വാക്ക് പാലിച്ച് സംസ്ഥാന സര്‍ക്കാര്‍; മത്സ്യത്തൊഴിലാളികള്‍ക്ക് ഫ്‌ളാറ്റ് സമുച്ചയം സമര്‍പ്പിച്ചു

Posted on: October 31, 2018 6:13 pm | Last updated: October 31, 2018 at 8:16 pm

തിരുവനന്തപുരം: തിരുവനന്തപുരം മുട്ടത്തറയില്‍ നിര്‍മ്മിച്ച ഭവന സമുച്ചയം ‘പ്രതീക്ഷ’ മുഖ്യമന്ത്രി പിണറായി വിജയന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് സമര്‍പ്പിച്ചു. 192 മത്സ്യത്തൊഴിലാളികളുടെ ജീവിതാഭിലാഷമാണ് ഇതോടെ പൂവണിഞ്ഞത്. 2016 ല്‍ വലിയതുറയിലുണ്ടായ കടല്‍ക്ഷോഭത്തില്‍ കിടപ്പാടം നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങളും, കടലിനഭിമുഖമായി ഒന്നാം നിരയിലും രണ്ടാം നിരയിലും അധിവസിക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളും ഈ ഫ്‌ളാറ്റിലെ താമസക്കാരായെത്തും.

മൂന്നര ഏക്കര്‍ സ്ഥലത്ത് എട്ട് വീതമുള്ള ഇരുപത്തിനാല് യൂനിറ്റുകളിലായാണ് 192 ഭവനങ്ങള്‍ നിര്‍മ്മിച്ചത്. ഓരോ ഭവനത്തിലും രണ്ട് കിടപ്പുമുറികള്‍, ഒരു ഹാള്‍, ഒരു അടുക്കള എന്നീ സൗകര്യങ്ങളാണുള്ളത്. മത്സ്യബന്ധനോപകരണങ്ങള്‍ സൂക്ഷിക്കുന്നതിനാവശ്യമായ സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. 20 കോടിയോളം രൂപയാണ് പദ്ധതിക്കായി ചെലവഴിച്ചത്. നിര്‍മ്മാണം ഏറ്റെടുത്ത ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റി നിശ്ചയിച്ചതിലും നേരത്തെ ഭവനസമുച്ചയം പൂര്‍ത്തിയാക്കിയിരുന്നു.