ജോര്‍ജ് ഓര്‍വെല്‍: എഴുത്ത് എന്ന രാഷ്ട്രീയപ്രവര്‍ത്തനം

ഓരോ എഴുത്തിനും നാല് പ്രധാന ലക്ഷ്യങ്ങളുണ്ടെന്നു തുടര്‍ന്ന് ഓര്‍വെല്‍ കുറിക്കുന്നു. ഒന്ന്, എക്കാലത്തും ആ എഴുത്തുകള്‍ ഓര്‍മിക്കപ്പെടാന്‍ മാത്രം കനമുള്ളതാകണം. ഒരോ മനുഷ്യനുമുണ്ടാകുമല്ലോ, മരണാനന്തരം ജനഹൃദയങ്ങളില്‍ നിത്യമായി നില്‍ക്കാനുള്ള മോഹം. ഒരുതരം ആത്മവാസനയാണത്. രണ്ട്, വാക്കുകളെ സൗന്ദര്യത്തോടെ ചേര്‍ത്തുവെക്കുമ്പോള്‍ കിട്ടുന്ന ആസ്വാദനം. മൂന്ന്, കാര്യങ്ങളെ ചരിത്രപരമായി, യഥാര്‍ഥ സ്വഭാവത്തില്‍ അവതരിപ്പിക്കാന്‍ കഴിയുന്നതിന്റെ ആനന്ദം. നാല്, ഒരാളുടെ രാഷ്ട്രീയ വീക്ഷണങ്ങള്‍ ശരിയായി പ്രതിഫലിപ്പിക്കാന്‍ ആകുന്നു.
പുസ്തകത്താൾ
Posted on: July 2, 2018 9:08 pm | Last updated: July 2, 2018 at 9:51 pm

ഇംഗ്ലീഷ് സാഹിത്യത്തില്‍ വേറിട്ട വഴികള്‍ രൂപപ്പെടുത്തിയ എഴുത്തുകാരനാണ് ജോര്‍ജ് ഓര്‍വെല്‍. നോവലിസ്റ്റ്, ഗദ്യകാരന്‍, സാഹിത്യ വിമര്‍ശകന്‍, പത്രപ്രവര്‍ത്തകന്‍ തുടങ്ങി ഒട്ടേറെ വഴികളിലൂടെ അദ്ദേഹം സഞ്ചരിച്ചു.

ഇംഗ്ലീഷിലെ ലാളിത്യത്തിന്റെ പ്രതീകമായിരുന്നു ഓര്‍വെല്‍. എഴുതുന്ന കാര്യങ്ങള്‍ എല്ലാവര്‍ക്കും മനസ്സിലാകണമെന്നും അതിനാല്‍ സങ്കീര്‍ണമായ പദങ്ങളോ പ്രയോഗങ്ങളോ തന്റെ ഭാഷയില്‍ ഉണ്ടാകരുതെന്നും തീര്‍ച്ചയുണ്ടായിരുന്നു ഓര്‍വെലിന്. അദ്ദേഹത്തിന്റെ പ്രശസ്തമായ ഒരു ലേഖനം ഇംഗ്ലീഷ് ഭാഷയെഴുത്തുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ നിരന്തരം പരാമര്‍ശിതമാകാറുണ്ട്. 1946ല്‍ പ്രസിദ്ധീകരിച്ച ഈ പ്രബന്ധത്തിന്റെ പേര് ‘പൊളിറ്റിക്‌സ് ആന്‍ഡ് ദി ഇംഗ്ലീഷ് ലാംഗ്വേജ്’ എന്നാണ്. ഇംഗ്ലീഷ് ഭാഷയില്‍ വരുന്ന സങ്കീര്‍ണവും ശരിയല്ലാത്തതുമായ പ്രയോഗങ്ങളെ നിശിതമായി വിമര്‍ശിക്കുന്നുണ്ട് ഈ ലേഖനത്തില്‍. ഇംഗ്ലീഷ് എഴുതുന്നവര്‍ക്ക് ചില നിര്‍ദേശങ്ങള്‍ ഈ കുറിപ്പില്‍ അദ്ദേഹം മുന്നോട്ടുവെക്കുന്നു. ഒരു അര്‍ഥത്തില്‍ പ്രയോഗിക്കാന്‍ ചെറിയ പദങ്ങള്‍ ലഭ്യമാണെങ്കില്‍ വലിയ പദം ഒഴിവാക്കുക, അനിവാര്യമല്ലാത്ത ഒരു പദമുണ്ടെങ്കില്‍ വാക്യത്തില്‍ നിന്ന് അതൊഴിവാക്കാന്‍ ശ്രദ്ധിക്കുക, കര്‍ത്തരിപ്രയോഗം (ആക്ടീവ് വോയ്‌സ്) സാധ്യമായ സന്ദര്‍ഭങ്ങളില്‍ കര്‍മണിപ്രയോഗം (പാസ്സീവ് വോയ്‌സ്) ഉപയോഗിക്കാതിരിക്കുക, നമ്മുടെ ഭാഷയില്‍ ശരിയായതും സാധാരണ പ്രയോഗത്തിലുള്ളതുമായ വാക്കുകള്‍ ലഭ്യമാകുന്ന അവസരങ്ങളില്‍ ക്ലിഷേ പദങ്ങള്‍, വിദേശ പ്രയോഗങ്ങള്‍ എന്നിവ ഒഴിവാക്കുക തുടങ്ങിയവയാണവ.

