍സ്, എ ടി എം കാര്‍ഡുകള്‍, കമ്പനി എമിഗ്രേഷന്‍ കാര്‍ഡ് എന്നിവ അടങ്ങിയതായിരുന്നു പേഴ്‌സ്. വ്യാഴാഴ്ച വൈകിട്ടോടെ സത്‌വയിലെ മറ്റൊരു പള്ളിയുടെ പാര്‍ക്കിംഗില്‍ വെച്ച് പേഴ്‌സ് കിട്ടിയ വിവരം ശുചീകരണ തൊഴിലാളികളില്‍ ഒരാള്‍ വിളിച്ചറിയിക്കുകയായിരുന്നു. കൂട്ടത്തില്‍ നഷ്ടപ്പെട്ട മറ്റു രണ്ടു പേരുടെയും പേഴ്‌സും ഉണ്ടായിരുന്നു.
എന്നാല്‍ പണം നഷ്ടമായിരുന്നു. വളരെ വിദഗ്ധമായി നടത്തുന്ന ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം സിറാജിനോട് പറഞ്ഞു.