മതനിരപേക്ഷവാദികളോട് കര്‍ണാടക പറയുന്നത്

കലാപവും കുതിരക്കച്ചവടവുമാണ് എക്കാലത്തും ബി ജെ പിയുടെ അധികാരം പിടിക്കാനുള്ള വഴി. കര്‍ണാടകയില്‍ ആസൂത്രിതമായ കലാപങ്ങളും വര്‍ഗീയ പ്രചാരണങ്ങളും അഴിച്ചുവിട്ടാണ് ഹിന്ദുത്വാനുകൂലമായ ധ്രുവീകരണത്തിന് അവര്‍ വഴിയൊരുക്കിയത്. മുസ്‌ലിം വിരുദ്ധതയും ജാതി വംശീയ വികാരവും ഉദ്ദീപിപ്പിച്ചെടുക്കുന്ന ആര്‍ എസ് എസിന്റെ സോഷ്യല്‍ എന്‍ജിനീയറിംഗിനെ അതിന്റെ മറുപുറം കളിച്ച് നേരിടാമെന്നാണ് കോണ്‍ഗ്രസ് കരുതിയത്. കോണ്‍ഗ്രസിന്റെ ചരിത്രപരമായ മൃദുഹിന്ദുത്വ സമീപനമാണ് കര്‍ണാടക ഫലങ്ങളിലും പ്രതിഫലിക്കുന്നത്. അങ്ങനെയാണെങ്കിലും മതനിരപേക്ഷവാദികള്‍ക്ക് ആവേശമാകുന്നതും പ്രതീക്ഷ നല്‍കുന്നതും ബി ജെ പിയെ ഒഴിവാക്കാനായി കോണ്‍ഗ്രസും ജെ ഡി എസും ഒന്നിച്ചുവെന്നതാണ്. അമിത്ഷായുടെ കുതിരക്കച്ചവടത്തെ അതിജീവിക്കാന്‍ കോണ്‍ഗ്രസ്- ജെ ഡി എസ് സഖ്യത്തിന് കഴിയണമേയെന്നാണ് രാജ്യത്തെ മതനിരപേക്ഷവാദികള്‍ ഉള്ളുരുകി ആഗ്രഹിക്കുന്നത്.
Posted on: May 18, 2018 6:00 am | Last updated: May 17, 2018 at 9:14 pm

കലാപവും കുതിരക്കച്ചവടവുമാണ് എക്കാലത്തും ബി ജെ പിയുടെ അധികാരം പിടിക്കാനുള്ള വഴി. കര്‍ണാടകയില്‍ ആസൂത്രിതമായ കലാപങ്ങളും വര്‍ഗീയപ്രചാരണങ്ങളും അഴിച്ചുവിട്ടാണ് ഹിന്ദുത്വാനുകൂലമായ ധ്രുവീകരണത്തിന് അവര്‍ വഴിയൊരുക്കിയത്. മുസ്‌ലിം വിരുദ്ധതയും ജാതി വംശീയ വികാരവും ഉദ്ദീപിപ്പിച്ചെടുക്കുന്ന ആര്‍ എസ് എസിന്റെ സോഷ്യല്‍ എന്‍ജിനീയറിംഗിനെ അതിന്റെ മറുപുറം കളിച്ച് നേരിടാമെന്ന കോണ്‍ഗ്രസ് നിലപാടുകളാണ് കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് ഫലങ്ങളില്‍ പ്രതിഫലിക്കുന്നത്. അതായത് കോണ്‍ഗ്രസിന്റെ ചരിത്രപരമായ മൃദുഹിന്ദുത്വ സമീപനമാണ് കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് ഫലങ്ങളിലും ആവര്‍ത്തിക്കപ്പെടുന്നതെന്ന കാര്യം മതനിരപേക്ഷ ശക്തികള്‍ ഗൗരവാഹമായി കാണേണ്ടതാണ്.

