എത്ര തുകയാണ് പ്രതീക്ഷിക്കുന്നത്? പതിനഞ്ച് കോടിയോ മന്ത്രിസ്ഥാനമോ നല്‍കാം

Posted on: May 20, 2018 11:46 am | Last updated: May 20, 2018 at 11:46 am

ബെംഗളൂരു: നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ അവസാന മണിക്കൂറുകളിലും രാഷ്ട്രീയ കുതിരക്കച്ചവടവും കരുനീക്കങ്ങളും. കര്‍ണാടകയില്‍ അധികാരത്തിലെത്താന്‍ ബി ജെ പി പയറ്റിയ തന്ത്രങ്ങളെല്ലാം പൊളിയുന്നതാണ് അവസാന നിമിഷവും കണ്ടത്. ബി ജെ പി നേതാവും കോണ്‍ഗ്രസ് എം എല്‍ എയും തമ്മിലുള്ള സംഭാഷണമാണ് ഏറ്റവും ഒടുവില്‍ ബി ജെ പിയെ പ്രതിരോധത്തിലാക്കിയത്. വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ പണമെറിഞ്ഞ് കോണ്‍ഗ്രസ്- ജനതാദള്‍ എം എല്‍ എമാരെ സ്വന്തം പാളയത്തിലെത്തിക്കാന്‍ ബി ജെ പി നേതാക്കള്‍ നടത്തിയ ശ്രമങ്ങളാണ് പുറത്തുവന്നത്. എത്ര തുകയാണ് പ്രതീക്ഷിക്കുന്നതെന്ന കോണ്‍ഗ്രസ് എം എല്‍ എയോടുള്ള ബി ജെ പി നേതാവിന്റെ ചോദ്യവും പുറത്തായി. മൊളകാല്‍മുലു എം എല്‍ എ ശ്രീരാമുലുവിന്റേതെന്ന് സംശയിക്കുന്ന ശബ്ദരേഖയാണ് പുറത്തായത്. കോണ്‍ഗ്രസാണ് നിര്‍ണായക നിമിഷത്തില്‍ ശബ്ദരേഖ പുറത്തുവിട്ടത്.
ഖനി രാജാവ് ജനാര്‍ദന റെഡ്ഢിയും കോണ്‍ഗ്രസ് എം എല്‍ എയും തമ്മിലുള്ള സംഭാഷണമാണ് പിന്നീട് പുറത്തുവന്നത്. ബി എസ് യെദ്യൂരപ്പ കോണ്‍ഗ്രസിന്റെ ഹിരേക്കൂര്‍ എം എല്‍ എ. ബി സി പാട്ടീലിന് പണം വാഗ്ദാനം ചെയ്തുവെന്ന് തെളിയിക്കുന്ന സംഭാഷണമാണിത്. വൈകീട്ട് നാലിന് വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് കൂടുതല്‍ ടെലിഫോണ്‍ സംഭാഷണങ്ങള്‍ പുറത്തുവന്നത്. എം എല്‍ എമാര്‍ക്ക് കൈക്കൂലി വാഗ്ദാനം ചെയ്ത സംഭവത്തില്‍ ബി ജെ പിക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കോണ്‍ഗ്രസ് പുറത്തുവിട്ട ശബ്ദരേഖ അനുസരിച്ച് ക്രോസ് വോട്ട് ചെയ്താലും എം എല്‍ എമാരെ അയോഗ്യരാക്കില്ലെന്ന് പാട്ടീലിന് ബി ജെ പി നേതാവ് ഉറപ്പുനല്‍കുന്നുണ്ട്. പേടിക്കേണ്ട. ഇനി തിരഞ്ഞെടുപ്പ് ഉണ്ടാകില്ല. സ്പീക്കറെ തിരഞ്ഞെടുത്ത് ഭൂരിപക്ഷം തെളിയിക്കുമെന്നും ഫോണ്‍ സംഭാഷണത്തില്‍ ബി ജെ പി നേതാവ് അവകാശപ്പെടുന്നു. ആന്ധ്രയിലെയും തെലങ്കാനയിലെയും പോലെ എം എല്‍ എമാരെ അയോഗ്യരാക്കില്ലെന്നും ഉറപ്പുനല്‍കുന്നുണ്ട്. ബി ജെ പി ദേശീയ ജനറല്‍ സെക്രട്ടറി മുരളീധര്‍ റാവു ഒരു എം എല്‍ എയോട് സംസാരിക്കുന്നതിന്റെ സംഭാഷണ ശകലങ്ങളും ഇതിനൊപ്പം പുറത്തുവന്നു. വിശ്വാസ വോട്ടില്‍ ജയിക്കാന്‍ ബി ജെ പി എല്ലാ വൃത്തിക്കെട്ട കളികളും നടത്തിയതായി ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് വി എസ് ഉഗ്രപ്പയും രംഗത്തെത്തി. എം എല്‍ എമാരുടെ ഭാര്യമാരെയാണ് ബി ജെ പി സ്വാധീനിക്കാന്‍ ശ്രമിച്ചത്. ഇതുവഴി എം എല്‍ എമാരെ എളുപ്പത്തില്‍ ബി ജെ പി പാളയത്തിലെത്തിക്കാനാണ് ബി ജെ പി നീക്കം നടത്തിയതെന്നും ഉഗ്രപ്പ പറഞ്ഞു.
ജനാര്‍ദന റെഡ്ഢി തങ്ങളുടെ നേതാക്കളെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും ഉഗ്രപ്പ ആരോപിച്ചിരുന്നു. യെദ്യൂരപ്പയുടെ മകന്‍ വിജയേന്ദ്ര നേരിട്ടാണ് തങ്ങളുടെ എം എല്‍ എയുടെ ഭാര്യയെ വിളിച്ചത്. യെദ്യൂരപ്പക്ക് വോട്ട് ചെയ്യണമെന്ന് അഭ്യര്‍ഥിക്കാനായിരുന്നു ഫോണ്‍ വിളി. മോഹനവാഗ്ദാനങ്ങളും നല്‍കി.

