Connect with us

Gulf

യു എ ഇ പൊതുമാപ്പ് കാലാവധി ഡിംസബര്‍ ഒന്ന് വരെ നീട്ടി

Published

|

Last Updated

ദുബൈ: അനധികൃത താമസക്കാര്‍ക്കുള്ള പൊതുമാപ്പ് ഒരു മാസത്തേക്ക് കൂടി നീട്ടിയതായി ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്. മൂന്ന് മാസം നീണ്ടുനിന്ന പൊതുമാപ്പ് കഴിഞ്ഞ ആഗസ്റ്റ് ഒന്നിനാണ് ആരംഭിച്ചത്. മൂന്ന് മാസ കാലവധി ഇന്ന് പൂര്‍ത്തിയാക്കാനിരിക്കുന്ന ഘട്ടത്തിലാണ് രേഖകള്‍ ശരിയാക്കി പിഴ കൂടാതെ സ്വരാജ്യത്തേക്ക് മടങ്ങേണ്ടുന്നവര്‍ക്കും അനധികൃതമായി താമസിക്കുന്നവര്‍ക്കും താമസ രേഖകള്‍ ക്രമപ്പെടുത്തി യു എ ഇയില്‍ തന്നെ തുടരേണ്ടുന്നതിനും അനുമതി ലഭിച്ചത്.

യു എ ഇയിലാകമാനം ഒമ്പത് കേന്ദ്രങ്ങളാണ് പൊതുമാപ്പിന് രേഖകള്‍ ക്രമപ്പെടുത്തുന്നതിനായി ആരംഭിച്ചത്. രാജ്യത്ത് താമസിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് തൊഴില്‍ കണ്ടെത്തുന്നതിന് പ്രത്യേക ജോബ് സീക്കേഴ്‌സ് വിസ പൊതുമാപ്പിനോടൊപ്പം നടപ്പിലാക്കിയിരുന്നു. ആറ് മാസത്തേക്കാണ് ഇത്തരത്തില്‍ ലഭിക്കുന്ന വിസയുടെ കാലാവധി.
പൊതുമാപ്പ് ആരംഭിച്ചു രണ്ട് മാസം പിന്നിട്ട ഘട്ടത്തില്‍ 3000 ഇന്ത്യക്കാര്‍ക്ക് നിയമ സഹായങ്ങള്‍ ചെയ്തതായി ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതര്‍ അറിയിച്ചിരുന്നു. ദുബൈ, വടക്കന്‍ എമിറേറ്റുകള്‍ എന്നിവിടങ്ങളിലെ തൊഴിലാളികള്‍ക്കാണ് സഹായമെത്തിച്ചത്. 2100 എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റുകളാണ് (ഔട്ട് പാസ്) ഇഷ്യൂ ചെയ്തത്. യു എ ഇയില്‍ അനധികൃതമായി താമസിക്കുന്നവര്‍ക്ക് മതിയായ രേഖകളൊരുക്കുന്നതിനായി 800 പാസ്സ്‌പോര്‍ട്ടുകളാണ് നല്‍കിയത്.

പൊതുമാപ്പ് സമയപരിധിയില്‍ ഔട്ട് പാസ് നേടി സ്വദേശത്തേക്ക് മടങ്ങുന്നവര്‍ക്ക് പുതിയ തൊഴില്‍ വിസ നേടി യു എ ഇയിലേക്ക് തിരിച്ചെത്തുന്നതിന് ബാന്‍ നടപടികള്‍ നേരിടേണ്ടി വരില്ലെന്ന് യു എ ഇ അധികൃതര്‍ അറിയിച്ചിരുന്നു.
അതേസമയം, പുറത്തു നിന്ന് അനധികൃതമായി രീതിയില്‍ യു എ ഇയില്‍ പ്രവേശിക്കുകയും താമസം തുടരുകയും ചെയ്തവര്‍ ഔട്ട് പാസ് നേടി രാജ്യം വിട്ടാല്‍ രണ്ട് വര്‍ഷത്തേക്ക് തിരികെ എത്തുന്നതിന് അനുമതി ഉണ്ടായിരിക്കുകയില്ല.
അബുദാബിയില്‍ ഷഹാമയിലെ ഇമിഗ്രേഷന്‍ ഓഫിസിനോട് ചേര്‍ന്നാണ് പൊതുമാപ്പ് കേന്ദ്രം ഒരുക്കിയിട്ടുള്ളത്. അല്‍ ഐനില്‍ അല്‍ ഗാര്‍ബിയയിലാണ്.
അവീറിലാണ് ദുബൈയില്‍ പൊതുമാപ്പിനോട് അനുബന്ധിച്ചു പ്രത്യേകമായി കേന്ദ്രമൊരുക്കിയിട്ടുള്ളത്. പ്രധാന ഇമിഗ്രേഷന്‍ ഓഫിസുകളും രജിസ്‌ട്രേഷന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്നുണ്ട്.