അങ്ങനെയാണെങ്കിലും മതനിരപേക്ഷവാദികള്‍ക്ക് ആവേശമാകുന്നതും പ്രതീക്ഷ നല്‍കുന്നതും ബി ജെ പിയെ ഒഴിവാക്കാനായി കോണ്‍ഗ്രസും ജെ ഡി എസും ഒന്നിച്ചുവെന്നതാണ്. ബി ജെ പിയുടെ ഗോവ, മണിപ്പൂര്‍, മേഘാലയ തന്ത്രങ്ങളെ സമര്‍ഥമായി മറികടക്കാനുള്ള നീക്കങ്ങളാണ് എ ഐ സി സി നേതൃത്വം നടത്തിയത്. ഇത് തീര്‍ച്ചയായും അഭിനന്ദനീയമായ രാഷ്ട്രീയ നീക്കമായി തന്നെ കാണണം. കലാപങ്ങളും കുതിരക്കച്ചവടവും നടത്തി രാഷ്ട്രീയ അധികാരം പിടിക്കാനുള്ള സംഘ്പരിവാറിന്റെ ആസൂത്രിത നീക്കങ്ങളെ പ്രതിരോധിക്കുകയെന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാവിയെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ ഒരു ഉത്തരവാദിത്വമായി മതനിരപേക്ഷ ജനാധിപത്യശക്തികള്‍ കാണേണ്ടതുണ്ട്. അതാണ് കര്‍ണാടക തിരഞ്ഞെടുപ്പ് നല്‍കുന്ന രാഷ്ട്രീയ പാഠവും.

സംഘ്പരിവാറിന്റെ ചരിത്രമെന്നത് കലാപങ്ങളിലൂടെയും വര്‍ഗീയ സംഘര്‍ഷങ്ങളിലൂടെയും ഹിന്ദുത്വ ധ്രുവീകരണം സൃഷ്ടിക്കാനുള്ള രക്തപങ്കിലമായ പ്രവര്‍ത്തനങ്ങളുടേതാണ്. കൊളോണിയല്‍ കാലഘട്ടത്തിലും സ്വാതന്ത്ര്യാനന്തരവും തങ്ങളുടെ വളര്‍ച്ചക്ക് കലാപങ്ങളെ ഇന്ധനമാക്കിയവരാണ് ആര്‍ എസ് എസുകാര്‍. 1947ല്‍ ഇന്ത്യയെയും പാക്കിസ്ഥാനെയും രൂപപ്പെടുത്തിയ വിഭജനവാദത്തിന്റെ ആസൂത്രണത്തിലും വികാസപരിണാമങ്ങളിലും ഹിന്ദുമഹാസഭക്കും ആര്‍ എസ് എസിനും അനിഷേധ്യമായ പങ്കാണുള്ളത്. സ്വാതന്ത്ര്യാനന്തരം ഇന്ത്യയില്‍ നടന്ന ആയിരക്കണക്കായ വര്‍ഗീയകലാപങ്ങളെക്കുറിച്ച് അനേ്വഷിച്ച ജുഡീഷ്യല്‍ കമ്മീഷനുകളെല്ലാം ഈ വസ്തുത രേഖപ്പെടുത്തിയിട്ടുണ്ട്.

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അപചയത്തെ ഉപയോഗപ്പെടുത്തി സംഘ്പരിവാര്‍ കേന്ദ്രാധികാരത്തിലേക്ക് വിവിധ സംസ്ഥാനങ്ങളിലെ അധികാരം പിടിക്കുന്നതിലേക്ക് എത്തിയത് ഹിന്ദുത്വ ധ്രുവീകരണത്തിനാവശ്യമായ വര്‍ഗീയകലാപങ്ങളിലൂടെയാണ്. പാര്‍ലിമെന്ററി ജനാധിപത്യത്തിന്റെ തിരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള സാധ്യതകള്‍ ഉപയോഗിച്ച് തങ്ങളുടെ ഫാസിസ്റ്റ് രാഷ്ട്രീയത്തെ യാഥാര്‍ഥ്യമാക്കാനുള്ള കുത്സിത നീക്കങ്ങളാണ് ആര്‍ എസ് എസിന്റെ രാഷ്ട്രീയമുഖമായ ബി ജെ പി നടത്തിക്കൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളിലെ നേതാക്കളെയും തിരഞ്ഞെടുക്കപ്പെട്ട എം എല്‍ എമാരെയും കൂട്ടത്തോടെ വിലക്കെടുക്കുന്നതുള്‍പ്പെടെ അങ്ങേയറ്റം അധാര്‍മികമായ രാഷ്ട്രീയ നീക്കങ്ങളാണ് ബി ജെ പി അധ്യക്ഷന്‍ അമിത്ഷാ, മോദി ഭരണത്തിന്‍കീഴില്‍ നിരന്തരമായി നടത്തിക്കൊണ്ടിരിക്കുന്നത്.