‘എന്തുകൊണ്ട് ഞാനെഴുതുന്നു’ എന്നത് ഓര്‍വെലിന്റെ ചെറിയൊരു ഗ്രന്ഥത്തിന്റെ പേരാണ്. ഒരെഴുത്തുകാരനായി തീരാന്‍ നടത്തിയ വൈയക്തിക സഞ്ചാരത്തിന്റെ അനുഭവങ്ങളാണിത്. അദ്ദേഹത്തിന്റെ ലഘു ആത്മകഥ എന്ന് ഇംഗ്ലീഷ് സാഹിത്യവിമര്‍ശകര്‍ ഇതിനെ വിശേഷിപ്പിക്കുന്നു. ‘വളരെ ചെറിയ പ്രായത്തിലേ ആറാം വയസ്സില്‍ ഒരെഴുത്തുകാരനായി തീരാന്‍ എനിക്ക് നിശ്ചയമുണ്ടായിരുന്നു. പതിനേഴ് വയസ്സിനും ഇരുപത്തിനാലിനും ഇടയില്‍ ഈ ആശയം/ ആഗ്രഹം ജീവിതത്തില്‍ നിന്ന് പറിച്ചുമാറ്റാന്‍ ഞാന്‍ ശ്രമിച്ചു. പക്ഷേ, ആകുന്നില്ലായിരുന്നു. അതസാധ്യമായിരുന്നു. എന്റെ മുകളിലും താഴെയുമായി രണ്ട് കുട്ടികളുണ്ടായിരുന്നു മാതാപിതാക്കള്‍ക്ക്; അഞ്ച് വര്‍ഷത്തോളം ഇടവേളയില്‍. അച്ഛനെ എട്ട് വയസ്സിന് മുമ്പ് അപൂര്‍വമായേ ഞാന്‍ കണ്ടിരുന്നുള്ളൂ. അതിനാല്‍ തന്നെ ഒറ്റപ്പെടലിന്റെ മൂര്‍ധന്യതയിലായിരുന്നു എന്റെ ബാല്യം. സ്‌കൂള്‍ പഠനകാലത്ത് ആരാരും ഗൗനിക്കാത്ത ഒരു കുട്ടി. ഈ തനിച്ചിരിക്കല്‍ കുറേയേറെ സാങ്കല്പിക വ്യക്തികളുമായി സംസാരിക്കലിലേക്ക് എന്നെ നയിച്ചു. അവരെ വെച്ച് കഥകള്‍ മെനയാന്‍ ശീലിപ്പിച്ചു. സാഹിത്യ അഭിരുചി എനിക്ക്, ഒറ്റപ്പെടലില്‍ നിന്നുള്ള വിടുതലും അവഗണയില്‍ നിന്നുള്ള വിമോചനവുമായിരുന്നു. നാലാം വയസ്സില്‍ ഞാന്‍ ആദ്യമായി കവിത എഴുതി. സ്‌കൂളില്‍ പഠിക്കുന്ന കാലത്ത്, ഹോം വര്‍ക്ക് കഴിഞ്ഞ് ചെറിയ കോമിക് കവിതകള്‍ എഴുതുമായിരുന്നു. പതിനാലാം വയസ്സില്‍ ആദ്യത്തെ നാടകം രചിച്ചു. ഒരാഴ്ച കൊണ്ടാണ് അതെഴുതി തീര്‍ത്തത്. അതോടൊപ്പം, സ്‌കൂള്‍ മാഗസിന്‍ എഡിറ്റിംഗില്‍ എനിക്ക് സജീവ പങ്കാളിത്തവുമുണ്ടായിരുന്നു. നിലവാരമുള്ള രചനകളൊന്നും ആയിരുന്നില്ല അതിലേത്. പക്ഷെ, നിരന്തരമായ ആ എഡിറ്റിംഗ് വ്യവഹാരം എന്റെ രചനാശേഷിയെ മികവുറ്റതാക്കി. പതിനാറാം വയസ്സില്‍ ഞാന്‍ വാക്കുകളുടെ സൗന്ദര്യവും താളവും മനസ്സിലാക്കി. ഓരോ പദവും അടുത്ത പദത്തോടു ചേരുമ്പോള്‍ ഉണ്ടാകുന്ന ശബ്ദ ഭംഗിയുടെ തികവ് എന്നെ ഭ്രമിപ്പിച്ചു’.

