ഒപ്പം നടന്ന പണ്ഡിതന്‍

അഗാധമായ ആത്മബന്ധമായിരുന്നു ചിത്താരിയുമായി ഉണ്ടായിരുന്നത്. 50 വര്‍ഷത്തിലധികം പഴക്കമുണ്ട് ഞങ്ങളുടെ സൗഹൃദത്തിന്. ഘനഗംഭീര ശൈലിയിലുള്ള ആ പ്രസംഗം പതിറ്റാണ്ടുകള്‍ക്ക് മുമ്പേ സുന്നികളുടെ ആവേശമായിരുന്നു. ജീവിതത്തിലെ സംതൃപ്തമായ ഓര്‍മകളില്‍ പലതും പ്രിയപ്പെട്ട താജുല്‍ ഉലമയും നൂറുല്‍ ഉലമയും കന്‍സുല്‍ ഉലമയുമായി ബന്ധപ്പെട്ടതാണ്. ആദര്‍ശമായിരുന്ന ആ ബന്ധത്തിന്റെ പ്രേരകം. ഞങ്ങള്‍ നാല് പേര്‍ക്കുമിടയില്‍ ഉണ്ടായിരുന്ന ഹൃദയ ബന്ധം വളരെ തീവ്രമായിരുന്നു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി
Posted on: October 24, 2018 9:13 pm | Last updated: October 24, 2018 at 10:39 pm

കന്‍സുല്‍ ഉലമ ചിത്താരി കെ പി ഹംസ മുസ്‌ലിയാരുടെ വിയോഗം കേരളത്തിലെ സുന്നത്ത് ജമാഅത്തിന് മഹാനഷ്ടമാണ്. അറിവും വിനയവും ഉള്ള, സംഘടനാ പ്രവര്‍ത്തന മികവും ആത്മീയ നേതൃത്വവും ഒത്തുചേര്‍ന്ന, പ്രഭാഷണ രംഗത്തും അധ്യാപന മേഖലയിലും വ്യത്യസ്തമായ രീതികള്‍ പടുത്തുയര്‍ത്തിയ, ആദര്‍ശ കണിശത ഹൃദയത്തോട് ചേര്‍ത്തുവെച്ച മഹാനായ പണ്ഡിതനായിരുന്നു അദ്ദേഹം.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ട്രഷറര്‍, കണ്ണൂര്‍ അല്‍ മഖര്‍ സ്ഥാപനങ്ങളുടെ ശില്‍പിയും പ്രസിഡന്റും, അഖിലേന്ത്യാ സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ നേതൃരംഗത്തെ സാന്നിധ്യം, കണ്ണൂരിലെയും കാസര്‍കോട്ടെയും സുന്നി സ്ഥാപങ്ങളില്‍ പലതിന്റെയും വളര്‍ച്ചയില്‍ വലിയ പങ്കുവഹിച്ച പണ്ഡിതന്‍ എല്ലാമായിരുന്നു ഹംസ മുസ്‌ലിയാര്‍. അഗാധമായ ആത്മബന്ധമായിരുന്നു ഞങ്ങള്‍ തമ്മില്‍ ഉണ്ടായിരുന്നത്. 50 വര്‍ഷത്തിലധികം പഴക്കമുണ്ട് ഞങ്ങളുടെ സൗഹൃദത്തിന്. ഘനഗംഭീര ശൈലിയിലുള്ള ആ പ്രസംഗം പതിറ്റാണ്ടുകള്‍ക്ക് മുമ്പേ സുന്നികളുടെ ആവേശമായിരുന്നു. വടക്കന്‍ കേരളത്തിലെ സുന്നത്ത് ജമാഅത്തിന് ആവേശം പകര്‍ന്നതില്‍ ആ പ്രസംഗങ്ങള്‍ക്കും നിലപാടുകള്‍ക്കും വലിയ പങ്കുണ്ട്. സത്യം ഉച്ചത്തില്‍ പറയുമായിരുന്നു അവിടുന്ന്. ഏത് ഘട്ടത്തിലും ദീനിന്റെ സംശുദ്ധമായ പാതയെ സംരക്ഷിക്കാന്‍ മുന്നില്‍ നിന്നു.

ഇബാദത്തുകളില്‍ വലിയ കണിശതയായിരുന്നു. തഹജ്ജുദ് പോലുള്ള ഐച്ഛിക കര്‍മങ്ങള്‍ നിര്‍വഹിച്ച് ദീര്‍ഘ സമയം പ്രാര്‍ഥനാനിരതമായിട്ടായിരുന്നു അദ്ദേഹത്തിന്റ ഓരോ ദിവസവും ആരംഭിക്കാറ്. ഒരു ഉഖ്‌റവിയ്യായ ആലിമിന്റെ എല്ലാ ലക്ഷണങ്ങളും ഉള്ള വ്യക്തിത്വമായിരുന്നു. തികവുറ്റ പെരുമാറ്റ ശൈലിയായിരുന്നു. സൗമ്യമായ സ്വഭാവം. ഏത് സാധാരണക്കാരനെയും പരിഗണിക്കും. അവരുടെ ആവശ്യം കേള്‍ക്കും. പരിഹാരം പറഞ്ഞുകൊടുക്കും.