ഇപ്പോള്‍ കര്‍ണാടകയില്‍ ബി ജെ പിയുടെ രാഷ്ട്രീയ മോഹങ്ങള്‍ക്ക് വലിയ തിരിച്ചടി നല്‍കിക്കൊണ്ടാണ് കോണ്‍ഗ്രസ്- ജെ ഡി എസ് സഖ്യം നിലവില്‍ വന്നിരിക്കുന്നത്. കേന്ദ്ര ഭരണത്തിന്റെ സര്‍വ സൗകര്യങ്ങളും കോര്‍പറേറ്റ് പണവും ഉപയോഗിച്ചാണ് കര്‍ണാടകയില്‍ ബി ജെ പി അധികാരം പിടിക്കാനായി തിരഞ്ഞെടുപ്പ് പോരാട്ടം നടത്തിയത്. കടുത്ത മുസ്‌ലിം വിരുദ്ധതയും ജാതി വംശീയ വികാരങ്ങളും വിജ്രംഭിച്ചെടുത്താണ് ബി ജെ പി നേതാക്കള്‍ പ്രചാരണം നടത്തിയത്. കോണ്‍ഗ്രസ് ഇതിന്റെ മറുപുറമാണ് കളിച്ചത്.

സംഘ്പരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ദക്ഷിണേന്ത്യയിലെ പരീക്ഷണ ഭൂമിയാണ് കര്‍ണാടക. വര്‍ഗീയ രാഷ്ട്രീയവും മാഫിയ ക്രിമിനല്‍ താത്പര്യങ്ങളുമാണ് സംഘ്പരിവാറിനെ കര്‍ണാടകയില്‍ നിര്‍ണയിക്കുന്നതു തന്നെ. ബിജെ പി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ അവതരിപ്പിച്ചതുതന്നെ അഴിമതി കേസുകളില്‍ ജയിലില്‍ കിടക്കേണ്ടിവന്നിട്ടുള്ള യദ്യൂരപ്പയെയായിരുന്നല്ലോ. കോണ്‍ഗ്രസും ബിജെ പിയും ഒരേപോലെ എല്ലാ ജനകീയ പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് ശ്രമിച്ചത്. രണ്ടുകൂട്ടരും ഹിന്ദുത്വത്തിന്റെ ജാതിക്കളത്തില്‍ കളിക്കുകയായിരുന്നു. ഇന്ത്യയിലെ രൂക്ഷമാകുന്ന കാര്‍ഷിക പ്രതിസന്ധിയുടെ പ്രധാനമേഖലയാണ് കര്‍ണാടക സംസ്ഥാനം. പഴയ തെലങ്കാനയുടെ ഭാഗമായ തെക്കന്‍ കര്‍ണാടക ഇന്ത്യയില്‍ ഏറ്റവും ദരിദ്രമായ ജനങ്ങള്‍ അധിവസിക്കുന്ന പ്രദേശമാണ്.

1990കളില്‍ ആരംഭിച്ച നവലിബറല്‍ നയങ്ങളുടെ ആഘാതം വലിയരീതിയില്‍ ഏറ്റുവാങ്ങിയ സംസ്ഥാനമാണ് കര്‍ണാടക. കാര്‍ഷിക മേഖലയില്‍ കോര്‍പറേറ്റ് വത്കരണവും പാട്ടക്കൃഷിയും കമ്പനി കൃഷിയുമൊക്കെ പരീക്ഷിക്കപ്പെട്ട സംസ്ഥാനം. കാര്‍ഗില്‍ ഇന്‍ കോര്‍പറേറ്റ്, മോണ്‍സാന്റോ തുടങ്ങിയ അമേരിക്കന്‍ അഗ്രിബിസിനസ് കമ്പനികളുടെ പരീക്ഷണഭൂമിയായി കര്‍ണാടകയെ കോണ്‍ഗ്രസ് സര്‍ക്കാറുകളും മാറിഭരിച്ച മറ്റ് സര്‍ക്കാറുകളും അധഃപതിപ്പിച്ചു. നഞ്ചുണ്ട സ്വാമിയെ പോലുള്ളവരുടെ നേതൃത്വത്തില്‍ ആഗോളവത്കരണ നയങ്ങള്‍ക്കെതിരായി ഏറ്റവും ശക്തമായ പ്രതിരോധവും കര്‍ണാടകയിലാണ് ഉയര്‍ന്നുവന്നത്.