ഓരോ എഴുത്തിനും നാല് പ്രധാന ലക്ഷ്യങ്ങളുണ്ടെന്നു തുടര്‍ന്ന് ഓര്‍വെല്‍ കുറിക്കുന്നു. ഒന്ന്, എക്കാലത്തും ആ എഴുത്തുകള്‍ ഓര്‍മിക്കപ്പെടാന്‍ മാത്രം കനമുള്ളതാകണം. ഒരോ മനുഷ്യനുമുണ്ടാകുമല്ലോ, മരണാനന്തരം ജനഹൃദയങ്ങളില്‍ നിത്യമായി നില്‍ക്കാനുള്ള മോഹം. ഒരുതരം ആത്മവാസനയാണത്. രണ്ട്, വാക്കുകളെ സൗന്ദര്യത്തോടെ ചേര്‍ത്തുവെക്കുമ്പോള്‍ കിട്ടുന്ന ആസ്വാദനം. മൂന്ന്, കാര്യങ്ങളെ ചരിത്രപരമായി, യഥാര്‍ഥ സ്വഭാവത്തില്‍ അവതരിപ്പിക്കാന്‍ കഴിയുന്നതിന്റെ ആനന്ദം. നാല്, ഒരാളുടെ രാഷ്ട്രീയ വീക്ഷണങ്ങള്‍ ശരിയായി പ്രതിഫലിപ്പിക്കാന്‍ ആകുന്നു.

