കെവിന്റെ മരണം: എഎസ്‌ഐ ബിജുവിനും ജീപ്പ് ഡ്രൈവര്‍ക്കും സസ്‌പെന്‍ഷന്‍

Posted on: May 30, 2018 10:45 am | Last updated: May 30, 2018 at 12:11 pm

കോട്ടയം: മന്നാനം സ്വദേശി കെവിന്‍ ജോസഫിന്റെ മരണവുമായി ബന്ധപ്പെട്ട് കേസില്‍ ഗാന്ധിനഗര്‍ എഎസ്‌ഐ ബിജുവിനെ സസ്‌പെന്‍ഡ് ചെയ്തു. രാത്രി പട്രോളിംഗിന് എഎസ്‌ഐക്കൊപ്പം ഉണ്ടായിരുന്ന പൊലീസ് ജീപ്പ് െ്രെഡവറെയും അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. കെവിന്റെ മരണവുമായി ബന്ധപ്പെട്ട് കേസില്‍ ഗാന്ധിനഗര്‍ എസ്‌ഐ ഷിബുവിനും എഎസ്‌ഐ ബിജുവിനുമെതിരേ കൊച്ചി റേഞ്ച് ഐജി ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കെവിനെ തട്ടിക്കൊണ്ടുപോയത് പോലീസിന്റെ അറിവോടെയാണെന്നും എഎസ്‌ഐ ബിജുവിന് ഇതെക്കുറിച്ച് വ്യക്തമായ അറിവുണ്ടായിരുന്നുവെന്നും ഐജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ശനിയാഴ്ച രാത്രി ഗാന്ധിനഗര്‍ പരിധിയില്‍ പട്രോളിംഗിന് ഉണ്ടായിരുന്നത് എ.എസ്.ഐ ബിജുവാണ്. കെവിനെ തട്ടിക്കൊണ്ടുപോകാന്‍ മൂന്ന് കാറിലെത്തിയ സംഘത്തെ കോട്ടയത്ത് വെച്ച് ഞായറാഴ്ച അര്‍ധരാത്രി പോലീസ് ചോദ്യം ചെയ്തിരുന്നു. കല്ല്യാണവീട്ടിലേക്കുള്ള വഴിതെറ്റിവന്നതാണെന്നായിരുന്നു ഇവര്‍ പറഞ്ഞത്. തുടര്‍ന്ന് എല്ലാവരുടെയും തിരിച്ചറിയില്‍ കാര്‍ഡുകളും ഡ്രൈവിംഗ് ലൈസന്‍സുകളും വാങ്ങി പകര്‍പ്പുകള്‍ എടുത്ത ശേഷം കൈക്കൂലിയും വാങ്ങി വിട്ടയക്കുകയായിരുന്നു.