കെവിന്റെ കൊലപാതകത്തില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍

Posted on: May 28, 2018 8:40 pm | Last updated: May 29, 2018 at 12:32 pm

കോട്ടയം: പ്രണയിച്ചു വിവാഹം കഴിച്ചതിന് വധുവിന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയി കൊല്ലപ്പെടുത്തിയ കേസില്‍ രണ്ട് പേര്‍ കൂടി തമിഴ്‌നാട്ടില്‍ പോലീസ് പിടിയിലായി. കെവിനെ തട്ടിക്കൊണ്ടുപോകുകയും കൊലപ്പെടുത്തുകയും ചെയ്ത സംഘത്തിലെ ഡി വൈ എഫ് ഐ നേതാവുള്‍പ്പെടെയുള്ള രണ്ടുപേരാണ് തിരുനല്‍വേലിയില്‍ അറസ്റ്റിലായത്. ഇടമണ്‍ ഡി വൈ എഫ് ഐ യൂണിറ്റ് സെക്രട്ടറി നിഷാന മന്‍സിലില്‍ നിയാസ്(23), റിയാസ് മന്‍സിലില്‍ റിയാസ്(26) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തെങ്കാശിയില്‍ ബസില്‍ സഞ്ചരിക്കുമ്പോഴാണ് ഇവരെ പിടികൂടിയത്.

നീനുവിന്റെ സഹോദരന്‍ ഷാനു ഉള്‍പ്പെടെ 13 പേരാണ് കേസില്‍ പ്രതികളായുള്ളത്. കെവിനെ തട്ടിക്കൊണ്ട് പോകാന്‍ ഉപയോഗിച്ച കാറുകളിലൊന്നില്‍ ഓടിച്ചത് നിയാസാണെന്ന് സൂചനയുണ്ട്. കേസില്‍ ഉള്‍പ്പെട്ടതറിഞ്ഞ് സംഘടനയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് നിയാസിനെ രാവിലെത്തന്നെ ഒഴിവാക്കിയിരുന്നു. അല്‍പ്പസമയത്തിനികം ഇരുവരേയും പുനലൂര്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിക്കും. കേസില്‍ പ്രതിയായ ഇഷാനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

അതേസമയം, കെവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കോട്ടയം ജില്ലയില്‍ ചൊവ്വാഴ്ച യുഡിഎഫും ബിജെപിയും ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. കേരള കോണ്‍ഗ്രസ് എമ്മും ഹര്‍ത്താലിനെ പിന്തുണയ്ക്കുന്നുണ്ട്. രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. എന്നാല്‍ ചൊവ്വാഴ്ച നടത്താനിരുന്ന എംജി സര്‍വകലാശാല പരീക്ഷകള്‍ക്കൊന്നും മാറ്റമുണ്ടാകില്ല.

മൂന്ന് ദിവസം മുമ്പാണ് പ്രണയിച്ചു വിവാഹം കഴിച്ചതിന് കെവിനെ ഭാര്യ നീനുവിന്റെ സഹോദരനുള്‍പ്പെടെയുള്ള സായുധ സംഘം തട്ടിക്കൊണ്ടുപോയത്. വിവാഹം രജിസ്ട്രര്‍ വിവാഹം ചെയ്തതിന് പിന്നാലെയായിരുന്നു ഇത്. തിങ്കളാഴ്ച രാവിലെ പുനലൂര്‍ ചാലിയക്കര ആറില്‍ കെവിന്റെ മൃതദേഹം കണ്ടെത്തി.

ഒപ്പം കൊണ്ടുപോയ ബന്ധു, മാന്നാനം കളമ്പുകാട്ടുചിറ അനീഷിനെ (30) മര്‍ദിച്ച് അവശനാക്കിയശേഷം വഴിയില്‍ ഉപേക്ഷിച്ചിരുന്നു. കെവിന്‍ പത്തനാപുരത്തുവച്ചു കാറില്‍നിന്നു ചാടി രക്ഷപ്പെട്ടുവെന്ന് അനീഷ് പറഞ്ഞിരുന്നുവെങ്കിലും വിവരമൊന്നുമില്ലായിരുന്നു. തുടര്‍ന്ന്, കെവിന്റെ ഭാര്യ നീനു (20)ന്റെ പരാതിയില്‍ സഹോദരന്‍ ഷാനു ചാക്കോ ഉള്‍പ്പെടെ കണ്ടാലറിയാവുന്ന 10 പേര്‍ക്കെതിരെ ഗാന്ധിനഗര്‍ പോലീസ് കേസെടുത്തിരുന്നു. തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാറുകളിലൊന്ന് തെന്മല പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

നീനുവും കെവിനും തമ്മില്‍ മൂന്ന് വര്‍ഷമായി പ്രണയത്തിലായിരുന്നു. മറ്റൊരു വിവാഹം നടത്താന്‍ ബന്ധുക്കള്‍ ഉറപ്പിച്ചതോടെ നീനു കെവിനൊപ്പം ഇറങ്ങിപ്പോന്നു. ഇതില്‍ പ്രകോപിതരായി ബന്ധുക്കള്‍ കെവിനെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. സംഭവത്തില്‍ പോലീസിന്റെ അനാസ്ഥക്കെതിരെ ആരോപണം ശക്തമാണ്. പരാതി നല്‍കിയിട്ടും പോലീസ് നടപടി സ്വീകരിക്കാന്‍ തയ്യാറായില്ലെന്നാണ് ആരോപണം.