Connect with us

Kerala

നിപ്പ വൈറസ് പടരാതിരിക്കാന്‍ നടപടി സ്വീകരിച്ചതായി ആരോഗ്യ മന്ത്രി

Published

|

Last Updated

കോഴിക്കോട്: നിപ്പ വൈറസ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് എല്ലാ മുന്‍കരുതലും സ്വീകരിച്ചതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ. പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും രോഗിയായി നേരിട്ട് ഇടപെടുമ്പോഴാണ് രോഗബാധ കൂടുതലായി പകരുന്നതെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

ആശുപത്രി ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ സുരക്ഷാ നടപടികള്‍ എടുത്തിട്ടുണ്ട്. പേരാമ്പ്ര സൂപ്പിക്കടയില്‍ പനി ബാധിച്ച് മരിച്ചവരുടെ വീട്ടിലെ കിണറ്റില്‍ നിന്ന് വവ്വാലുകളെ കണ്ടെത്തിയിട്ടുണ്ട്. വവ്വാലുകളില്‍ നിന്നാണ് രോഗം പകര്‍ന്നതെന്നാണ് വിവരം. വവ്വാലുകളെ കണ്ട കിണര്‍ മൂടിയതായും മന്ത്രി പറഞ്ഞു. ജനങ്ങളെ ഭീതിപ്പെടുത്തുന്ന വാര്‍ത്തകള്‍ മാധ്യമങ്ങള്‍ നല്‍കരുത്. സ്വകാര്യ ആശുപത്രികള്‍ ഉള്‍പ്പെടെ ചികിത്സക്കായി പ്രത്യേക സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രണ്ട് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. ഇവിടെ എപ്പോള്‍ വേണമെങ്കിലും വിളിച്ച് വിവരങ്ങള്‍ ആരായാം.

നിപ്പാ വൈറസ് വായുവിലൂടെ പരക്കുമെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. പെട്ടെന്നു രോഗം കുറയ്ക്കാനുള്ള മരുന്നിന്റെ അഭാവം ലോകത്താകമാനമുണ്ട്. കിട്ടാവുന്നിടത്തു നിന്നെല്ലാം മരുന്ന് എത്തിച്ചിട്ടുണ്ട്. വവ്വാലുകളില്‍ നിന്നല്ലാതെ മറ്റു ജീവികളിലൂടെ രോഗം പകരുമെന്നു തെളിയിക്കപ്പെട്ടിട്ടില്ല. അടിയന്തര സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനു കലക്ടര്‍ ചെയര്‍മാനും ഡിഎംഒ കണ്‍വീനറുമായി ടാസ്‌ക് ഫോഴ്‌സ് രൂപവത്കരിച്ചു.

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൂടുതല്‍ സൗകര്യമൊരുക്കും. ഇവിടെ രണ്ട് വെന്റിലേറ്റര്‍ കൂടി സ്ഥാപിച്ചിട്ടുണ്ട്. ഉപകരണങ്ങള്‍ വാങ്ങാന്‍ പണം തടസ്സമാകില്ല. ഇക്കാര്യ മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. പേരാമ്പ്ര, താമരശ്ശേരി ആശുപത്രികളില്‍ കൂടി ഐസൊലേഷന്‍ വാര്‍ഡുകള്‍ തുറന്നിട്ടുണ്ട്. കൂടുതല്‍ മരണങ്ങള്‍ ഒഴിവാക്കാന്‍ പരമാവധി ശ്രമത്തിലാണ് ആരോഗ്യ വകുപ്പും സര്‍ക്കാറും. സ്വകാര്യ ആശുപത്രിയിലെ ചികിത്സക്ക് സര്‍ക്കാര്‍ സഹായം നല്‍കും. ലക്ഷണങ്ങളോടെ എട്ട് പേരാണ് ഇപ്പോള്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. മൂന്ന് പേരുടെ മരണം നിപ്പ മൂലമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്ന് പേരുടെ മരണം നിപ്പ വൈറസ് മൂലമാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇവരുടെ ശരീര സ്രവങ്ങള്‍ പരിശോധനക്കായി അയച്ചിട്ടുണ്ട്. പ്രത്യേക കേന്ദ്ര സംഘം ഇന്ന് എത്തിച്ചേരുമെന്ന് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. വവ്വാലുകള്‍ കടിച്ച പഴങ്ങള്‍ കഴിക്കരുത്. കൈകള്‍ നന്നായി സോപ്പിട്ടു കഴുകണം. പഴങ്ങള്‍ ചൂടുവെള്ളത്തില്‍ കഴുകിയ ശേഷം മാത്രമേ കഴിക്കാവൂയെന്നും മന്ത്രി വ്യക്തമാക്കി. യോഗത്തില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍, ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Latest