Connect with us

International

ലബനാനില്‍ സാദ് ഹരീരി വീണ്ടും പ്രധാനമന്ത്രിയാകും

Published

|

Last Updated

ബെയ്‌റൂത്ത്: പുതിയ സര്‍ക്കാറുണ്ടാക്കാന്‍ സാദ് ഹരീരിയോട് ലബനീസ് പ്രസിഡന്റ് മൈക്കിള്‍ ഔന്‍ ആവശ്യപ്പെട്ടു. ഇതോടെ സാദ് ഹരീരി ലബനാനിന്റെ അടുത്ത പ്രധാനമന്ത്രിയാകുമെന്ന് ഉറപ്പായി. ലബനീസ് പാര്‍ലിമെന്റിലെ 128 അംഗങ്ങളില്‍ 111 പേരും സാദ് ഹരീരിക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയതോടെയാണ് പുതിയ സര്‍ക്കാറുണ്ടാക്കാന്‍ പ്രസിഡന്റ് അദ്ദേഹത്തോട് ആവശ്യപ്പെട്ടത്.

ഇത് മൂന്നാം തവണയാണ് സാദ് ഹരീരി പ്രധാനമന്ത്രി സ്ഥാനത്തിരിക്കുന്നത്. 2016 മുതല്‍ അദ്ദേഹം തന്നെയാണ് പ്രധാനമന്ത്രി സ്ഥാനത്തുള്ളത്. ഇതിന് മുമ്പ് 2009 മുതല്‍ 2011 വരെയും സാദ് ഹരീരി പ്രധാനമന്ത്രിയായി സേവനം ചെയ്തിട്ടുണ്ട്. പുതിയ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ തന്നെ ക്ഷണിച്ച പ്രസിഡന്റിനോടും പാര്‍ലിമെന്റിലെ അംഗങ്ങളോടും നന്ദി അറിയിക്കുന്നതായി ഹരീരി പ്രതികരിച്ചു. ഈ മാസം 20ന് നടന്ന പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ ഹരീരിയുടെ ഫ്യൂച്ചര്‍ മൂവ്‌മെന്റ് പാര്‍ട്ടിക്ക് മൂന്നിലൊന്ന് ഭൂരിപക്ഷം നഷ്ടപ്പെട്ടിരുന്നു. എന്നിരുന്നാലും സുന്നി നേതൃത്വത്തിലുള്ള ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാന്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് സാധിച്ചിരുന്നു. തിരഞ്ഞെടുപ്പില്‍ മത്സരിച്ച ഹിസ്ബുല്ലക്കും സഖ്യപാര്‍ട്ടികള്‍ക്കും 70 സീറ്റുകള്‍ ലഭിച്ചു. ലബനാനിലെ അധികാര പങ്കാളിത്ത നിയമമനുസരിച്ച്, പ്രധാനമന്ത്രിയാകേണ്ടത് സുന്നിയാണ്. സ്പീക്കര്‍ ശിയായും പ്രസിഡന്റ് ക്രിസ്ത്യാനിയുമായിരിക്കും. ലബനാന്‍ ജനതയുടെ ഗുണത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാറിന് എത്രയും വേഗം രൂപം നല്‍കുമെന്ന് ഹരീരി അറിയിച്ചു.

Latest