Connect with us

Sports

മുംബൈ പുറത്ത്

Published

|

Last Updated

ന്യൂഡല്‍ഹി: നിര്‍ണായക പോരാട്ടത്തില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനോട് തോറ്റ് നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യന്‍സ് ഐ പി എല്‍ പ്ലേഓഫ് കാണാതെ പുറത്ത്.
സ്‌കോര്‍ : 174/4 , മുംബൈ 163 ആള്‍ ഔട്ട്.
ടൂര്‍ണമെന്റില്‍ നിന്ന് നേരത്തെ തന്നെ പ്ലേഓഫ് കാണാതെ പുറത്തായ ഡല്‍ഹി തുടര്‍ച്ചയായ രണ്ടാം വിജയത്തോടെ സീസണിനോട് വിടപറഞ്ഞു. 14 മല്‍സരങ്ങളില്‍ നിന്ന് 12 പോയിന്റാണ് മുംബൈക്ക് നേടാനായത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി നിശ്ചിത ഓവറില്‍ നാല് വിക്കറ്റിന് 174 റണ്‍സ് അടിച്ചെടുക്കുകയായിരുന്നു. ഐപിഎല്ലില്‍ മിന്നും ഫോം തുടരുന്ന വിക്കറ്റ്കീപ്പര്‍ റിഷഭ് പന്തിന്റെ (64) തകര്‍പ്പന്‍ അര്‍ധസെഞ്ച്വറിയാണ് മുംബൈക്കെതിരേ സ്വന്തം കാണികള്‍ക്കു മുന്നില്‍ ഡല്‍ഹിക്ക് പൊരുതാവുന്ന സ്‌കോര്‍ നേടിക്കൊടുത്തത്. മറുപടിയില്‍ എവിന്‍ ലെവിസും (48) കട്ടിങും (37) ഹാര്‍ദിക് പാണ്ഡ്യയും (27) പൊരുതി നോക്കിയെങ്കിലും 19.3 ഓവറില്‍ 163 റണ്‍സിന് മുംബൈ കൂടാരം കയറുകയായിരുന്നു. 13 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് മുംബൈ നിരയില്‍ രണ്ടക്കം കണ്ട മറ്റൊരു താരം.

അവസാന ഓവറുകളില്‍ പ്രതീ്ക്ഷ നല്‍കി ബെന്‍ കട്ടിംഗ് തകര്‍ത്തടിച്ചതോടെ മുംബൈ മല്‍സരം സ്വന്തമാക്കുമെന്ന പ്രതീതി സൃഷ്ടിച്ചു. എന്നാല്‍, ഹര്‍ഷല്‍ പട്ടേലിന്റെ ബൗളിങില്‍ ബൗണ്ടറി ലക്ഷ്യമാക്കി കട്ടിങ് തൊടുത്ത ഷോട്ട് ഗ്ലെന്‍ മാക്‌സ്‌വെല്‍ കൈയിലൊതുക്കിയതോടെ മുംബൈ മല്‍സരത്തില്‍ അടിയറവ് പറയുകയായിരുന്നു. 11 റണ്‍സിനായിരുന്നു ഡല്‍ഹിയുടെ ജയം.

20 പന്തില്‍ മൂന്ന് സിക്‌സറും രണ്ട് ബൗണ്ടറിയും ഉള്‍പ്പെടുന്നതാണ് കട്ടിങിന്റെ ഇന്നിങ്‌സ്. 31 പന്തില്‍ നാല് സിക്‌സറും മൂന്ന് ബൗണ്ടറിയും ഉള്‍പ്പെടുന്നതാണ് ലെവിസിന്റെ ഇന്നിങ്‌സ്. 8.5 ഓവറില്‍ രണ്ടു വിക്കറ്റിന് 74 റണ്‍സെന്ന ഭേദപ്പെട്ട നിലയിലായിരുന്നു മുംബൈ. എന്നാല്‍, നാല് റണ്‍സെടുക്കുന്നതിനിടെ മുംബൈയുടെ മൂന്ന് നിര്‍ണായക വിക്കറ്റുകള്‍ നഷ്ടപ്പെടുകയായിരുന്നു. ലെവിസ്, പൊള്ളാര്‍ഡ്, ക്രുനാല്‍ എന്നിവരാണ് പുറത്തായത്. ഒമ്പതാം ഓവറിലെ അവസാന പന്തില്‍ മിശ്രയുടെ ബൗളിങില്‍ വിക്കറ്റ് കീപ്പര്‍ പന്ത് സ്റ്റംപ് ചെയ്താണ് ലെവിസിനെ പുറത്താക്കിയത്.

സന്ദീപ് ലാമിച്ചനാണ് ചാമ്പ്യന്‍മാര്‍ക്ക് ഇരട്ട പ്രഹരം നല്‍കിയത്. പൊള്ളാര്‍ഡിനെ ലാമിച്ചന്റെ ബൗളിങില്‍ ട്രെന്റ് ബോള്‍ട്ട് പിടികൂടിയപ്പോള്‍ ആ ഓവറില്‍ തന്നെ ക്രുനലും സബ്സ്റ്റിയൂട്ടായെത്തിയ രാഹുല്‍ തെവാട്ടിയക്ക് ക്യാച്ച് നല്‍കി കളംവിടുകയായിരുന്നു. അവസാന ഓവറുകളില്‍ കട്ടിങ് നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് മുംബൈ തോല്‍വിയുടെ ഭാരം കുറച്ചത്. ഡല്‍ഹിക്കു വേണ്ടി ലാമിച്ചന്‍, ഹര്‍ഷല്‍ പട്ടേല്‍, അമിത് മിശ്ര എന്നിവര്‍ മൂന്നു വിക്കറ്റ് വീതം വീഴ്ത്തി തിളങ്ങി. ട്രെന്റ് ബോള്‍ട്ട് ഒരു വിക്കറ്റ് നേടി.

Latest