വ്യാജ ഏറ്റ്മുട്ടല്‍ കേസില്‍ ഏഴ് സൈനിക ഉദ്യോഗസ്ഥര്‍ക്ക് ജീവപര്യന്തം

Posted on: October 15, 2018 9:27 am | Last updated: October 15, 2018 at 11:10 am

ഗുവാഹത്തി: വ്യാജ ഏറ്റ്മുട്ടല്‍ കേസില്‍ മേജര്‍ ജനറല്‍ അടക്കം ഏഴ് സൈനിക ഉദ്യോഗസ്ഥരെ സൈനിക കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. അസമില്‍ 24 വര്‍ഷം മുമ്പുണ്ടായ സംഭവത്തിലാണ് ഇപ്പോള്‍ ശിക്ഷ വിധിച്ചിരിക്കുന്നത്. വ്യാജ ഏറ്റമുട്ടലിലൂടെ അഞ്ച് പേരെ കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. മേജര്‍ ജനറല്‍ എകെ ലാല്‍, കേണല്‍ തോമസ് മാത്യു, കേണല്‍ ആര്‍എസ് സിബിരേന്‍, ക്യാപ്റ്റന്‍ ദിലീപ് സിംഗ്, ക്യാപ്റ്റന്‍ ജഗ്ദിയോ സിംഗ്, നായികുമാരായ അല്‍ബിന്ദര്‍ സിംഗ്, ശിവേന്ദര്‍ സിംഗ് എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്.

1994 ഫിബ്രവരി 18ന് അസമിലെ തിന്‍സൂക്കിയ ജില്ലയിലെ സൈനിക നടപടിക്കിടെ ഒമ്പത് പേരെ സൈന്യം പിടികൂടിയിരുന്നു. ഒരു എസ്റ്റേറ്റ് മുതലാളിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഇവരെ പിടികൂടിയത്. ഇവര്‍ അസമിലെ തീവ്രവാദി വിഭാഗദമായ യുഎല്‍എഫ്എ അംഗങ്ങളാണെന്ന് ആരോപിച്ച് വ്യാജ ഏറ്റ് മുട്ടലിലൂടെ അഞ്ച് പേരെ കൊലപ്പെടുത്തി. മറ്റ് നാല് പേരെ വിട്ടയക്കുകയും ചെയ്തു.ഈ വര്‍ഷം ജുലൈ 16നാണ് സൈനിക കോടതി കേസില്‍ നടപടികള്‍ ആരംഭിച്ചത്.