പതിനഞ്ച് കോടി രൂപയോ അതല്ലെങ്കില്‍ മന്ത്രിസ്ഥാനമോ നല്‍കാന്‍ തയ്യാറാണെന്ന് വിജയേന്ദ്ര ഇവരോട് പറഞ്ഞു. ഇതിന്റെ തെളിവുകളുണ്ടെന്ന് ഉഗ്രപ്പ വ്യക്തമാക്കി. നേരത്തെ അഞ്ച് കോടിയും മന്ത്രിസ്ഥാനവും എം എല്‍ എക്ക് വിജയേന്ദ്ര വാഗ്ദാനം ചെയ്യുന്ന ഓഡിയോ ക്ലിപ്പ് കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു. കോണ്‍ഗ്രസ്- ജെ ഡി എസ്. എം എല്‍ എമാരെ ചാക്കിട്ട് പിടിക്കാന്‍ ബി ജെ പി ശ്രമിച്ചുവെന്ന വാദത്തിന് ബലം പകരുന്നതാണ് ഈ സംഭാഷണങ്ങളെല്ലാം.
സഭയില്‍ നിന്ന് വിട്ടുനിന്ന രണ്ട് കോണ്‍ഗ്രസ് എം എല്‍ എമാരെ അവസാന മണിക്കൂറിലാണ് ബെംഗളൂരുവിലെ ഹോട്ടല്‍ മുറിയില്‍ കണ്ടെത്തിയത്. പ്രതാപ് ഗൗഡ പാട്ടീല്‍, ആനന്ദ് സിംഗ് എന്നീ എം എല്‍ എമാരെയാണ് ബെംഗളൂരുവിലെ ഗോള്‍ഡ് ഫിഞ്ച് എന്ന ആഡംബര ഹോട്ടലിലെ മുറിയില്‍ കണ്ടെത്തിയത്. കോണ്‍ഗ്രസ് നേതാക്കളായ രേവണ്ണ, ഡി കെ ശിവകുമാര്‍ എന്നിവര്‍ ഹോട്ടല്‍ മുറിയിലെത്തി എം എല്‍ എമാരെ അനുനയിപ്പിക്കുകയായിരുന്നു.