കോണ്‍ഗ്രസ് വിരുദ്ധ രാഷ്ട്രീയ വികാരങ്ങളെ മുതലെടുത്തും കടുത്ത വര്‍ഗീയവത്കരണം നടത്തിയുമാണ് ബി ജെ പി കര്‍ണാടകയില്‍ സ്വാധീനമുറപ്പിച്ചത്. റിപ്പബ്ലിക് ഓഫ് ബെല്ലാരി എന്ന് സുപ്രീംകോടതി തന്നെ സൂചിപ്പിച്ച ഖനന മാഫിയ വാഴ്ചക്ക് പിറകിലും ബി ജെ പിയായിരുന്നു. ബെല്ലാരിയില്‍ മാഫിയ സഹോദരങ്ങള്‍ ഇപ്പോഴും ബി ജെ പിയുടെ നേതാക്കളാണ്. ആദ്യകാല കോണ്‍ഗ്രസുകാരായിരുന്ന ബെല്ലാരി മാഫിയ ബി ജെ പിയിലേക്ക് മാറുകയായിരുന്നു.

കര്‍ണാടകയില്‍ കടുത്ത വര്‍ഗീയവത്കരണവും അസഹിഷ്ണുതയും വ്യാപകമായ രീതിയില്‍ വളര്‍ത്തിയെടുത്തുകൊണ്ടാണ് സംഘ്പരിവാര്‍ ഭൂരിപക്ഷ മതധ്രുവീകരണം നടത്തിയത്. പ്രമോദ് മുത്തലക്കിനെപ്പോലുള്ളവര്‍ നേതൃത്വം കൊടുത്ത ശ്രീരാമസേനകളും കല്‍ബുര്‍ഗിയുടെയും ഗൗരിലങ്കേഷിന്റെ കൊലക്ക് പിന്നില്‍ പ്രവര്‍ത്തിച്ച സനാതന്‍സംസ്ത പോലുള്ള സായുധ സംഘങ്ങളും അഴിഞ്ഞാടുന്ന സാഹചര്യമാണ് ഉടനീളമുള്ളത്.

2009-ലാണല്ലോ ഹബ്ബില്‍പോയ പെണ്‍കുട്ടികളെ ആക്രമിച്ചുകൊണ്ട് ശ്രീരാമസേന അഴിഞ്ഞാട്ടം തുടങ്ങിയത്. സേനയുടെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്കും സദാചാരപോലീസിംഗിനും സര്‍വവിധ സൗകര്യങ്ങളുമൊരുക്കിക്കൊടുത്തത് സംഘ്പരിവാര്‍ നേതാക്കളായിരുന്നു. ഇത്തരം ക്രിമിനല്‍ സംഘങ്ങളെ ഉപയോഗിച്ച് വിദേ്വഷ സംസ്‌കാരം പടര്‍ത്താനാവശ്യമായ കലാപം സൃഷ്ടിക്കുകയാണ് ആര്‍ എസ് എസ് ചെയ്തത്. മുസ്‌ലിമായ ഒരാളോട് ഒരു പെണ്‍കുട്ടി സംസാരിച്ചുപോയാല്‍ വര്‍ഗീയകലാപം പൊട്ടിപ്പുറപ്പെടുന്ന അത്യന്തം സ്‌തോഭജനകമായ സ്ഥിതിവിശേഷമാണ് ഹിന്ദുത്വതീവ്രവാദ സംഘങ്ങളിലൂടെ ബി ജെ പി സൃഷ്ടിച്ചെടുത്തത്.

