വാരാണസിയില്‍ മോദിക്കെതിരെ ശത്രുഘ്‌നന്‍ സിന്‍ഹ മത്സരിച്ചേക്കും

> മത്സരിക്കുക എസ് പി ടിക്കറ്റില്‍ > ബി എസ് പിയും കോണ്‍ഗ്രസും പിന്തുണക്കും > എ എ പിയുടെ പിന്തുണ തേടും
Posted on: October 13, 2018 10:32 am | Last updated: October 13, 2018 at 11:09 am

ലക്‌നോ: വിമത ബി ജെ പി നേതാവും നടനുമായ ശത്രുഘ്‌നന്‍ സിന്‍ഹ വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പൊതു സ്ഥാനാര്‍ഥിയായേക്കും. 2019ല്‍ നടക്കുന്ന ലേക്‌സഭാ തിരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടി ടിക്കറ്റിലായിരിക്കും സിന്‍ഹ മത്സരിക്കുകയെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബഹുജന്‍ സമാജ് പാര്‍ട്ടി (ബി എസ് പി) യും കോണ്‍ഗ്രസും സിന്‍ഹയെ പിന്തുണക്കുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എസ് പി നേതാക്കളെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്.
എന്നാല്‍ സിന്‍ഹ പാര്‍ട്ടി വിടുന്നത് തടയാന്‍ ബി ജെ പി കിണഞ്ഞു ശ്രമിക്കുന്നുണ്ട്. അദ്ദേഹത്തെ പാര്‍ട്ടിയില്‍ പിടിച്ചു നിര്‍ത്താനായാല്‍ പ്രതിപക്ഷത്തിന്റെ ഈ നീക്കം പരാജയപ്പെടുകയും ചെയ്യും.

പ്രധാനമന്ത്രിക്കും പാര്‍ട്ടിയിലെ അമിത് ഷാ- മോദി അച്ചുതണ്ടിനുമെതിരെ പരസ്യമായി ആക്രമണം നടത്തുന്ന ശത്രുഘ്‌നന്‍ സിന്‍ഹ മത്സരിക്കുകയാണെങ്കില്‍ വന്‍ മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കുമെന്നാണ് എസ് പി കണക്കുകൂട്ടുന്നത്. കായസ്ഥ സമുദായത്തില്‍ അദ്ദേഹത്തിനുള്ള പിന്തുണ വലിയ ഗുണം ചെയ്യുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. കിഴക്കന്‍ യു പിയിലെ വാരാണസി മണ്ഡലം സിന്‍ഹയുടെ സ്വന്തം സംസ്ഥാനമായ ബിഹാറുമായി വളരെ അടുത്താണ് സ്ഥിതി ചെയ്യുന്നത് എന്നതും ഗുണകരമാണ്.
കേന്ദ്ര സര്‍ക്കാറിന്റെ ജനവിരുദ്ധ നിലപാടുകള്‍ക്കെതിരെയും നിരന്തരം വിമര്‍ശനമുന്നയിക്കുന്ന സിന്‍ഹയെ ബി ജെ പി അവഗണിക്കുന്ന സാഹചര്യമാണുള്ളത്. തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ മുന്‍ ബോളിവുഡ് താരം കൂടിയായ സിന്‍ഹ ബി ജെ പി വിടുമെന്നും സമാജ്‌വാദി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാകുമെന്നുമാണ് കണക്കുകൂട്ടല്‍.

സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായും തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2014ല്‍ വാരാണസി സീറ്റില്‍ രണ്ടാം സ്ഥാനത്തെത്തിയ എ എ പിയുടെ പിന്തുണ തേടാനും എസ് പി ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എ എ പി കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളാണ് വാരാണസിയില്‍ മോദിക്കെതിരെ മത്സരിച്ചത്.
കഴിഞ്ഞ ദിവസം ലക്‌നോവില്‍ സമാജ് വാദി പാര്‍ട്ടി സംഘടിപ്പിച്ച ജയ്പ്രകാശ് നാരായണ്‍ അനുസ്മരണ ചടങ്ങില്‍ ശത്രുഘ്‌നന്‍ സിന്‍ഹയും യശ്വന്ത് സിന്‍ഹയും പങ്കെടുത്തിരുന്നു. ചടങ്ങില്‍ സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിനോടൊപ്പമാണ് ഇരുവരും വേദി പങ്കിട്ടത്.
ശത്രുഘ്‌നന്‍ സിന്‍ഹ വാരാണസിയില്‍ വന്നാല്‍ ഒരു ചലനവുമുണ്ടാക്കില്ലെന്ന വാദം അടിസ്ഥാനരഹിതമാണെന്ന് മുതിര്‍ന്ന രാഷ്ട്രീയ നിരീക്ഷകന്‍ അമിതാഭ് ഭട്ടാചാര്യ പറഞ്ഞു. 1991ലെ ലോക്‌സഭാ തിരഞ്ഞെടുപ്പാണ് ഇതിന് തെളിവായി അദ്ദേഹം ഉയര്‍ത്തുന്നത്. അന്ന് ബി ജെ പിയുടെ സ്ഥാനാര്‍ഥി ചന്ദ്രാ ദീക്ഷിത് ആയിരുന്നു. സി പി എമ്മിലെ രാജ് കിശോറായിരുന്നു തൊട്ടടുത്ത എതിരാളി.

കാറ്റ് കിശോറിന് അനുകൂലമായിരുന്നു. ദീക്ഷിത് തോല്‍ക്കുമെന്ന് ഏറെക്കുറെ ഉറപ്പിച്ച ഘട്ടം. മൂന്ന് ദിവസം ബാക്കി നില്‍ക്കുമ്പോള്‍ ശത്രുഘ്‌നന്‍ സിന്‍ഹയും എല്‍ കെ അഡ്വാനിയും മണ്ഡലത്തിലെത്തി റാലികളില്‍ സംസാരിച്ചു. സമവാക്യങ്ങള്‍ മാറിമറിയുകയും ദീക്ഷിത് ജയിക്കുകയും ചെയ്തുവെന്ന് ഭട്ടാചാര്യ പറയുന്നു.

തുറന്ന് സംസാരിക്കുന്ന സിന്‍ഹയുടെ പ്രകൃതം വാരാണസിക്കാര്‍ക്ക് ഇഷ്ടപ്പെടും. അദ്ദേഹം ഇവിടുത്തുകാര്‍ക്ക് അന്യനല്ല. പ്രാദേശിക സ്ഥാനാര്‍ഥി തന്നെ വേണമെന്ന നിര്‍ബന്ധമില്ല. സ്വന്തം പക്ഷികളെയും സൈബീരിയന്‍ കൊക്കുകളെയും വാരാണസിക്കാര്‍ക്ക് പഥ്യമാണ്. ശത്രുഘ്‌നന്‍ സിന്‍ഹ ഒരിക്കലും ഒരു സൈബീരിയന്‍ പക്ഷിയാകില്ലെന്ന് അദ്ദേഹം വിലയിരുത്തുന്നു.