ഇതില്‍ മൂന്നാമതും നാലാമതും പറഞ്ഞ ചരിത്ര, രാഷ്ട്രീയ നിലപാടുകള്‍ ഓര്‍വെല്‍ രചനകളില്‍ അങ്ങേയറ്റം പ്രകടമാണ്. ലോകത്ത് കഴിഞ്ഞ നൂറ്റാണ്ടില്‍ ഏറ്റവും നന്നായി പ്രവചനാത്മക സ്വരത്തില്‍ രാഷ്ട്രീയം നോവലുകളിലൂടെ രചിച്ച എഴുത്തുകാരനാണ് അദ്ദേഹം. ‘അനിമല്‍ ഫാം’ എന്ന അദ്ദേഹത്തിന്റെ നോവല്‍ ഈ രാഷ്ട്രീയ നിലപാടുകളുടെ ശരികളുടെ തെളിമയുടെ സാക്ഷ്യപത്രമാണ്. ഇംഗ്ലീഷ് ഭാഷയിലെ ക്ലാസിക് രചനകളില്‍ പെടുന്ന ഈ പുസ്തകം, ആദ്യമായി നോവല്‍ വായിക്കുന്നവര്‍ക്ക് ആശ്രയിക്കാവുന്നതാണ്. കാരണം, അത്രമേല്‍ ലളിതമാണ് അതിന്റെ ഭാഷ. മുന്നോട്ടേക്ക് വായനക്കാരനെ വലിച്ചുകൊണ്ടുപോകുന്ന ആഖ്യാനമാണ്. മൃഗങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി എങ്ങനെയാണ് സമഗ്രാധിപത്യ സ്വഭാവം ഒരു സമൂഹത്തെ തന്നെ സമ്പൂര്‍ണമായി ശിഥിലമാക്കുന്നു എന്ന് ഓര്‍വെല്‍ വിവരിക്കുന്നു. കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ ഉദയത്തെയും ആ പ്രത്യയശാസ്ത്രപ്രകാരം നിലവില്‍ വന്ന രാജ്യങ്ങളില്‍ പിന്നീട് നടന്ന ഏകാധിപത്യ പ്രവണതകളിലൂടെ സമഗ്ര വിനാശം ഉണ്ടായതുമായ ചരിത്രം ഈ നോവലിനോട് ഏറെ സാമ്യത കാണിക്കുന്നു. നമ്മുടെ കാലത്ത് ഗൗരവപൂര്‍വം വായിക്കപ്പെടേണ്ട എഴുത്തുകാരനാണ് ഓര്‍വെല്‍. ഇംഗ്ലീഷ് സാഹിത്യത്തില്‍ താത്പര്യമുള്ളവര്‍ അനിവാര്യമായും അദ്ദേഹത്തിന്റെ ഓരോ പുസ്തകവും സൂക്ഷ്മമായി തന്നെ വായിക്കണം. എഴുത്തിനെ പറ്റിയുള്ള ഓര്‍വെലിന്റെ നിലപാടുകള്‍ അന്നേറെ വിവാദമായിരുന്നെകിലും ഇന്നേറെക്കുറെ എല്ലാവരും ശരിയായിരുന്നു എന്ന് സമ്മതിക്കുകയും സ്വന്തം രചനകളില്‍ പ്രകടിപ്പിക്കാന്‍ ശ്രമിക്കുന്നവയുമാണ്.

‘എന്തുകൊണ്ട് ഞാന്‍ എഴുതുന്നു’ എന്ന ആദ്യം പരാമര്‍ശിച്ച ലഘുപുസ്തകത്തില്‍ തന്റെ എഴുത്തുകള്‍ എപ്രകാരമാണ് കാലഘട്ടത്തോട് സംവദിക്കുന്നതും പീഡിതരുടെ കൂടെ നില്‍ക്കുന്നവയും അടിച്ചമര്‍ത്തല്‍ രീതികള്‍ക്കെതിരെയുള്ള തിരുത്തും ആകുന്നത് എന്ന് ഓര്‍വെല്‍ സൂചിപ്പിച്ചിട്ടുണ്ട്. ‘1936ലെ സ്പാനിഷ് ആഭ്യന്തര യുദ്ധത്തിന് ശേഷം ഞാനെഴുതിയ ഓരോ രചനയും സര്‍വാധിപത്യ രാഷ്ട്രീയത്തെ വെല്ലുവിളിക്കുന്നവയും സോഷ്യലിസ്റ്റ് മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നവയുമാണ്. രാഷ്ട്രീയ എഴുത്തിനെ ഒരു കലയായി വികസിപ്പിക്കാനാണ് ഞാന്‍ ശ്രമിച്ചത്. ആളുകള്‍ മനസ്സിലാക്കേണ്ട, അറിയേണ്ട സത്യങ്ങളെ അനാവരണം ചെയ്യാനാണ് എഴുതുന്നത് എന്ന ബോധ്യത്തോടെയായിരുന്നു അവ’.
.