Connect with us

Kerala

സുപ്രീം കോടതി വിധി നടപ്പാക്കും: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സുപ്രീം കോടതി വിധി നടപ്പാക്കുമെന്നും അതില്‍ വെള്ളം ചേര്‍ക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. സര്‍ക്കാറിനു മുന്നില്‍ മറ്റു വഴികളില്ല. അതേസമയം, വിശ്വാസികള്‍ക്ക് സംരക്ഷണമൊരുക്കുന്ന കാര്യത്തിലും വിട്ടുവീഴ്ചയുണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിധി നടപ്പാക്കുന്നത് ദുര്‍വാശിയല്ല. സര്‍വകക്ഷി യോഗത്തില്‍ യു ഡി എഫും ബി ജെ പിയും ഒരേ നിലപാടാണ് സ്വീകരിച്ചത്. സര്‍ക്കാര്‍ മുന്‍വിധിയോടെയാണ് കാര്യങ്ങളെ സമീപിച്ചതെന്നാണ് അവരുടെ ആരോപണം. എന്നാല്‍, കോടതി പറഞ്ഞത് നടപ്പാക്കുകയാണ് സര്‍ക്കാറിന്റെ കടമ. സര്‍ക്കാറിന്റെ അഭിപ്രായം മറ്റൊന്നാണെങ്കിലും അതങ്ങിനെ തന്നെയായിരിക്കും.

യുവതീ പ്രവേശവുമായി ബന്ധപ്പെട്ട കാര്യത്തില്‍ ക്രമീകരണമുണ്ടാക്കാന്‍ മാത്രമെ സര്‍ക്കാറിനു സാധിക്കുകയുള്ളൂ. ചില പ്രത്യേക ദിവസങ്ങള്‍ അവര്‍ക്കായി മാറ്റിവെക്കാനുമാകും. അത് ശബരിമലയുമായി ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്ത ശേഷം തീരുമാനിക്കുമെന്ന് യോഗത്തില്‍ അറിയിച്ചെങ്കിലും യു ഡി എഫും ബി ജെ പിയും അതിനോട് യോജിക്കാന്‍ തയ്യാറായില്ല. വിശ്വാസങ്ങളെ അംഗീകരിക്കുന്ന സര്‍ക്കാര്‍ തന്നെയാണിത്. എന്നാല്‍, വിശ്വാസങ്ങള്‍ക്കപ്പുറമാണ് മൗലികാവകാശമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുള്ളതാണെന്നും അത് വിശ്വാസികളും മനസ്സിലാക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Latest