ശ്രീജിത്തിന്റെ ഭാര്യ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചു

Posted on: May 24, 2018 6:09 am | Last updated: May 24, 2018 at 12:54 am
വരാപ്പുഴ പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ ഭാര്യ അഖില പറവൂര്‍ താലൂക്ക് ഓഫീസില്‍ ജോലിയില്‍ പ്രവേശിച്ചപ്പോള്‍

കൊച്ചി: വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ ഭാര്യ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചു. പറവൂര്‍ താലൂക്ക് ഓഫീസില്‍ എല്‍ ഡി ക്ലാര്‍ക്ക് തസ്തികയില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്ന സെക്ഷനിലാണ് ഇന്നലെ അഖില ചുമതലയേറ്റത്. രാവിലെ 9.40 ന് താലൂക്ക് ഓഫീസ് തുറക്കും മുമ്പേ തന്നെയെത്തിയ അഖിലക്കൊപ്പം മരിച്ച ശ്രീജിത്തിന്റെ സഹോദരന്‍ രഞ്ജിത്തും അഖിലയുടെ സഹോദരന്‍ അഭിനവുമുണ്ടായിരുന്നു.
കൃത്യം 10 ന് ഓഫീസില്‍ എത്തിയ തഹസില്‍ദാര്‍ എം എച്ച് ഹരീഷ് മുമ്പാകെ അഖില നിയമന ഉത്തരവും സര്‍ട്ടിഫിക്കറ്റുകളും ഹാജരാക്കി. തുടര്‍ന്ന് അസി. തഹസില്‍ദാര്‍ പി കെ ജോസഫിന്റെ മുന്നില്‍ രജിസ്റ്ററില്‍ ഒപ്പ് വെച്ച് ജോലിയില്‍ പ്രവേശിച്ചു. സര്‍ക്കാര്‍ നിര്‍ദേശത്തെത്തുടര്‍ന്ന് കഴിഞ്ഞ 17ന് ജില്ലാ കലക്ടര്‍ വീട്ടിലെത്തി അഖിലക്ക് നിയമന ഉത്തരവ് കൈമാറിയിരുന്നു.

ആസ്റ്റര്‍ മെഡിസിറ്റിയില്‍ നഴ്‌സിംഗ് അസിസ്റ്റന്റായി ജോലി നോക്കുകയായിരുന്നു അഖില ഇതുവരെ. പ്ലസ്ടുവിന് ശേഷം ഡി ഫാം പാസായിട്ടുണ്ട്.
ശ്രീജിത്തിന്റെ ജീവന്റെ വിലയാണ് ഈ ജോലിക്കെന്നും മകളെ സംരക്ഷിച്ച് വളര്‍ത്തുകയാണ് ഇനിയുള്ള ജീവിത ലക്ഷ്യമെന്നും അഖില പറഞ്ഞു.