സമസ്തയുടെ ഏത് പ്രധാന നിലപാടുകള്‍ ഉണ്ടാകുമ്പോഴും ചിത്താരി ഉസ്താദിനോട് സംസാരിക്കുമായിരുന്നു. എല്ലാ കാര്യത്തിലും തന്റെ തെളിമയുള്ള ആശയങ്ങള്‍ പങ്കുവെക്കുമായിരുന്നു അദ്ദേഹം. പൂര്‍ണതയെത്തിയ ഒരു ആലിമിന്റെ, ഒരു സംഘാടകന്റെ ദര്‍ശനങ്ങള്‍ സ്ഫുരിക്കുമായിരുന്നു ആ സംസാരങ്ങളില്‍. താജുല്‍ ഉലമ ഉള്ളാള്‍ തങ്ങളും നൂറുല്‍ ഉലമ എം എ ഉസ്താദും നേരത്തേയും ഇപ്പോള്‍ കന്‍സുല്‍ ഉലമയും നമ്മെ വിട്ടുപിരിഞ്ഞിരിക്കുന്നു.

ഞങ്ങള്‍ നാല് പേര്‍ക്കുമിടയില്‍ ഉണ്ടായിരുന്ന ഹൃദയ ബന്ധം വളരെ തീവ്രമായിരുന്നു. 1970 കള്‍ മുതല്‍ ശക്തമായിരുന്നു ആ ബന്ധം. സുന്നത്ത് ജമാഅത്തിന് വേണ്ടി വിവരണാതീതമായ സംഭാവനകള്‍ നല്‍കിയവരായിരുന്നു അവര്‍ മൂന്ന് പേരും. താജുല്‍ ഉലമയുടെ ഹിമ്മത്തും ആത്മീയ നേതൃത്വവും നൂറുല്‍ ഉലമയുടെ ധിഷണയും എഴുത്തുകളും കന്‍സുല്‍ ഉലമയുടെ ആവേശവും പ്രഭാഷണങ്ങളും ജ്ഞാനവും എല്ലാം കേരളത്തില്‍ ബിദഇകളെ പ്രതിരോധിക്കുന്നതിലും സുന്നത്ത് ജമാഅത്തിന്റെ ശബ്ദം എല്ലായിടത്തും എത്തിക്കുന്നതിലും അസാമാന്യമായ പങ്ക് വഹിക്കുകയുണ്ടായി. അവരുടെ വിടവ് അതിനാല്‍ തന്നെ ഒരിക്കലും നികത്താനാവാത്ത നഷ്ടമാണ് നമുക്ക്. എത്രയോ തവണ ഞങ്ങള്‍ നാല് പേരും ഒരുമിച്ച് യാത്ര ചെയ്തിട്ടുണ്ട്. എല്ലാം സുന്നത്ത് ജമാഅത്തിന് വേണ്ടിയായിരുന്നു. ജീവിതത്തിലെ സംതൃപ്തമായ ഓര്‍മകളില്‍ പലതും പ്രിയപ്പെട്ട താജുല്‍ ഉലമയും നൂറുല്‍ ഉലമയും കന്‍സുല്‍ ഉലമയുമായി ബന്ധപ്പെട്ടതാണ്. ആദര്‍ശമായിരുന്നു ആ ബന്ധത്തിന്റെ പ്രേരകം.

പഠിക്കുന്ന കാലത്തേ വലിയ വിജ്ഞാന പ്രിയനായിരുന്നു ചിത്താരി ഉസ്താദ്. കണ്ണിയത്ത് ഉസ്താദിന്റെ ഏറ്റവും പ്രിയപ്പെട്ട ശിഷ്യരില്‍ ഒരാളായിരുന്നു. വലിയ ഫഖീഹും മുഹദ്ദിസും ആയിരുന്നു. ഉന്നതരായ ആലിമീങ്ങളില്‍ നിന്ന് പൂര്‍ണ പൊരുത്തത്തോടെ നേടിയ അറിവിന്റെ തിളക്കം അവരുടെ ജീവിതത്തെ മുഴുവന്‍ വെളിച്ചമുള്ളതാക്കിത്തീര്‍ത്തു.

