Connect with us

Gulf

കനത്ത മഴ; മക്കയില്‍ ഒഴുക്കില്‍പ്പെട്ട 30 പേരെ രക്ഷപ്പെടുത്തി

Published

|

Last Updated

ദമ്മാം. സഊദിയില്‍ മഴക്കെടുതിയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ടിലും മറ്റു കുടുങ്ങിയ നിരവധി പേരെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി.
മഴയെ തുടര്‍ന്ന് മക്കയില്‍ ഒഴുക്കില്‍ പെട്ട 30 പേരെയാണ് സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തിയത്. മക്കയില്‍ അല്‍ഹുസൈനി സ്ട്രീറ്റിലുണ്ടായ ഒഴുക്കില്‍ പെട്ടവരെയാണ് രക്ഷപ്പെടുത്തിയത്. ത്വായിഫില്‍ മഴയെ തുടര്‍ന്നുണ്ടായ വിവിധ സ്ഥലങ്ങളില്‍ വെള്ളക്കെട്ടില്‍
വാഹനങ്ങളില്‍ കുടുങ്ങിപ്പോയ 40 പേരെയും രക്ഷപ്പെടുത്തി. അല്‍ജൗഫ് മേഖലയില്‍ പെടുന്ന ദൗമത്ത് അല്‍ജന്ദില്‍ എന്ന പ്രദേശത്ത് കാനയിലേക്ക് വാഹനം മറിഞ്ഞുണ്ടായ അപകടത്തില്‍ നാല് പേര്‍ മരിച്ചു.

കനത്ത മഴയുണ്ടാകാനുള്ള സാധ്യതകള്‍ കണക്കിലെടുത്ത് സിവില്‍ ഡിഫന്‍സ്, ബലദിയ്യ തുടങ്ങിയ വിഭാഗങ്ങള്‍ ജാഗ്രത പുലര്‍ത്തുന്നു. ശക്തമായ മഴയുണ്ടാവുന്ന ഘട്ടങ്ങളില്‍ അത്യവശ്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കി.

രാജ്യം ഇതുവരെ ദര്‍ശിച്ചിട്ടില്ലാത്ത കനത്ത മഴയാണ് സഊദിയില്‍ വരാനിരിക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണ, പരിസ്ഥിതി സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. രണ്ട് ദശകത്തിനിടെ ലഭിക്കുന്ന ഏറ്റവും കനത്ത മഴയാണ് സഊദിയിലെ മുഴുവന്‍ പ്രവിശ്യകളിലുമുണ്ടാകുക.
രാജ്യത്തിന്റെ മധ്യ, കിഴക്കന്‍ പ്രവിശ്യകളില്‍ ഈ ആഴ്ച മഴ തുടങ്ങും. പിന്നീടത് പടിഞ്ഞാറന്‍, തെക്കന്‍ സഊദിയിലേക്കും വ്യാപിക്കും. അടുത്താഴ്ചയോടെ രാജ്യത്തിന്റെ മിക്ക പ്രവിശ്യകളിലും മഴ കനക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. സീസണ്‍ മഴയാണ് വരാനിരിക്കുന്നത്.