മോദി-അമിത് ഷാ തന്ത്രത്തിനേറ്റ തിരിച്ചടി

Posted on: May 20, 2018 11:37 am | Last updated: May 20, 2018 at 11:37 am

ന്യൂഡല്‍ഹി: ഏത് വിധേനയും അധികാരം പിടിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയെന്ന ബി ജെ പി ദേശീയ നേതൃത്വത്തിന്റെ രാഷ്ട്രീയ നയത്തിനേറ്റ കനത്ത തിരിച്ചടിയാണ് കര്‍ണാടകത്തില്‍ ഇന്നലെ സംഭവിച്ചത്. ബി ജെ പിയുടെ ദേശീയ അധ്യക്ഷ സ്ഥാനം ഏറ്റെടുത്തതിന് ശേഷം നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും മോദി- അമിത് ഷാ കൂട്ടുകെട്ട് നടപ്പാക്കിയിരുന്ന രാഷ്ട്രീയ തന്ത്രത്തിനേല്‍ക്കുന്ന ആദ്യ തിരച്ചടിയാണ് കര്‍ണാടകയിലേത്. ബി ജെ പിക്ക് കേവല ഭൂരിപക്ഷമില്ലെങ്കിലും മറ്റു മുന്നണികളിലെ ചെറുകക്ഷികളെ അടര്‍ത്തിയെടുക്കുകയോ കുതിരക്കച്ചവടം വഴി എം എല്‍ എമാരെ വരുതിയിലാക്കുകയോ ചെയ്യുക എന്നതാണ് കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ ബി ജെ പി ദേശീയ നേതൃത്വം പ്രയോഗിച്ച് പോന്നിരുന്നത്. ഗോവ, മേഘാലയ, മണിപ്പൂര്‍ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെയും ബീഹാറില്‍ മഹാസഖ്യത്തെ പൊളിച്ച് അധികാരം പിടിച്ചതും ഇതേ തന്ത്രം പ്രയോഗിച്ചായിരുന്നു. ഗുജറാത്തിലെ രാജ്യസഭാ തിരഞ്ഞെടുപ്പിലും ഈ രാഷ്ട്രീയ നാടകം കണ്ടതാണ്. എന്നാല്‍ കര്‍ണാടകയിലെത്തുമ്പോള്‍ അമിത് ഷായുടെ ഈ രാഷ്ട്രീയ തന്ത്രത്തിന് ആദ്യ തിരിച്ചടിയേല്‍ക്കുകയാണ്.

കര്‍ണാടകത്തിലും എം എല്‍ എമാരെ ചാക്കിട്ടുപിടിക്കുകയെന്ന തന്ത്രം തന്നെ പിന്തുടരാനാണ് അമിത് ഷാ നിര്‍ദേശം നല്‍കിയിരുന്നത്. തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാല അമിത് ഷാ മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ജെ ഡി എസ് -കോണ്‍ഗ്രസ് സഖ്യം സാധ്യമാകുന്നുവെന്ന് കണ്ടതോടെ അമിത് ഷാ വാര്‍ത്താ സമ്മേളനം റദ്ദാക്കി, പ്രകാശ് ജാവേദ്കര്‍, ജെ പി നദ്ദ ഉള്‍പ്പെടെയുള്ളവരെ കര്‍ണാടകത്തിലേക്ക് വിമാനം കയറ്റിവിട്ടു. എന്ത് വിലകൊടുത്തും അധികാരം പിടിക്കണെമന്നു തന്നെയായിരുന്നു ബി ജെ പിയുടെ ലക്ഷ്യമെന്ന് ഈ നേതാക്കളുടെ പ്രതികരണത്തില്‍ നിന്നും വ്യക്തമായിരുന്നു. ഇതിനായുള്ള കരുനീക്കങ്ങള്‍ തന്നെയാണ് ദേശീയ നേതൃത്വം നടത്തിയിരുന്നത്.
എന്നാല്‍, യെദ്യൂരപ്പ രാജി പ്രഖ്യാപിച്ചതിന് പിന്നാലെ നാണക്കേടിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും മോദി- അമിത്ഷാ കൂട്ടുകെട്ടിനെ രക്ഷിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ബി ജെ പി ദേശീയ നേതൃത്വം. കര്‍ണാടകത്തിലെ സംഭവവികാസങ്ങളില്‍ ദേശീയ നേതൃത്വത്തിന് ഒരു പങ്കുമില്ലെന്നും എല്ലാ വിഷയങ്ങളും കൈകാര്യം ചെയ്യാന്‍ അമിത് ഷാ യദ്യൂരപ്പയെ ഏല്‍പ്പിക്കുകയായിരുന്നുവെന്നുമാണ് ബി ജെ പി ദേശീയ വക്താവ് പ്രതികരിച്ചത്. അധികാരം പിടിച്ചുതരാമെന്ന് യെദ്യൂരപ്പയാണ് ദേശീയ നേതൃത്വത്തെ അറിയിച്ചതെന്നും ബി ജെ പി ദേശീയ നേതാക്കള്‍ക്ക് അക്കാര്യത്തില്‍ വലിയ താത്പര്യങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും ഡല്‍ഹിയിലെ ചില ബി ജെ പി നേതാക്കള്‍ പറഞ്ഞു. അതുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി യെദ്യൂരപ്പ അധികാരമേറ്റതിന് പിന്നാലെ ഒരു ആശംസ പോലും അറിയിക്കാതിരുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ബി ജെ പിയുടെ രാഷ്ട്രീയ തന്ത്രങ്ങള്‍ക്ക് അതേ നാണയത്തില്‍ കോണ്‍ഗ്രസിന് മറുപടി നല്‍കാന്‍ കഴിയുന്നുവെന്നത്‌കൊണ്ടു തന്നെ 2019 ബി ജെ പിക്ക് അത്ര എളുപ്പമാകില്ലെന്നാണ് വിലയിരുത്തല്‍. ബീഹാറിലെയും പഞ്ചാബിലെയും ഡല്‍ഹിയിലെയും നിയമസഭാ തിരഞ്ഞെടുപ്പുകളിലും ഉത്തര്‍പ്രദേശിലെ ഉപതിരഞ്ഞടുപ്പിലും ഗുജറാത്തില്‍ നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിലും മാത്രമായിരുന്നു ബി ജെ പി തന്ത്രങ്ങള്‍ക്ക് ഇടര്‍ച്ചകള്‍ സംഭവിച്ചത്. എന്നാല്‍ വിശാല പ്രതിപക്ഷ സഖ്യം ശക്തിപ്പെട്ടാല്‍ 2019 ബി ജെ പി വലിയ വെല്ലുവിളിയാകും.