ഹിന്ദുത്വ വര്‍ഗീയതയുടെ ഭീഷണിക്കും നരേന്ദ്ര മോദിയെപോലെ വംശഹത്യയുടെ ചോരക്കറപുരണ്ട ഒരാള്‍ രാഷ്ട്രനേതൃത്വം കൈയാളുന്നതിനുമെതിരെ സംസാരിച്ചുപോയ കുറ്റത്തിനാണ് 2014-ല്‍ അനന്തമൂര്‍ത്തിയെപ്പോലുള്ള ഒരു എഴുത്തുകാരനെ ആര്‍ എസ് എസുകാര്‍ വേട്ടയാടിയത്. കല്‍ബുര്‍ഗിയെപോലെ ഒരു പണ്ഡിതനെ ഹിന്ദുരാഷ്ട്ര അഭിമാനത്തിന്റെ മിഥ്യകളെ തുറന്നുകാണിച്ച കുറ്റത്തിനാണ് വെടിയുണ്ടയുതിര്‍ത്ത് അവസാനിപ്പിച്ചുകളഞ്ഞത്. സംഘ്പരിവാറിന്റെ അസഹിഷ്ണുതക്കും കൊലപാതകരാഷ്ട്രീയത്തിനുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചുവെന്ന ഒറ്റ കുറ്റത്തിനാണ് ഗൗരിലങ്കേഷിനെ വകവരുത്തിയത്. ചേതന തീര്‍ത്ഥഹള്ളിയെപ്പോലുള്ള എഴുത്തുകാരികളെ ബലാത്സംഗം ചെയ്ത് വധിക്കുമെന്നാണ് ഭീഷണിമുഴക്കിയത്. കെ എസ് ഭഗവാനെ ഇപ്പോഴും വേട്ടയാടിക്കൊണ്ടിരിക്കുകയാണ്.

മുസ്‌ലിം അധിവാസമേഖലകളില്‍ കടുത്ത വര്‍ഗീയവത്കരണത്തിനായി നുണപ്രചാരണങ്ങളും കലാപങ്ങളും പതിവ് രീതിയാക്കുകയാണ് ആര്‍ എസ് എസ് ചെയ്തത്. ഇതിനെ പ്രതിരോധിക്കാന്‍ സിദ്ധരാമയ്യക്കും കോണ്‍ഗ്രസിനും കഴിഞ്ഞില്ലെന്നതാണ് വസ്തുത. തിരഞ്ഞെടുപ്പില്‍ ഇതൊന്നും പ്രധാന വിഷയമായി ഉന്നയിക്കാന്‍ പോലും കോണ്‍ഗ്രസ് സന്നദ്ധമായില്ല. ഹിന്ദുത്വ കാര്‍ഡിറക്കാനും ജാതി പ്രീണനം നടത്താനുമാണ് കോണ്‍ഗ്രസ് ശ്രമിച്ചത്. ലിംഗായത്ത് സമുദായത്തിന് പ്രതേ്യക മതപദവി നല്‍കി. അവരുടെ പിന്തുണ നേടാന്‍ ശ്രമിച്ച സിദ്ധാരാമയ്യക്ക് വൊക്കലിംഗ, ദളിത് ന്യൂനപക്ഷ സമുദായങ്ങള്‍ക്കിടയില്‍ നിന്നും വലിയ പ്രതിഷേധമാണ് ഏറ്റുവാങ്ങേണ്ടിവന്നത്. ദളിത് പിന്നാക്ക വിഭാഗങ്ങള്‍ കോണ്‍ഗ്രസിനെ കൈവിട്ടു. വൊക്കലിംഗ സമുദായ വോട്ടുകള്‍ വിഭജിക്കപ്പെടുകയും ചെയ്തു. ലിംഗായത്ത് സമുദായത്തെ പ്രീണിപ്പിക്കാനുള്ള സിദ്ധരാമയ്യയുടെ തന്ത്രം ദയനീയമായി പാളി. ലിംഗായത്തുകള്‍ എക്കാലത്തും ബി ജെപിയുടെ വോട്ടുബേങ്കായിരുന്നു. രാഹുല്‍ഗാന്ധിയും സിദ്ധരാമയ്യയും ലിംഗായത്ത് മഠാധിപതികളുടെ പിന്തുണ വോട്ടാകുമെന്ന് തെറ്റായി കണക്കുകൂട്ടുകയായിരുന്നു.

