Connect with us

Health

പോഷകാഹാരം ഉറപ്പാക്കാന്‍ സമ്പുഷ്ട കേരളം പദ്ധതിയുമായി സര്‍ക്കാര്‍

Published

|

Last Updated

തിരുവനന്തപുരം: ആരോഗ്യകേരളം മാതൃകയില്‍ സമ്പുഷ്ടകേരളം എന്ന നൂതന പദ്ധതിയുമായി സംസ്ഥാന വനിതാശിശുക്ഷേമ വകുപ്പ്. സ്ത്രീകളിലെയും കുട്ടികളിലെയും പോഷണക്കുറവ് പരിഹരിക്കാന്‍ ലക്ഷ്യമിട്ട് നാഷണല്‍ ന്യൂട്രീഷ്യന്റെ ഭാഗമായി നടപ്പാക്കുന്ന പദ്ധതി ഒക്‌ടോബര്‍ 15 ന് ലോക ഭക്ഷ്യദിനത്തില്‍ തുടങ്ങും. വിളര്‍ച്ച ഒഴിവാക്കുക, മുലയൂട്ടല്‍ പ്രോത്സാഹനം, അമിത വണ്ണം തടയുക എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്.

പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി എല്ലാ അങ്കണ്‍വാടികളിലേയും വര്‍ക്കര്‍മാര്‍ക്കും ഐ സി ഡി എസ് സൂപ്പര്‍വൈസര്‍മാര്‍ക്കും സ്മാര്‍ട് ഫോണുകള്‍ ലഭ്യമാക്കും. ഗുണഭോക്താക്കളെ സംബന്ധിച്ച എല്ലാ വിവരണങ്ങളും ഫോണിലെ ആപ്ലിക്കേഷന്‍ വഴി വര്‍ക്കര്‍ ശേഖരിക്കണം. ഇത് പ്രാബല്യത്തില്‍ വരുന്നതോടെ അങ്കണവാടിയില്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന 11 രജിസ്റ്ററുകളും നിര്‍ത്തലാക്കും. കേരളത്തില്‍ ഇതിനായി ആദ്യഘട്ടത്തില്‍ 8500 ഫോണുകളാണ് വാങ്ങുന്നത്. കുട്ടികളുടെ തൂക്കവും ഉയരവും എടുക്കാനുള്ള സ്‌റ്റെഡിയോ മീറ്റര്‍ ലഭ്യമാക്കും. ഇതനുസരിച്ച് അതാതു ദിവസം ക്രമാനുഗതമായി കുട്ടികളുടെ ഭാരമെടുത്ത് കേന്ദ്രീകൃത സര്‍വറിലേക്ക് അപ്‌ലോഡ് ചെയ്യാന്‍ സംവിധാനമൊരുക്കും.

സാക്ഷരതയില്‍ മുന്നില്‍ നില്‍ക്കുന്ന കേരളത്തിലെ ജനങ്ങള്‍ക്ക് ആഹാര രീതികളെക്കുറിച്ചുള്ള അറിവ് പരിമിതമാണ്. കേരളത്തിലെ ജനങ്ങള്‍ കഴിക്കുന്ന ആഹാരത്തില്‍ അന്നജത്തിന്റെ അളവ് വളരെ കൂടുതലാണ്. അതിനാല്‍ പ്രമേഹവും പൊണ്ണത്തടിയും വല്ലാതെ ബാധിക്കുന്നു. ഇന്ത്യയില്‍ കേരളത്തിലാണ് ഏറ്റവും കൂടുതല്‍ പ്രമേഹ ബാധിതരുള്ളത്. ഈ പദ്ധതിയില്‍ പ്രാദേശികമായി ലഭ്യമാകുന്ന പച്ചക്കറികള്‍, ഇലക്കറികള്‍, പപ്പായ, ചക്ക, വാഴപ്പഴം എന്നിവ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഭക്ഷണ രീതിയാണ് നടപ്പിലാക്കുന്നതെന്ന് വകുപ്പ് മന്ത്രി കെ കെ ശൈലജ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ആദ്യഘട്ടത്തില്‍ വയനാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ ജില്ലകളിലെ 8534 അങ്കണവാടികളാണ് ഗുണഭോക്താക്കള്‍. പദ്ധതിയുടെ വിജയത്തിനന് ആരോഗ്യം, ശുചിത്വം, കുടിവെള്ളം, ഗ്രാമവികസനം, പഞ്ചായത്ത് രാജ്, വിദ്യാഭ്യാസ വകുപ്പ്, നാഷണല്‍ ന്യൂട്രീഷന്‍ ബോര്‍ഡ് എന്നീ വകുപ്പുകള്‍ ഉള്‍പ്പെടെ 22 വകുപ്പുകളുമായി ഏകോപിപ്പിക്കും. അടുത്ത വര്‍ഷം പദ്ധതി മുഴുവന്‍ ജില്ലകളിലേയ്ക്കും വ്യാപിപ്പിക്കും. വിവിധ വകുപ്പുകളുടെ ഏകോപനത്തിനായി ഒരു കണ്‍വര്‍ജന്‍സ് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയാണ് പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടു പോകുക.

Latest