Connect with us

Gulf

മധ്യപൗരസ്ത്യ ദേശത്ത് ഒരു വര്‍ഷത്തിനകം പത്ത് ഹൈപ്പര്‍മാര്‍ക്കറ്റുകള്‍; ഇന്ത്യയിലെ മിക്ക നഗരങ്ങളിലും സംരംഭങ്ങള്‍: എം എ യൂസുഫലി

Published

|

Last Updated

എം എ യൂസുഫലി ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍

ദുബൈ: ഒരു വര്‍ഷത്തിനകം മധ്യപൗരസ്ത്യ ദേശത്ത് പത്തു ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ ആരംഭിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസുഫലി. ദുബൈയില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ ലക്‌നോ, വിശാഖപട്ടണം, ഹൈദരാബാദ്, ബംഗളൂരു തുടങ്ങി മിക്ക നഗരങ്ങളിലും ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ ആരംഭിക്കും. ലക്‌നോയിലെ സംരംഭം താമസിയാതെ പ്രവര്‍ത്തനസജ്ജമാകും. വിദേശികള്‍ക്ക് യു എ ഇ വന്‍ നിക്ഷേപ സാധ്യതയാണ് തുറന്നിട്ടിരിക്കുന്നത്. വന്‍കിട കമ്പനികള്‍ക്ക് നൂറു ശതമാനം ഉടമസ്ഥാവകാശം എന്ന യു എ ഇ യുടെ പ്രഖ്യാപനം എല്ലാ മേഖലയിലും കുതിച്ചു ചാട്ടത്തിന് ഇടയാക്കും. അതിന്റെ വിശദവിവരങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂ. പഠനത്തിന് വാണിജ്യ മന്ത്രാലയത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട് എന്നാണ് അറിയാന്‍ കഴിഞ്ഞത്.

ഏതായാലും തത്വത്തില്‍ യു എ ഇ ഭരണാധികാരികള്‍ പുതിയ നിര്‍ദേശം അംഗീകരിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നിന്നടക്കം നിരവധി നിക്ഷേപങ്ങള്‍ വരുമെന്ന കാര്യത്തില്‍ സംശയമില്ല. ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. അതേസമയം ലുലു ഗ്രൂപ്പ് എല്ലാ കാലത്തും മുന്നോട്ട് പോയിട്ടുണ്ട്. കഴിഞ്ഞ റമസാന് ശേഷം പുതുതായി പത്തു ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ ആരംഭിച്ചു. അടുത്ത റമസാന് മുമ്പ് പത്തു ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ എന്നതാണ് ലക്ഷ്യം. കോഴിക്കോട്ട്, കണ്‍വന്‍ഷന്‍ സെന്റര്‍ അടക്കമുള്ള പദ്ധതി നടപ്പാക്കുമെന്നുള്ള പ്രഖ്യാപനത്തിനു വലിയ സ്വീകാര്യതയാണ് ലഭിച്ചത്. കൊച്ചിയില്‍ ലുലു മാള്‍ കാണാന്‍ കാസര്‍കോട്ടു നിന്നു വരെ ആളുകള്‍ എത്തുന്നു. കോഴിക്കോട്ട് ആരംഭിക്കുമ്പോള്‍ അവര്‍ക്കൊക്കെ വളരെ അടുത്തായി. കണ്ണൂര്‍ വിമാനത്താവളം സമയ ബന്ധിതമായി പൂര്‍ത്തിയാകും. നെടുമ്പാശേരി മാതൃകയിലാണ് അതിന്റെ നിര്‍മാണ പുരോഗതി. സാധാരണക്കാര്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ ഓഹരി പങ്കാളിത്തം നേടണം. കേരളത്തില്‍ നിക്ഷേപത്തിന് അനുകൂല സാഹചര്യമുണ്ട്. മാറി മാറി വരുന്ന ഭരണകൂടങ്ങള്‍ അനുകൂല അന്തരീക്ഷം ഉണ്ടാക്കുന്നു. ഇപ്പോഴത്തെ സര്‍ക്കാര്‍ ഒരു പടി കൂടി മുന്നോട്ട് പോയിട്ടുണ്ട്. രാഷ്ട്രീയം മാറ്റി വെച്ചു കൊണ്ടാണിത് പറയുന്നത്. നോക്കു കൂലി ഇല്ലാതാക്കിയത് ഒരു ഉദാഹരണം. പെട്രോളിന് വിലകയറുന്നതു ആഗോള പ്രതിഭാസമാണ്. ഗള്‍ഫ് രാജ്യങ്ങള്‍ സാമ്പത്തികമായി ശക്തിപ്പെടുന്നു. എണ്ണ വില കുറഞ്ഞു 35 ഡോളറില്‍ എത്തിയപ്പോള്‍ വലിയ ആശങ്ക ഉണ്ടായില്ലേ. അന്നും താന്‍ ശുഭ പ്രതീക്ഷ കൈവിട്ടിരുന്നില്ല.

സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ എന്‍ജിനിയര്‍മാര്‍, കോര്‍പ്പറേറ്റ് നിക്ഷേപകര്‍ എന്നിവര്‍ക്ക് 10 വര്‍ഷത്തെ താമസ വിസ അനുവദിക്കാന്‍ യു എ ഇ തീരുമാനിച്ചത് വലിയ കാല്‍വെപ്പാണ്. കുടുംബം നാട്ടിലേക്ക് മടങ്ങിയാലും കുട്ടികള്‍ക്ക് ഇവിടെ പഠനം തുടരാനുള്ള സാഹചര്യം ഉരുത്തിരിഞ്ഞു വരുന്നു. സ്വദേശികള്‍ സ്വകാര്യ മേഖലയില്‍ തൊഴിലിടങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടും.

ഈ വര്‍ഷാവസാനത്തിന് മുമ്പ് ഈ തീരുമാനങ്ങള്‍ പ്രാബല്യത്തിലാക്കാന്‍ വിവിധ വകുപ്പുകളോട് നിര്‍ദേശിച്ചിട്ടുണ്ട്.യു എ ഇയുടെ തുറന്ന അന്തരീക്ഷം, സഹിഷ്ണുത, മൂല്യങ്ങള്‍, നിയമനിര്‍മാണം എന്നിവയൊക്കെ മറ്റു രാജ്യങ്ങള്‍ മാതൃകയാക്കേണ്ടതാണ്. സ്വപ്‌നങ്ങള്‍ സാക്ഷത്കരിക്കാനുള്ള അവസരങ്ങളുടെ നാടായി യു. എ ഇ മാറുകയാണ്. ഇന്ത്യ-യു എ ഇ ബന്ധം ഉയരങ്ങളിലേക്ക് കുതിക്കുകയാണ്. ഇന്ത്യയിലേക്ക് അസംസ്‌കൃത എണ്ണ നേരിട്ടെത്തിക്കുന്നത് ഇന്ത്യയില്‍ ലഭ്യത വര്‍ധിപ്പിക്കും. മറ്റു മേഖലകളിലും ഇടപാട് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.