മൃദുഹിന്ദുത്വവും പ്രാദേശികവാദവുമാണ് കോണ്‍ഗ്രസ് നേതാക്കളെ നയിച്ചത്. എന്നാല്‍ നരേന്ദ്ര മോദിയും അമിത്ഷായും കടുത്ത ഹിന്ദുത്വവും കന്നഡ വികാരവും ഉദ്ദീപിപ്പിക്കുന്ന പ്രചാരണമാരംഭിച്ചതോടെ കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സ്വാധീനത്തിലുള്ള എല്ലാ വിഭാഗങ്ങളും ബി ജെ പിക്ക് അനുകൂലമാകുകയായിരുന്നു. 1948ലെ പാക്കിസ്ഥാനുമായുള്ള യുദ്ധത്തില്‍ ഇന്ത്യന്‍ പട്ടാളത്തെ നയിച്ച ജനറല്‍ തിമ്മയ്യയോട് നെഹ്‌റുവും വികെ കൃഷ്ണ മേനോനും നീതിപാലിച്ചില്ല എന്നതുള്‍പ്പെടെ ചരിത്രവിരുദ്ധമായ നുണപ്രചാരണങ്ങള്‍ പ്രധാനമന്ത്രി തന്നെ ആരംഭിച്ചതോടെ കന്നഡ വികാരവും ഹിന്ദുത്വ വര്‍ഗീയതയും ഒന്നുചേരുന്ന സാഹചര്യമാണ് രൂപപ്പെട്ടത്.

അമിത്ഷായുടെ കുതിരക്കച്ചവടത്തെ അതിജീവിക്കാന്‍ കോണ്‍ഗ്രസ്- ജെ ഡി എസ് സഖ്യത്തിന് കഴിയണമേയെന്നാണ് രാജ്യത്തെ മതനിരപേക്ഷവാദികള്‍ ഉള്ളുരുകി ആഗ്രഹിക്കുന്നത്. കര്‍ണാടകയില്‍ നിന്നുവരുന്ന റിപ്പോര്‍ട്ടുകള്‍ ആശങ്കയുണര്‍ത്തുന്നതാണ്. ലിംഗായത്തുകാരായ എം എല്‍ എമാരെ കോണ്‍ഗ്രസില്‍ നിന്ന് അടര്‍ത്തിയെടുത്ത് ഭൂരിപക്ഷമുണ്ടാക്കാനുള്ള നീക്കമാണ് ബി ജെ പി നടത്തിക്കൊണ്ടിരിക്കുന്നത്. ഇത് ബി ജെ പിക്ക് സാധിക്കുന്നത് കോണ്‍ഗ്രസ് തുടര്‍ന്നുവന്ന മൃദുഹിന്ദുത്വ നിലപാടുകള്‍മൂലമാണെന്ന കാര്യം തിരിച്ചറിയപ്പെടാതെ പോകരുത്. സംഘ്പരിവാറിനെ പ്രത്യയശാസ്ത്രപരമായി എതിര്‍ക്കാനും ബി ജെ പിയുടെ നവലിബറല്‍ നയങ്ങളെ തള്ളിപ്പറയാനും കോണ്‍ഗ്രസ് നേതൃത്വം ഇപ്പോഴും തയ്യാറായിട്ടില്ല.

തങ്ങള്‍ തുടങ്ങിവെച്ച നവലിബറല്‍ നയങ്ങളിലൂടെയാണ് ഹിന്ദുത്വരാഷ്ട്രീയം വളരുന്നതെന്ന് ഇനിയെങ്കിലും മനസ്സിലാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ബി ജെ പി ഉയര്‍ത്തുന്ന ഫാസിസ്റ്റ് ഭീഷണിക്കെതിരായ ദേശീയതലത്തിലുള്ള മതനിരപേക്ഷ ജനാധിപത്യശക്തികളുടെ ഐക്യത്തിന് എന്തെങ്കിലും സംഭാവന ചെയ്യാന്‍ കോണ്‍ഗ്രസിന് കഴിയൂ. ബി ജെ പിയുടെ കൗടില്യത്തെയും അധാര്‍മികമായ രാഷ്ട്രീയത്തെയും പ്രതിരോധിക്കാന്‍ കറകളഞ്ഞ മതനിരപേക്ഷ ജനാധിപത്യ നിലപാടുകള്‍ സ്വീകരിച്ചുകൊണ്ടേ കഴിയൂ. ഇതാണ് ഇന്ന് രാജ്യം ആവശ്യപ്പെടുന്നത്.