ശ്രീധരന്‍പിള്ളക്കും തന്ത്രിക്കുമെതിരെ സുപ്രീം കോടതിയില്‍ കോടതിയലക്ഷ്യ ഹരജി

Posted on: November 23, 2018 1:15 pm | Last updated: November 23, 2018 at 3:28 pm

ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള, ശബരിമല ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം അഞ്ച് പേര്‍ക്കെതിരെ സുപ്രീം കോടതിയില്‍ കോടതിയലക്ഷ്യ ഹരജി. നടന്‍ കൊല്ലം തുളസി, പന്തളം രാജകുടുംബത്തിലെ രാമരാജ വര്‍മ, ബിജെപി പ്രാദേശിക നേതാവ് മുരളീധരന്‍ ഉണ്ണിത്താന്‍ എന്നിവരെക്കൂടി പ്രതി ചേര്‍ത്താണ് ഹരജി.

കോടതി വിധി നടപ്പാക്കുന്നത് തടയാന്‍ ഇവര്‍ ശ്രമിച്ചുവെന്ന് കാണിച്ച് അഭിഭാഷകരായ ഗീന കുമാരി, എവി വര്‍ഷ എന്നിവരാണ് ഹരജി ഫയല്‍ചെയ്തിരിക്കുന്നത്. ഹരജി ഫയല്‍ ചെയ്യാന്‍ വിസമ്മതിച്ച സോളിസിറ്റര്‍ ജനറലുടെ മറുപടി സഹിതമാണ് ഹരജി നല്‍കിയിരിക്കുന്നത്. ഹരജി ചീഫ് ജസ്റ്റിസിന്‍രെ പരിഗണനക്കായി സമര്‍പ്പിച്ചതായി രജിസ്ട്രി അറിയിച്ചതായി ഹരജിക്കാരായ അഭിഭാഷകര്‍ പറഞ്ഞു.