Connect with us

International

വീണ്ടും കാലവര്‍ഷ ഭീതി; ഗുഹയില്‍ കുടുങ്ങിയ തായ്കുട്ടികള്‍ക്കായി ഊര്‍ജിത രക്ഷാപ്രവര്‍ത്തനം

Published

|

Last Updated

ബാങ്കോക്ക്: തായ്‌ലന്‍ഡിലെ താം ലുവാങ് ഗുഹയില്‍ കുടുങ്ങിയ 12 ബാല ഫുട്‌ബോള്‍ താരങ്ങളെയും കോച്ചിനെയും രക്ഷപ്പെടുത്താനുള്ള നീക്കത്തിന് വിലങ്ങുതടിയായി കാലവര്‍ഷം. ഒരാഴ്ചക്കുള്ളില്‍ വടക്കന്‍ തായ്‌ലാന്‍ഡില്‍ വീണ്ടും കാലവര്‍ഷം എത്തുമെന്ന മുന്നറിയിപ്പ് രക്ഷാപ്രവര്‍ത്തകരുടെ നെഞ്ചിടിപ്പേറ്റുകയാണ്. ഇതിനകം കുട്ടികളെ രക്ഷപ്പെടുത്തല്‍ അസാധ്യമാണെങ്കിലും തങ്ങളാല്‍ ആവുുന്നതെല്ലാം ചെയ്യുന്നുണ്ട് അവര്‍.

തായ്‌ലന്‍ഡില്‍ ഇനി കാലവര്‍ഷം ആരംഭിച്ചതാല്‍ പിന്നീട് ഒക്‌ടോബറിലെ അത് നിലക്കുകയുള്ളൂ. അതുവരെ കുട്ടികള്‍ ഗുഹയില്‍ തന്നെ കഴിയേണ്ട ഭയാനകമായ സാഹചര്യമാണ് നിലവിലുള്ളത്. രക്ഷാപ്രവര്‍ത്തനത്തിനായി വളരെ കുറച്ച് പേര്‍ക്ക് മാത്രമേ ഗുഹയില്‍ എത്താന്‍ സാധിച്ചിട്ടുള്ളൂ. ഗുഹയില്‍ കുടുങ്ങിയവര്‍ക്കുള്ള അവശ്യ ഭക്ഷണ വസ്തുക്കളും എത്തിച്ചിട്ടുണ്ട്. ഒന്‍പത് ദിവസം എടുത്താണ് വിദഗ്ധരായ നീന്തല്‍ സംഘത്തിന് പോലും കുട്ടികളുടെ അടുത്തെത്താന്‍ സാധിച്ചത്. ഈ സ്ഥിതിയില്‍ നീന്തല്‍ വശമില്ലാത്ത കുട്ടികളെ എങ്ങനെ പുറത്തെത്തിക്കുമെന്നാണ് ആലോചന.

പത്ത് കിലോമീറ്ററോളം നീളമുള്ള താം ലവാംങ് ഗുഹയുടെ കവാടത്തില്‍ നിന്ന് നാല് കിലോമീറ്റര്‍ അകലെയാണ് കുട്ടികള്‍ ഉള്ളത്. ഗുഹക്കുള്ളിലാകട്ടെ പല ഭാഗങ്ങളിലും വന്‍ വെള്ളക്കെട്ടുകളുണ്ട്. ഇതില്‍ പലതും വളരെ ആഴമേറിയതാണ്. ചെളി നിറഞ്ഞുനില്‍ക്കുന്ന സ്ഥലങ്ങളും നിരവധി. ഇതെല്ലാം മറികടന്ന് വേണം കുട്ടികളെ പുറത്തെത്തിക്കാന്‍.

കുട്ടികളെ സുരക്ഷിതരായി പുറത്തെത്തിക്കാന്‍ നാല് പദ്ധതികളാണ് നിലവില്‍ രക്ഷാസംഘം തയ്യാറാക്കിയത്.

പ്ലാന്‍ എ: കുട്ടികളെയും അധ്യാപകനെയും ഡൈവിങ് പരിശീലിപ്പിക്കുക. തുടര്‍ന്ന് ഡൈവ് ചെയ്തു പുറത്തെത്താന്‍ സാധിക്കുമോയെന്നു വിശകലനം ചെയ്യുക. ശേഷം പദ്ധതി നടപ്പാക്കുക.

പ്ലാന്‍ ബി: ഗുഹയില്‍ നിന്നു പരമാവധി വെള്ളം പമ്പു ചെയ്തു കളഞ്ഞ് സുരക്ഷിത പാത ഒരുക്കുക.

പ്ലാന്‍ സി: ഗുഹയ്ക്കകത്ത് കുട്ടികള്‍ കഴിയുന്ന ഭാഗത്തിന് മുകളിലായി അനുയോജ്യമായ ഒരു വിടവ് കണ്ടെത്തുക. അതൊരു തുരങ്കമായി മാറ്റി അതിലൂടെ കുട്ടികളെ പുറത്തെത്തിക്കുക.

പ്ലാന്‍ ഡി: കുട്ടികള്‍ക്കു ഭക്ഷണവും മരുന്നും വെള്ളവും നല്‍കി ആരോഗ്യവാന്മാരാക്കി നിലനിര്‍ത്തുക. അതിനു ശേഷം പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തുക. അല്ലെങ്കില്‍ വെള്ളം താഴുന്നതു വരെ കാത്തിരിക്കുക. ഇതുപക്ഷേ മറ്റെല്ലാ വഴികളും അടഞ്ഞാല്‍ മാത്രം പ്രയോഗിക്കാനുള്ളതാണെന്നാണു രക്ഷാസംഘം പറയുന്നത്.

---- facebook comment plugin here -----

Latest