അവിഭക്ത കണ്ണൂര്‍ ജില്ലയിലെ സമസ്തയുടെ പ്രവര്‍ത്തന വഴിയിലൂടെയാണ് ചിത്താരി സംഘടനാ രംഗത്ത് സജീവമായത്. അന്ന് കാസര്‍കോടും കണ്ണൂരും ചേര്‍ന്നതായിരുന്നു കണ്ണൂര്‍ ജില്ല. ആ വലിയ ഭൂപ്രദേശത്ത് യുവത്വത്തിന്റെ പ്രസരിപ്പ് കാലത്ത് ആദര്‍ശത്തിന്റെ സജീവത എല്ലാവരിലേക്കും പകര്‍ന്നു നല്‍കി അവിടുന്ന്. എം എ ഉസ്താദും കൂടെയുണ്ടായിരുന്നു അന്നേ. വിദ്യാഭ്യാസം വഴിയേ ഒരു സമൂഹത്തിന്റെ മുന്നേറ്റം സാധ്യമാകൂ എന്ന ബോധ്യത്തിലൂടെ ആദ്യകാലത്ത് തന്നെ, സഅദിയ്യക്ക് എം എ ഉസ്താദ് രൂപം നല്‍കിയപ്പോള്‍ അതിന്റെ ഭാഗമായി സജീവമായി പ്രവര്‍ത്തിക്കാന്‍ ചിത്താരി ഉസ്താദിനായി. ദീര്‍ഘ കാലം സഅദിയ്യയുടെ ജനറല്‍ സെക്രട്ടറിയായിരുന്നു. അനേകം വിദ്യാസമ്പന്നരായ പ്രതിഭകളെ സുന്നത്ത് ജമാഅത്തിന് നല്‍കിയ തളിപ്പറമ്പിലെ ഖുവ്വത്തുല്‍ ഇസ്‌ലാമിന്റെ പ്രവര്‍ത്തനത്തിലും എം എ ഉസ്താദിന്റെ കൂടെ ചിത്താരി ഉസ്താദ് ഉണ്ടായിരുന്നു.

പിന്നീട്, കണ്ണൂരും കാസര്‍കോടും രണ്ട് ജില്ലകളായി വിഭജിച്ചപ്പോള്‍ കണ്ണൂര്‍ ജില്ലയില്‍ സുന്നികള്‍ക്ക് മഹത്തായ ഒരു സ്ഥാപനം വേണം എന്ന തീര്‍ച്ചയില്‍ നിന്നാണ് അല്‍ മഖറിനെ അദ്ദേഹം പടുത്തുയര്‍ത്തിയത്. ഇന്ന് ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ പഠിക്കുന്ന, നിരവധി ബിരുദധാരികളായ പണ്ഡിതര്‍ പുറത്തിറങ്ങിയ മഹത്തായ സ്ഥാപന സമുച്ചയമായി ആല്‍മഖര്‍ മാറിയിരിക്കുന്നു. ചിത്താരിയുടെ വിശ്രമമില്ലാത്ത പ്രവര്‍ത്തനവും ഇഖ്‌ലാസും തന്നെയായിരുന്നു അല്‍ മഖറിന്റെ ആ വളര്‍ച്ചക്ക് നിദാനം. മര്‍കസിന്റെയും സഅദിയ്യയുടെയും കമ്മിറ്റികളിലും അദ്ദേഹം സജീവമായി ഉണ്ടായിരുന്നു.

കഴിഞ്ഞ എസ് വൈ എസിന്റെ അറുപതാം വാര്‍ഷികത്തിന് രോഗബാധിതന്‍ ആയിരുന്നുവെങ്കിലും ആവേശത്തോടെ ചിത്താരി ഉസ്താദ് എത്തി. അന്ന് നടത്തിയ ചെറുതെങ്കിലും കനമുള്ള ആ പ്രഭാഷണത്തില്‍ സുന്നത്ത് ജമാഅത്തിന്റെ നേതൃരംഗത്ത് പ്രവര്‍ത്തിച്ചതിന്റെ സംതൃപ്തി മുഴുവന്‍ പ്രകടമായിരുന്നു. അന്ന് അദ്ദേഹം പറഞ്ഞു. സുന്നി യുവജന സംഘത്തിന്റെ ഖ്യാതി ലോകമാകെ പരന്നിരിക്കുന്നു എന്ന്. സുന്നികള്‍ക്ക് വല്ലാത്ത അഭിമാനമായി മാറിയിരിക്കുന്നു എസ് വൈ എസ്. അതിനാല്‍ അതിന്റെ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും സദാ മുഴുകണം. അവസാനം ഉസ്താദ് പ്രാര്‍ഥിച്ചത്, മരണമടയുമ്പോള്‍ ഈമാന്‍ ഖല്‍ബില്‍ ഗാഢമായി ഉണ്ടാവാനും കലിമ ചൊല്ലി അല്ലാഹുവിലേക്ക് യാത്രയാവാനുമായിരുന്നു. അല്ലാഹു അവിടുത്തെ തേട്ടം സഫലമാക്കിയിരിക്കുന്നു. ഇന്നലെ ഒരുമിച്ചുകൂടിയ ജനാസ നിസ്‌കാരത്തിനും പ്രാര്‍ഥനക്കുമായി കൂടിയ പതിനായിരക്കണക്കിന് വിശ്വാസികളെല്ലാം കണ്ണീരോടെ ദുആ ചെയ്യുകയായിരുന്നു, മഹാനായ ആ പണ്ഡിതന്റെ പരലോക ജീവിതത്തിലെ ദറജകള്‍ ഉയര്‍ത്തിക്കൊടുക്കാന്‍. അല്ലാഹു അവിടുത്തോടൊപ്പം സ്വര്‍ഗീയലോകത്ത് നമ്മെ സംഗമിപ്പിക്കട്ടെ. ആമീന്‍