Connect with us

National

മനോഹര്‍ പരീക്കര്‍ എയിംസ് വിട്ടു; പനാജിയില്‍ ചികിത്സ തുടരും

Published

|

Last Updated

പനാജി: ഡല്‍ഹി ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട്‌സ് ഓഫ് മെഡിക്കല്‍ സയന്‍സസി (എയിംസ്)ല്‍ ചികിത്സയിലായിരുന്ന ഗോവാ മുഖ്യമന്ത്രി മനോഹര്‍ പരീക്കറെ ഡിസ്ചാര്‍ജ് ചെയ്തു. പനാജിയിലേക്ക് കൊണ്ടു വന്നെങ്കിലും അദ്ദേഹത്തിന്റെ നിലയില്‍ കാര്യമായ പുരോഗതിയില്ലെന്നാണ് അറിയുന്നത്. എയര്‍ ആംബുലന്‍സിലാണ് പനാജിയിലേക്ക് കൊണ്ടുവന്നത്. അര്‍ബുദ ബാധയെ തുടര്‍ന്നായിരുന്നു അദ്ദേഹത്തെ എയിംസില്‍ പ്രവേശിപ്പിച്ചത്. ഫെബ്രുവരി മുതല്‍ പരീക്കര്‍ ഗോവയിലും മുംബൈയിലും യു എസിലുമായി വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു.

സ്വന്തം നാട്ടിലേക്ക് കൊണ്ടുപോയെങ്കിലും എയിംസിലെ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ ചികിത്സ തുടരുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ബി ജെ പി കോര്‍ കമ്മിറ്റി അംഗങ്ങളുമായും സഖ്യ കക്ഷിയിലെ മന്ത്രിമാരുമായും വെള്ളിയാഴ്ച ആശുപത്രിയില്‍ പരീക്കര്‍ ചര്‍ച്ച നടത്തിയിരുന്നു. തന്റെ അഭാവത്തില്‍ സര്‍ക്കാറിന്റെ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകുന്നതാണ് കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായത്. എന്നാല്‍, നേതൃമാറ്റത്തിന്റെ സാധ്യതയില്ലെന്നാണ് ബി ജെ പി നേതാക്കള്‍ പ്രതികരിച്ചത്.
40 അംഗ നിയമസഭയില്‍ 16 അംഗങ്ങളുള്ള കോണ്‍ഗ്രസ്, മുഖ്യമന്ത്രിയെ മാറ്റണമെന്ന ആവശ്യവുമായി രംഗത്ത് വന്നിരുന്നു.

സംസ്ഥാനത്ത് ഭരണ സ്തംഭനം ഒഴിവാക്കാന്‍ ഗവര്‍ണര്‍ ഇടപെടണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസിനെ നിശ്ശബ്ദമാക്കിയ ബി ജെ പി ചെറുപാര്‍ട്ടികളെ കൂട്ടുപിടിച്ചാണ് ഗോവയില്‍ അധികാരം പിടിച്ചടക്കിയത്. മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി അടക്കമുള്ള സഖ്യകക്ഷികള്‍ പരീക്കറിന് പകരക്കാരനെ തേടണമെന്ന് ആവശ്യപ്പെട്ടത് ബി ജെ പിക്ക് തലവേദനയായിരിക്കുകയാണ്.

Latest